ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16-ാം സീസൺ മാർച്ച് 31ന് തുടങ്ങും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ആദ്യ പോരാട്ടത്തിനിറങ്ങും. ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
ഒരു ടീമിന് 14 മത്സരങ്ങൾ വീതം കളിക്കാനുണ്ടാകും. 12 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. അഹമ്മദാബാദിന് പുറമെ, ലഖ്‌നൗ, ഗുവാഹത്തി, മൊഹാലി, ദില്ലി, കൊൽക്കത്ത, ജയ്‌പൂർ, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ധരംശാല എന്നിവിടങ്ങൾ ഐപിഎൽ മത്സരങ്ങൾക്ക് വേദിയാവും. 52 ദിവസങ്ങളിലായി ലീഗ് മത്സരങ്ങൾ പൂർത്തിയാകും. പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങളുടെ തീയ്യതി പുറത്തുവന്നിട്ടില്ല.
ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ 10 ടീമുകളാണ് ടൂർണമെന്റിൽ അണിനിരക്കുന്നത്. ഗ്രൂപ്പ് എയിൽ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ ടീമുകളാണ്. ചെന്നൈ സൂപ്പർ കിങ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലും.
മേയ് 21 നാണ് ലീഗിലെ അവസാന മത്സരം. ഈ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ബെംഗളൂരുവിലാണ് മത്സരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates