ചാംപ്യൻസ് ട്രോഫി കിരീടം ഫയൽ
Sports

നോക്കൗട്ട് ട്രോഫി ചാംപ്യന്‍സ് ട്രോഫി ആയി! 8 വര്‍ഷത്തെ ഇടവേള... അറിയാം ഐസിസി പോരിന്റെ നാള്‍വഴി

ടൂര്‍ണമെന്റിന്റെ ഒന്‍പതാം അധ്യായമാണ് ഇത്തവണ അരങ്ങേറുന്നത്

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റ് പദവി ഇല്ലാത്ത രാജ്യങ്ങളില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 1998 മുതലാണ് ഐസിസി ചാംപ്യന്‍സ് ട്രോഫി നോക്കൗട്ട് ടൂര്‍ണമെന്റിനു തുടക്കമിടുന്നത്. ഐസിസിയിലെ ഫുള്‍ മെമ്പര്‍ രാജ്യങ്ങളായ 9 ടീമുകളാണ് ഉദ്ഘാടന ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്കയാണ് പ്രഥമ ചാംപ്യന്‍മാരായത്. ഐസിസി നോക്കൗട്ട് ട്രോഫി എന്നാണ് ആദ്യ രണ്ട് അധ്യായങ്ങളും അറിയപ്പെട്ടത്.

2000ത്തില്‍ കെനിയയാണ് ടൂര്‍ണമെന്റിനു വേദിയായത്. ടെസ്റ്റ് പദവിയുള്ള 9 ടീമുകളും ടെസ്റ്റ് പദവിയില്ലാത്ത രണ്ട് ടീമുകളുമായിരുന്നു രണ്ടാം പതിപ്പില്‍ പങ്കെടുത്തത്. അന്ന് ടെസ്റ്റ് പദവി ലഭിക്കാത്ത ബംഗ്ലാദേശും ആതിഥേയരെന്ന നിലയില്‍ കെനിയയുമാണ് ടൂര്‍ണമെന്റ് കളിച്ചത്. ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ചാംപ്യന്‍മാരായി. 1998ലും 2000ത്തിലും നോക്കൗട്ട് ഫോര്‍മാറ്റിലായിരുന്നു.

2002ലെ മൂന്നാം അധ്യായത്തോടെയാണ് ഇന്നത്തെ പേരിലേക്ക് ടൂര്‍ണമെന്റ് എത്തുന്നത്. ഐസിസി ചാംപ്യന്‍സ് ട്രോഫി എന്നായി പോരാട്ടത്തിന്റെ പേര്.

ഇന്ത്യയാണ് വേദിയായിരുന്നത്. എന്നാല്‍ വിനോദ നികുതിയില്‍ ഇളവു വരുത്താന്‍ ഇന്ത്യ വിസമ്മതിച്ചതോടെ പോരാട്ടം ശ്രീലങ്കയിലേക്ക് മാറ്റി. ഇത്തവണ 10 ടെസ്റ്റ് രാജ്യങ്ങളും കെനിയ, നെതര്‍ലന്‍ഡ്‌സ് അസോസിയേറ്റ് ടീമുകളും പങ്കെടുത്തു. ടീമുകളെ നാല് ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിലും മൂന്ന് ടീമുകള്‍ വീതം നിര്‍ത്തിയാണ് പോരാട്ടം അരങ്ങേറിയത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റ്. നാല് ഗ്രൂപ്പിലേയും ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് സെമിയിലേക്ക് കടക്കും വിധമായിരുന്നു മത്സരക്രമം.

ഫൈനല്‍ നിശ്ചയിച്ച ദിവസം മഴ പെയ്തതിനാല്‍ പിറ്റേ ദിവസത്തേക്ക് കളി മാറ്റി. എന്നാല്‍ അന്നും മഴ വില്ലനായി. രണ്ടാമത് ബാറ്റ് ചെയ്ത ടീമിനു 25 ഓവര്‍ നഷ്ടമായി. ഇതോടെ ഫൈനലില്‍ മാറ്റുരച്ച ഇന്ത്യയും ശ്രീലങ്കയും സംയുക്ത ജേതാക്കളായി മാറി. ഇന്ത്യയുടെ ആദ്യ ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടം.

2004ല്‍ ഇംഗ്ലണ്ടിലായിരുന്നു ടൂര്‍ണമെന്റ്. പത്ത് ടെസ്റ്റ് രാജ്യങ്ങളും കെനിയ, ഏകദിന പദവി ലഭിച്ച യുഎസ്എ ടീമുകളാണ് മത്സരിച്ചത്. 2002ലെ അതേരീയില്‍ റൗണ്ട് റോബിന്‍ പോരാട്ടം. ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് കിരീടം സ്വന്തമാക്കി.

2006ല്‍ ഇന്ത്യ ആതിഥേയരായ പോരാട്ടത്തില്‍ 8 ടീമുകളായിരുന്നു. രണ്ട് ഗ്രൂപ്പുകളിലായി നാല് വീതം ടീമുകള്‍ മാറ്റുരച്ചു. രണ്ട് ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് സെമിയിലേക്ക്. വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി 2006ല്‍ ഓസ്‌ട്രേലിയ ചാംപ്യന്‍മാരായി.

2008ല്‍ ടൂര്‍ണമെന്റ് തീരുമാനിച്ചത് പാകിസ്ഥാനിലായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ ടൂര്‍ണമെന്റ് ആ വര്‍ഷം നടന്നില്ല. തൊട്ടടുത്ത വര്‍ഷം 2009ല്‍ പോരാട്ടം ദക്ഷിണാഫ്രിക്കയില്‍ വച്ച് നടത്തി. ഇത്തവണയും റാങ്കിങിലെ ആദ്യ എട്ട് ടീമുകള്‍ മാറ്റുരച്ചു. നാല് വീതം ടീമുകളുടെ രണ്ട് ഗ്രൂപ്പുകള്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകള്‍ നേരിട്ട് സെമി കളിച്ചു. ഓസ്‌ട്രേലിയ തുടരെ രണ്ടാം വട്ടവും കിരീടം സ്വന്തമാക്കി.

4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൂര്‍ണമെന്റ് വീണ്ടും അരങ്ങേറിയത്. 2013ല്‍ ഇംഗ്ലണ്ടായിരുന്നു വേദി. എട്ട് ടീമുകള്‍ തന്നെ മത്സരിച്ചു. ഫോര്‍മാറ്റ് 2009ലേത് പോലെ തന്നെ. ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ രണ്ടാം ചാംപ്യന്‍സ് ട്രോഫി കിരീട നേട്ടം ആഘോഷിച്ചു.

വീണ്ടും നാല് വര്‍ഷത്തെ ഇടവേള. ഇത്തവണയും എട്ട് ടീമുകള്‍. നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകള്‍. ഫോര്‍മാറ്റില്‍ മാറ്റമുണ്ടായിരുന്നില്ല. ഫൈനല്‍ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍. പാകിസ്ഥാന്‍ ഇന്ത്യയെ വീഴ്ത്തി തങ്ങളുടെ ആദ്യ ചാംപ്യന്‍സ് ട്രോഫി കിരീട നേട്ടം ആഘോഷിച്ചു.

9ാം അധ്യായം

ടൂര്‍ണമെന്റിന്റെ ഒന്‍പതാം അധ്യായമാണ് ഇത്തവണ അരങ്ങേറുന്നത്. 8 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പോരാട്ടം വീണ്ടും വരുന്നത്. ഈ മാസം 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് പോരാട്ടം.

മുന്‍ ചാംപ്യന്‍മാര്‍

1998- ദക്ഷിണാഫ്രിക്ക

2000- ന്യൂസിലന്‍ഡ്

2002- ഇന്ത്യ, ശ്രീലങ്ക

2004- വെസ്റ്റ് ഇന്‍ഡീസ്

2006- ഓസ്‌ട്രേലിയ

2009- ഓസ്‌ട്രേലിയ

2013- ഇന്ത്യ

2017- പാകിസ്ഥാന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT