മുംബൈ: ഐപിഎല്ലിൽ തൊട്ടതെല്ലാം പിഴയ്ക്കുന്ന അവസ്ഥയിൽ നിൽക്കുന്ന മുംബൈ ഇന്ത്യൻസ് താരങ്ങൾ തമ്മിലുള്ള ഉടക്കും ചർച്ചയാകുന്നു. മത്സരത്തിനിടെ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ നടത്തുന്ന ഫീൽഡിങ് സെറ്റിങിനെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. മത്സര ശേഷം ഹർദിക് പാണ്ഡ്യ സഹ താരങ്ങളെ കുറ്റപ്പെടുത്തിയും സംസാരിച്ചു.
ജസ്പ്രിത് ബുംറ പന്തെറിയുന്ന സമയത്ത് ഹർദിക് വരുത്തിയ ഫീൽഡിങ് മാറ്റത്തിൽ ബുംറ അതൃപ്തി പ്രകടിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പഞ്ചാബിനെതിരായ പോരാട്ടത്തിലാണ് സംഭവം. പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ മിന്നും ഫോമിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഹർദിങ് ഫീൽഡിങിൽ മാറ്റം വരുത്തി പരീക്ഷണം നടത്തിയത്. ഇതാണ് ബുംറയെ ചൊടിപ്പിച്ചത്. ഇരുവരും തമ്മിൽ വാക് പോരുമുണ്ടായി. ഒടുവിൽ ഹർദികിന്റെ തീരുമാനത്തിനു ബുംറ വഴങ്ങുകയായിരുന്നു.
ഡഗൗട്ടിൽ ഈ സമയത്ത് മുൻ നായകൻ രോഹിതുണ്ടായിരുന്നു. പരിക്കിനെ തുടർന്നു താരം കളിച്ചിരുന്നില്ല. രോഹിതും അസ്വസ്ഥത പ്രകടിപ്പിക്കുന്നതു കാണാം. രോഹിതിനു അരികിൽ ഇരുന്ന സൂര്യകുമാർ യാദവും മുൻ നായകനോടു എന്തോ പറയുന്നത് ദൃശ്യങ്ങളിൽ കാണാം. ഫീൽഡിങ് മാറ്റമാണ് ഇരുവരും തമ്മിൽ ചർച്ച ചെയ്തതെന്നു വ്യക്തം. പതിവിനു വിപരീതമായി ഈ സീസണിൽ ഏറെ കാലത്തിനു ശേഷം മുംബൈ വിജയിച്ചാണ് തുടങ്ങിയത്. എന്നാൽ പിന്നീട് ഒരു മത്സരവും അവർ ജയിച്ചില്ല. തുടരെ തോറ്റത് നാല് മത്സരങ്ങൾ.
പഞ്ചാബിനോടുള്ള തോൽവിക്കു പിന്നാലെയാണ് ഹർദിക് ടീം അംഗങ്ങൾക്കെതിരെ തിരിഞ്ഞത്. രൂക്ഷ വിമർശനമാണ് സഹ താരങ്ങൾക്കെതിരെ ഹർദിക് ഉയർത്തിയത്. തെറ്റായി എന്താണ് നടന്നതെന്നു താരങ്ങൾ പരിശോധിക്കണം. മോശം പ്രകടനങ്ങളിൽ ഉത്തരവാദിത്വം കാണിക്കണമെന്നും ഹർദിക് പ്രതികരിച്ചു.
മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം. ഇതോടെ പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. മുംബൈയെ അവരുടെ തട്ടകമായ വാംഖഡെയിൽ ഏറ്റവും കൂടുതൽ തവണ തോൽപ്പിക്കുന്ന ടീമെന്ന റെക്കോർഡ് ഈ മത്സരത്തിൽ പഞ്ചാബ് സ്വന്തമാക്കി. ഇത് ആറാം തവണയാണ് മുംബൈയെ പഞ്ചാബ് ഹോം മൈതാനത്ത് പരാജയപ്പെടുത്തുന്നത്. സീസണിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാത്ത ടീമെന്ന ഖ്യാതിയും ശ്രേയസ് അയ്യരും സംഘവും നിലനിർത്തി.
മുംബൈ ഉയർത്തിയ 196 റൺസെന്ന വിജയലക്ഷ്യം 16.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്. അർധസെഞ്ചറി നേടിയ ഓപ്പണർ പ്രഭ്സിമ്രാൻ സിങ്, ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിന് കരുത്തായത്. പ്രഭ്സിമ്രാൻ സിങ് 39 പന്തിൽ 80 റൺസ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 35 പന്തിൽ 66 റൺസെടുത്തു. ഈ ഐപിഎൽ സീസണിൽ ശ്രേയസ്സിന്റെ തുടർച്ചയായ മൂന്നാം അർധസെഞ്ചറിയാണിത്.
ആദ്യം ബാറ്റു ചെയ്ത മുംബൈ ആറു വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസെടുത്തത്. പരിക്കുമൂലം രോഹിത് ശർമ്മ കളിച്ചില്ല. പകരമെത്തിയ ക്വിന്റൻ ഡികോക്കിന്റെ സെഞ്ചറിയും നമൻ ധിറിന്റെ അർധസെഞ്ചറിയുമാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. ഡി കോക്ക് 60 പന്തിൽ 112 റൺസെടുത്തു. മൂന്ന് വ്യത്യസ്ത ഐപിഎൽ ടീമുകൾക്കായി സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം എന്ന റെക്കോർഡും സ്വന്തമാക്കി. അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും ഒരു വിജയം മാത്രമാണ് മുംബൈ ഇന്ത്യൻസിന് നേടാനായിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates