ന്യൂഡൽഹി: ടോക്യോ ഒളിംപിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടി ചരിത്രമെഴുതിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം നേടിയ അഭിനവ് ബിന്ദ്ര, ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള പ്രമുഖർ അഭിനന്ദനവുമായി രംഗത്തെത്തി.
നീരജിന്റേത് ചരിത്ര നേട്ടമാണ്. രാജ്യത്തിന് സ്വർണ മെഡൽ സമ്മാനിച്ച നീരജിന്റെ പ്രകടനം എക്കാലവും ഓർക്കപ്പെടും- പ്രധാനമന്ത്രി അഭിനന്ദിച്ചു.
നീരജിന്റെ മെഡൽ നേട്ടം രാജ്യത്തെ യുവാക്കൾക്ക് വലിയ പ്രചോദനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. നീരജിന്റെ ജാവലിൻ തടസങ്ങൾ തകർത്ത് രാജ്യത്തിനായി ചരിത്രം സൃഷ്ടിച്ചു. പങ്കെടുത്ത ആദ്യ ഒളിംപിക്‌സിൽ തന്നെ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേടാൻ നീരജിന് സാധിച്ചു. രാജ്യം വലിയ ആഹ്ലാദത്തിലാണ്- രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ ഗോൾഡൻ ബോയ് എന്നാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ നീരജിനെ വിശേഷിപ്പിച്ചത്. നീരജിന്റെ പേര് ചരിത്ര പുസ്തകങ്ങളിൽ സുവർണ ലിപികളിൽ എഴുതപ്പെടുമെന്നും അനുരാഗ് ഠാക്കൂർ ട്വീറ്റ് ചെയ്തു. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് നീരജ് രാജ്യത്തിന് നൽകിയ നേട്ടത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
രാജ്യത്തിന്റെ സ്വപ്‌നം നീരജ് യാഥാർഥ്യമാക്കിയെന്ന് അഭിനവ് ബിന്ദ്ര ട്വീറ്റ് ചെയ്തു. നീരജിന്റെ നേട്ടത്തിൽ ഏറെ അഭിമാനമെന്ന് പറഞ്ഞ അഭിനവ് ബിന്ദ്ര അദ്ദേഹത്തെ ഒളിംപിക്‌സ് സ്വർണ മെഡൽ ക്ലബിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. നീരജിന്റെ നേട്ടത്തോടെ ഇന്ത്യ കൂടുതൽ തിളങ്ങുന്നുവെന്നും എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ നോട്ടമാണിതെന്നും സച്ചിൻ ട്വീറ്റ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates