ദുബൈ: അന്താരാഷ്ട്ര ടി20യിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. പുരുഷ, വനിതാ ക്രിക്കറ്റിൽ 150 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ക്യാപ്റ്റനാകുന്ന ചരിത്രത്തിലെ ആദ്യ താരമായി ഹർമൻപ്രീത് കൗർ മാറി. വനിതാ ഏഷ്യാ കപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ ബദ്ധവൈരികളായ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇറങ്ങിയതോടെയാണ് ഹർമൻപ്രീത് നേട്ടത്തിലെത്തിയത്.
ശ്രീലങ്കൻ വനിതാ ടീം ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവാണ് രണ്ടാം സ്ഥാനത്ത്. 121 മത്സരങ്ങളിലാണ് താരം ടീമിനെ നയിച്ചത്. 100 മത്സരങ്ങളിൽ ക്യാപ്റ്റനായി ഓസ്ട്രേലിയയുടെ മെഗ് ലാന്നിങ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇംഗ്ലണ്ടിന്റെ ഹീതർ നൈറ്റ്, റുവാണ്ടയുടെ ഡയാൻ ബിമെൻയിമാന എന്നിവർ 96 മത്സരങ്ങളിലും ടീമിനെ നയിച്ച് പട്ടികയിൽ പിന്നാലെയുണ്ട്.
പുരുഷ ക്രിക്കറ്റിൽ ആരും ഇതുവരെ 100 ടി20 മത്സരങ്ങളിൽ നായകനായിട്ടില്ല. നമീബിയ ക്യാപ്റ്റൻ ഗെർഹാർജ് ഇറാസ്മസാണ് പുരുഷൻമാരുടെ പട്ടികയിൽ നിലവിൽ ഒന്നാമതുള്ളത്. 91 മത്സരങ്ങളിൽ അദ്ദേഹം ക്യാപ്റ്റനായി. ഇന്ത്യൻ പുരുഷ താരങ്ങളിൽ മുന്നിൽ മുൻ നായകനും ഇതിഹാസ ബാറ്ററുമായ എംഎസ് ധോനിയാണ്. 72 മത്സരങ്ങളിൽ അദ്ദേഹം ടീമിനെ നയിച്ചു. മൊത്തം പട്ടികയിൽ ധോനി ഒൻപതാം സ്ഥാനത്ത്.
ഏഷ്യാ കപ്പിൽ ബദ്ധവൈരികളായ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ മിന്നും ജയത്തോടെ ക്യാപ്റ്റന്റെ 150ാം പോരാട്ടം അവിസ്മരണീയമാക്കുകയും ചെയ്തു. പാകിസ്ഥാനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയുടെ ടോപ് സ്കോററായതും ഹർമൻപ്രീത് തന്നെ. താരം 18 റൺസുമായി പുറത്താകാതെ നിന്നു.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 56 റണ്‍സിന്റെ വിജയലക്ഷ്യം 68 പന്തുകള്‍ നില്‍ക്കെ ഇന്ത്യ മറികടന്നു. സെമിബര്‍ത്ത് നേരത്തെ ഉറപ്പാക്കിയ ഇന്ത്യ, എല്ലാ മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായാണ് മുന്നേറിയത്. സ്‌കോര്‍: പാകിസ്ഥാന്‍: 18.1 ഓവറില്‍ 55ന് പുറത്ത്, ഇന്ത്യ - 8.4 ഓവറില്‍ മൂന്നിന് 57.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates