കൊല്‍ക്കത്ത: തോല്‍വി എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ ഒരു തോല്‍വി! ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന പരാജയം. സ്പിന്‍ കെണിയൊരുക്കി പ്രോട്ടീസിനെ വീഴ്ത്താന്‍ ഇറങ്ങിയ ഇന്ത്യ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ആ സ്പിന്‍ കെണിയില്‍ തങ്ങള്‍ വീണുപോകുമെന്ന്. തകര്‍പ്പന്‍ ജയം സ്വന്തമാക്കാനുള്ള ഇന്ത്യയുടെ മോഹം ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ കറങ്ങി വീഴുന്ന കാഴ്ചയായിരുന്നു.
ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സിമോണ്‍ ഹാര്‍മറാണ് ഇന്ത്യയെ വീഴ്ത്തുന്നതില്‍ മുന്നില്‍ നിന്നത്. 30 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ അറിഞ്ഞത്. 124 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 93 റണ്‍സില്‍ ഓള്‍ ഔട്ടായി. 100 പോലും തികയ്ക്കാതെ, ഒന്നാം ഇന്നിങ്‌സില്‍ ലീഡെടുത്തിട്ടും ഇന്ത്യ തോറ്റു. ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ആയതിനാല്‍ 10 പേരുമായാണ് ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നത്. 9 വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ കീഴടങ്ങി. തോല്‍വിക്ക് പക്ഷേ അതൊരു കാരണമേയല്ല. ഒരു പ്രതിരോധവുമില്ലാതെ ഇങ്ങനെ കീഴടങ്ങിയതിനെ ദയനീയം എന്നേ വിശേഷിപ്പിക്കാന്‍ സാധിക്കു.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ചത്. പക്ഷേ ഇന്ത്യക്കും സ്‌കോര്‍ 200 കടത്താനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 189 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്‌സില്‍ 153 റണ്‍സില്‍ പുറത്താക്കാനും ഇന്ത്യയ്ക്കായി. എന്നാല്‍ തിരക്കഥ മറ്റൊന്നായിരുന്നു കൊല്‍ക്കത്തയില്‍.
92 പന്തുകള്‍ പ്രതിരോധിച്ച് 31 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദറും 17 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 26 റണ്‍സെടുത്ത അക്ഷര്‍ പട്ടേലും ഒഴികെ മറ്റെല്ലാ താരങ്ങളും അതിദയനീയമാം വിധം കൂടാരം കയറി. അക്കൗണ്ട് തുറക്കും മുന്‍പ് തന്നെ ഇന്ത്യക്ക് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. 1 റണ്‍ ചേര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റും വീണു. റണ്ണെടുക്കാതെ യശസ്വി മടങ്ങിയപ്പോള്‍ രാഹുല്‍ 1 റണ്‍ നേടിയാണ് പുറത്തായത്. ധ്രുവ് ജുറേല്‍ (13), രവീന്ദ്ര ജഡേജ (18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ഇന്ത്യയ്ക്ക് ടെസ്റ്റില്‍ ചെയ്‌സ് ചെയ്തു വിജയിക്കാന്‍ കഴിയാതെ പോകുന്ന രണ്ടാമത്തെ ചെറിയ സ്‌കോറാണിത്. 1997ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പോരാട്ടത്തില്‍ 120 റണ്‍സ് നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ നാണംകെട്ട തോല്‍വി കൂടിയായി ഈ മത്സരം മാറി. 2012നു ശേഷം ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ തോല്‍ക്കുന്ന ആദ്യ ടെസ്റ്റ് പോരാട്ടം കൂടിയാണിത്.
മാര്‍ക്കോ യാന്‍സനാണ് തുടക്കത്തില്‍ ഇന്ത്യയെ തകര്‍ത്തത്. പിന്നീട് മൂന്നാം വിക്കറ്റില്‍ ധ്രുവ് ജുറേലും വാഷിങ്ടന്‍ സുന്ദറും ചേര്‍ന്നു 32 റണ്‍സ് ചേര്‍ത്തപ്പോള്‍ ഇന്ത്യയ്ക്ക് ജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കൊഴിഞ്ഞു. സിമോണ്‍ ഹാര്‍മറിനെതിരെ അനാവശ്യ ഷോട്ടിനു മുതിര്‍ന്നു ജുറേല്‍ മടങ്ങിയതിനു പിന്നാലെ ഇന്ത്യയുടെ തകര്‍ച്ചയും പിന്നീട് വേഗത്തിലായി. ഋഷഭ് പന്ത് (2), കുല്‍ദീപ് യാദവ് (1), മുഹമ്മദ് സിറാജ് (0) എന്നിവര്‍ വന്നതും പോയതുമെല്ലാം പെട്ടെന്നായിരുന്നു. ഇതോടെ ഇന്ത്യയുടെ ഇന്നിങ്‌സിനും തിരശ്ശീല വീണു. ബുംറ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ഹാര്‍മര്‍ നാല് വിക്കറ്റെടുത്തപ്പോള്‍ കേശവ് മഹാരാജ്, യാന്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. എയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റും പോക്കറ്റിലാക്കി.
നേരത്തെ 30 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നലെ 91 റണ്‍സ് ചേര്‍ക്കുന്നതിനിടെ 7 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇന്ന് മത്സരം ആരംഭിച്ച് സ്‌കോര്‍ 135 ല്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയുടെ എട്ടാം വിക്കറ്റും വീണു. 25 റണ്‍സെടുത്ത കോര്‍ബിന്‍ ബോഷിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ 153 റണ്‍സില്‍ നില്‍ക്കെ ഒമ്പതാം വിക്കറ്റും വീണു. 7 റണ്‍സെടുത്ത സൈമണ്‍ ഹാമറാണ് പുറത്തായത്. സിറാജിനായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ കേശവ് മഹാരാജും സിറാജിന്റെ പന്തില്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക ഓള്‍ ഔട്ടാകുകയായിരുന്നു.
55 റണ്‍സെടുത്ത ടെംബ ബാവുമയാണ് രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. പുറത്തായവരില്‍ മൂന്നു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. റയാന്‍ റിക്കല്‍ട്ടന്‍ (23 പന്തില്‍ 11), എയ്ഡന്‍ മാര്‍ക്രം (23 പന്തില്‍ 4), വിയാന്‍ മള്‍ഡര്‍ (30 പന്തില്‍ 11), ടോണി ഡി സോര്‍സി (2 പന്തില്‍ 2), ട്രിസ്റ്റന്‍ സ്റ്റബ്സ് (18 പന്തില്‍ 5), കെയ്ല്‍ വെരെയ്ന്‍ (16 പന്തില്‍ 9), മാര്‍ക്കോ യാന്‍സനുമാണ് (16 പന്തില്‍ 13) എന്നിവരാണു പുറത്തായത്. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടും അക്ഷര്‍ പട്ടേല്‍, ബുംറ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates