ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിതും പാക് നായകന്‍ ബാബര്‍ അസമും ട്വിറ്റര്‍
Sports

ടി20 ലോകകപ്പ്; തുടക്കം തന്നെ കാണാം ഇന്ത്യ- പാക് ക്ലാസിക്ക്, ഞെട്ടിക്കുമോ യുഎസ്എ? ഗ്രൂപ്പ് എ സാധ്യതകള്‍

ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്ഥാന്‍, യുഎസ്എ, അയര്‍ലന്‍ഡ്, കാനഡ ടീമുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ക്രിക്കറ്റ് ചരിത്രത്തിലെ ഏക്കാലത്തേയും വലിയ പോരാട്ടം ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ കാണാം. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് എയിലാണ് ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. ഒപ്പം ക്രിക്കറ്റ് ലോകത്ത് മേല്‍വിലാസം ഉണ്ടാക്കാന്‍ ഒരുങ്ങുന്ന മറ്റ് മൂന്ന് ടീമുകളും ചേരുമ്പോള്‍ ഗ്രൂപ്പ് എ പോരാട്ടം കനക്കും.

ഇന്ത്യ, പാകിസ്ഥാന്‍, കാനഡ, അയര്‍ലന്‍ഡ്, ആതിഥേയരായ യുഎസ്എ ടീമുകളാണ് ഗ്രൂപ്പ് എയില്‍ മാറ്റുരയ്ക്കുന്നത്. ഫേവറിറ്റ് ഇന്ത്യ തന്നെ. 20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. അഞ്ച് ടീമുകളെ വീതം നാല് ഗ്രൂപ്പുകളാക്കിയാണ് പോരാട്ടം.

ഇന്ത്യന്‍ സംഘം, സാധ്യതകള്‍

2007 ആദ്യമായി ടി20 ലോകകപ്പ് അരങ്ങേറിയപ്പോള്‍ ഇന്ത്യയാണ് കിരീടം നേടിയത്. പക്ഷേ പിന്നീട് നേട്ടമില്ല. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയതാണ് അവസാനമായി ഇന്ത്യ ഐസിസി കിരീടത്തില്‍ മുത്തമിട്ട നിമിഷം. പിന്നീടൊരു ഐസിസി കിരീവുമില്ല. ഇന്ത്യക്ക് ഇത്തവണ കിരീടത്തില്‍ കുറഞ്ഞെതൊന്നും ആശ്വാസം നല്‍കില്ല. ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ എത്തിയെങ്കിലും ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയിരുന്നു. ആ ക്ഷീണം ടി20 ലോകകപ്പ് നേടി തീര്‍ക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

പരിചയ സമ്പത്തും യുവത്വയും സന്തുലിതമാക്കിയാണ് ടീം ഇന്ത്യ കളിക്കാനെത്തുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി, ടി20 സ്‌പെഷലിസ്റ്റ് സൂര്യകുമാര്‍ യാദവ്, ലോകത്തെ ഏറ്റവും മികച്ച പേസറായ ജസ്പ്രിത് ബുംറ, പേസ് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമിലെ നിര്‍ണായക താരങ്ങള്‍.

ഇവര്‍ക്കൊപ്പം മലയാളികളുടെ അഭിമാനം സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാള്‍, കുല്‍ദീപ് യാദവ് എന്നിവരടക്കമുള്ള താരങ്ങളും ചേരുമ്പോള്‍ ഇന്ത്യയുടെ എന്‍ര്‍ജി ഹൈ ലെവലില്‍ എത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാറ്റിങില്‍ മുന്‍നിരയുടെ കരുത്താണ് നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. വിരാട് കോഹ്‌ലി ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി മിന്നും ഫോമിലാണ് നില്‍ക്കുന്നത്. രോഹിത്, യശസ്വി, സഞ്ജു, ഋഷഭ് പന്ത് തുടങ്ങിയവരെല്ലാം ഫോമില്‍ തന്നെ.

ഹര്‍ദികിനൊപ്പം രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരാണ് മറ്റ് ഓള്‍ റൗണ്ടര്‍മാര്‍. ഇവരുടെ സാന്നിധ്യം ടീമിന്റെ വൈവിധ്യം കാണിക്കുന്നു. കുല്‍ദീപിനൊപ്പം യുസ്‌വേന്ദ്ര ചഹലാണ് ഇന്ത്യയുടെ പ്രധാന സ്പിന്നര്‍. ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങുമാണ് പേസ് ഡിപ്പാര്‍ട്‌മെന്റില്‍.

ബുംറ... എക്‌സ് ഫാക്ടര്‍

പേസ് ബൗളര്‍ ബുംറയാണ് മറ്റ് ടീമുകളില്‍ നിന്നു ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത്. പരിക്കേറ്റ് ദീര്‍ഘ നാള്‍ പുറത്തിരുന്ന ശേഷമാണ് സമീപ കാലത്ത് ബുംറ ടീമില്‍ തിരിച്ചെത്തിയത്. ഏകദിന ലോകകപ്പിലും പിന്നാലെ ഐപിഎല്ലിലും താരം 20 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് മോശം ഫോമില്‍ കളിച്ചപ്പോഴും ബുംറയുടെ പേസ് എതിരാളികളെ വെള്ളം കുടിപ്പിക്കുന്നുണ്ടായിരുന്നു. താരത്തിന്റെ യോര്‍ക്കറുകളും വൈവിധ്യം നിറഞ്ഞ ഡെലിവറികളുമാണ് ഇന്ത്യയുടെ മുന്നോട്ടു പോക്ക് കാര്യമായി നിര്‍ണയിക്കുക.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്.

ഇന്ത്യയുടെ പോരാട്ടങ്ങള്‍

ജൂണ്‍ 5- എതിരാളികള്‍ അയര്‍ലന്‍ഡ്

ജൂണ്‍ 9- എതിരാളികള്‍ പാകിസ്ഥാന്‍

ജൂണ്‍ 12- എതിരാളികള്‍ യുഎസ്എ

ജൂണ്‍ 15- എതിരാളികള്‍ കാനഡ

പാകിസ്ഥാന്‍

ഗ്രൂപ്പില്‍ പാകിസ്ഥാനാണ് ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുക. അവരും കിരീടം പ്രതീക്ഷിക്കുന്നു. ഗാരി കേസ്റ്റനെ പരിശീലകനാക്കി എത്തിച്ചാണ് പാകിസ്ഥാന്‍ ലോകകപ്പിനെത്തുന്നത്. ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള ടീം പരിചയ സമ്പത്തും യുവത്വവും കലര്‍ത്തിയാണ് ടീമിനെ ഒരുക്കിയിരിക്കുന്നത്. ഹാര്‍ഡ് ഹിറ്റര്‍മാരുടെ സംഘവും അവര്‍ക്ക് അധികം ബലം നല്‍കുന്നു. മുഹമ്മദ് ആമിര്‍ അടക്കമുള്ള വെറ്ററന്‍ താരങ്ങളും ടീമിലുണ്ട്.

അയര്‍ലന്‍ഡ്, യുഎസ്എ, കാനഡ

ലോക ക്രിക്കറ്റില്‍ ഇന്ത്യയടക്കമുള്ള ടീമുകളെ നേരിട്ടവരാണ് അയര്‍ലന്‍ഡ്. ടി20യില്‍ മോശമല്ലാത്ത പ്രകടനങ്ങളും അവര്‍ക്കുണ്ട്. വെറ്ററന്‍ പോള്‍ സ്റ്റിര്‍ലിങാണ് ക്യാപ്റ്റന്‍. നിര്‍ണായക താരവും സ്റ്റിര്‍ലിങ് തന്നെ.

ആതിഥേയരെന്ന നിലയിലാണ് യുഎസ്എ ലോകകപ്പ് കളിക്കുന്നത്. കന്നി പ്രവേശമാണ് അവരുടേത്. മൊണാങ്ക് പട്ടേലാണ് യുഎസ്എയുടെ ക്യാപ്റ്റന്‍. മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കൊറി ആന്‍ഡേഴ്‌സന്‍ ഇത്തവണ അമേരിക്കക്കായി കളത്തിലിറങ്ങുന്നുണ്ട്. താരത്തിന്റെ പരിചയ സമ്പത്തും മികവും അവര്‍ക്ക് തുണയാകുമെന്നാണ് പ്രതീക്ഷ. സമീപ ദിവസങ്ങളില്‍ ബംഗ്ലാദേശിനെ വീഴ്ത്തി യുഎസ്എ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചാണ് നില്‍ക്കുന്നത് എന്നതും ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

കാനഡയും ടി20 ലോകകപ്പില്‍ നടാടെയാണ് കളിക്കാനിറങ്ങുന്നത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ കാനഡ നേരത്തെ കളിച്ചിട്ടുണ്ട്. 1979, 2003, 2007, 2011 വര്‍ഷങ്ങളിലാണ് അവര്‍ ഏകദിന ലോകകപ്പ് കളിച്ചത്. വെറ്ററന്‍ സാദ് ബിന്‍ സഫറാണ് ടീമിന്റെ ക്യാപ്റ്റന്‍. ടീമിലെ മിക്ക താരങ്ങളും 30 കഴിഞ്ഞവര്‍ തന്നെ. 30 താഴെ പ്രായമുള്ള നാല് താരങ്ങള്‍ മാത്രമേ ടീമിലുള്ളു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT