ബംഗളുരു: ഇന്ത്യ ന്യൂസീലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു. ബുധനാഴ്ച ബംഗളൂരുവില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ടോസ് പോലും ഇടാന്‍ കഴിഞ്ഞിരുന്നില്ല. മത്സരത്തിലെ ടോസും വ്യാഴാഴ്ച രാവിലെയാണ് നടക്കുക. ബുധനാഴ്ച രാവിലെ 9.30നാണു കളി തുടങ്ങേണ്ടിയിരുന്നത്. ഉച്ചയായിട്ടും മഴ തുടര്‍ന്നതോടെ ആദ്യ ദിവസത്തെ കളി വേണ്ടെന്നുവയ്ക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും കളി കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കിവീസിനെതിരായ പരമ്പരയിലെ മൂന്നുമത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അങ്ങനെയെങ്കില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍സ്ഥാനം ഏറക്കുറെ ഉറപ്പിക്കാം. പോയിന്റുപട്ടികയില്‍ മുന്നിലുള്ള ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരേ അഞ്ചുടെസ്റ്റ് മത്സരങ്ങളുണ്ട്. അടുത്തജൂണില്‍ ലണ്ടനിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
അതിനിടെയാണ് ബംഗളൂരുവില്‍ മഴ കനത്തത്. മത്സരം നടക്കേണ്ട ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി മഴപെയ്യുന്നു. ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിനല്‍കിയിട്ടുമുണ്ട്. ആദ്യ രണ്ടുദിവസം മഴ കളിമുടക്കാന്‍ സാധ്യതയേറെയാണ്.
ബംഗ്ലാദേശിനെതിരേ മഴ വില്ലനായിട്ടും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രകടനം ന്യൂസീലന്‍ഡിനെതിരെ കാഴ്ചവെക്കാന്‍ ഇന്ത്യക്ക് എളുപ്പമാവില്ല. അതുകൊണ്ടുതന്നെ മഴ വില്ലനായാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാകും.ശക്തമായ താരനിരയോടെയാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടാന്‍ പോകുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നീ സീനിയര്‍ താരങ്ങള്‍ ബംഗ്ലാദേശിനെതിരേ നിരാശപ്പെടുത്തിയിരുന്നു. കെ എല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍, ഋഷഭ് പന്ത് എന്നിവരെല്ലാം മികച്ച ഫോമിലാണ് കളിക്കുന്നത്.
ന്യൂസിലന്‍ഡില്‍ ടിം സൗത്തി നായകസ്ഥാനത്തുനിന്നു മാറിയതിന്റെ ആശങ്കകളുണ്ട്. പകരം സ്ഥാനമേറ്റെടുത്ത ടോം ലാഥത്തിന് നായകസ്ഥാനത്ത് വലിയ പരിചയസമ്പത്തില്ല. അതിനിടെ, മുന്‍നായകന്‍ കെയ്ന്‍ വില്യംസണ് പരിക്കേറ്റതും തിരിച്ചടിയായി. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 20ത്തിന് തോറ്റതും കിവീസിന്റെ ആത്മവിശ്വാസത്തെ ബാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates