ഹൈദരാബാദ്: ഓസ്‌ട്രേലിയൻ മണ്ണിലെ ഐതിഹാസിക ടെസ്റ്റ് പരമ്പര വിജയത്തിനു പിന്നാലെ ഏതാനും ഇന്ത്യൻ താരങ്ങൾക്ക് പുതുതലമുറ മഹീന്ദ്ര ഥാർ സമ്മാനിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. പേസർമാരായ ടി നടരാജനും ശാർദുൽ ഠാക്കൂറിനും ആനന്ദ് മഹീന്ദ്ര ഥാർ സമ്മാനിച്ചത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഇപ്പോഴിതാ മുഹമ്മദ് സിറാജിനും ഥാർ സമ്മാനിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.
സിറാജ് ഐപിഎല്ലിനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബയോ ബബിളിൽ ആയതിനാൽ അദ്ദേഹത്തിന്റെ അമ്മയും സഹോദരനും ചേർന്നാണ് വാഹനം ഷോറൂമിൽ നിന്ന് ഏറ്റുവാങ്ങിയത്. ഇതിനു പിന്നാലെ ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദിയറിയിച്ച് സിറാജ് രംഗത്തെത്തി.
നിങ്ങളുടെ മനോഹരമായ സമ്മാനത്തിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്ന് മുഹമ്മദ് സിറാജ് ട്വിറ്ററിൽ കുറിച്ചു. ഈ നിമിഷത്തിൽ വാക്കുകൾ കിട്ടാതെ ഞാൻ പരാജയപ്പെടുകയാണ്. എങ്കിലും ഒരു വലിയ നന്ദി പറയുകയാണെന്ന് സിറാജ് വ്യക്തമാക്കി.
മഹീന്ദ്രയുടെ പുതുതലമുറ ഥാർ വിപണിയിൽ അവതരിപ്പിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിൽ ചരിത്ര വിജയം സ്വന്തമാക്കുന്നത്. ഈ വിജയ ശിൽപ്പികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ആറ് താരങ്ങൾക്ക് മഹീന്ദ്ര ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചത്. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസിൽ ഇന്ത്യയുടെ വിജയത്തിന് നെടുംതൂണായി പ്രവർത്തിച്ച ടീം അംഗങ്ങളായ മുഹമ്മദ് സിറാജ്, ടി നടരാജൻ, ശാർദുൽ ഠാക്കൂർ, വാഷിങ്ടൻ സുന്ദർ, ശുഭ്മാൻ ഗിൽ, നവ്ദീപ് സെയ്‌നി എന്നിവർക്കാണ് മഹീന്ദ്രയുടെ സമ്മാനം പ്രഖ്യാപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates