ചണ്ഡീഗഢ്: ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഒരു കാലത്തും മായാത്ത തരത്തില്‍ തന്റെ പേര് എഴുതി ചേര്‍ത്താണ് 23ാം വയസില്‍ നീരജ് ചോപ്ര എന്ന ജാവലിന്‍ ത്രോ താരം ടോക്യോയില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയത്. അത്‌ലറ്റിക്‌സില്‍ ഒളിംപിക് മെഡലെന്ന ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനാണ് നീരജ് ഇത്തവണ ടോക്യോയില്‍ വിരാമമിട്ടത്.
ഇതിഹാസങ്ങളായ പിടി ഉഷ, മില്‍ഖാ സിങ് എന്നിവര്‍ക്ക് തലനാരിഴയ്ക്ക് നഷ്ടമായ മെഡല്‍ സ്വര്‍ണമാക്കിയാണ് നീരജിന്റെ ജൈത്രയാത്ര. മെഡല്‍ നേട്ടം മില്‍ഖയ്ക്ക് സമര്‍പ്പിച്ചും നീരജ് ശ്രദ്ധേയനായി. 37 വര്‍ഷം മുന്‍പ് നഷ്ടമായ മെഡല്‍ നീരജിലൂടെ സഫലമായതില്‍ ഉഷ സന്തോഷം പ്രകടിപ്പിച്ച് കുറിപ്പിട്ടിരുന്നു. തന്റെ നേട്ടം ഉഷ മാഡത്തിന് സന്തോഷം നല്‍കിയ കാര്യം നീരജ് എടുത്തു പറയുകയും ചെയ്തു.
അനുപമ നേട്ടത്തിന് പിന്നാലെ നീരജിന്റെ ആത്മകഥ പുറത്തിറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളും ഇപ്പോള്‍ സജീവമാണ്. സാമൂഹിക മാധ്യമങ്ങളിലാണ് നീരജിന്റെ ബയോപിക് സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുന്നത്. ഇതിനോട് പ്രതകരിച്ചിരിക്കുകയാണ് ഇപ്പോള്‍ നീരജ്.
'ജീവ ചരിത്രത്തെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടു പോലുമില്ല. എന്റെ ശ്രദ്ധ പൂര്‍ണമായും ഗെയിമില്‍ തന്നെ നിലനിര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ജാവലിന്‍ പോരാട്ടത്തില്‍ വിരമിക്കുമ്പോള്‍ മാത്രം ചിന്തിക്കേണ്ട കാര്യങ്ങളാണ് ഇതെല്ലാം. ഒരു അത്‌ലറ്റ് കളത്തില്‍ സജീവമായി നില്‍ക്കുന്ന കാലത്ത് ജീവചരിത്രമൊന്നും പുറത്തു വരരുത് എന്നാണ് എന്റെ കാഴ്ചപ്പാട്. തത്കാലം ഞാന്‍ എന്റെ കളിയില്‍ ശ്രദ്ധിക്കട്ടെ'- നീരജ് നിലപാട് വ്യക്തമാക്കി.
ആദ്യ രണ്ട് ശ്രമങ്ങളില്‍ തന്നെ 87 മീറ്ററിനപ്പുറം ജാവലിന്‍ പായിച്ചാണ് ടോക്യോയില്‍ നീരജ് പുതിയ ചരിത്രം എഴുതിയത്. ആദ്യ ശ്രമത്തില്‍ 87.3 മീറ്റര്‍ എറിഞ്ഞ നീരജ് രാണ്ടാം ശ്രമത്തില്‍ 87.58 മീറ്ററും എറിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates