ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിന് സെഞ്ചൂറിയനില്‍ ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുക. രണ്ടു ടെസ്റ്റുകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുക.
രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ നായകന്‍. ഏകദിന ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്ന മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലി, ജസ്പ്രീത് ബുമ്ര തുടങ്ങിയവര്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ടി20 പരമ്പര സമനിലയില്‍ പിടിച്ചതും ഏകദിനം 2-1 ന് നേടിയതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ഏകദിന മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണര്‍ ഋതുരാജ് ഗെയ്ക് വാദ് നാട്ടിലേക്ക് മടങ്ങി. പകരം ഓപ്പണര്‍ അഭിമന്യു ഈശ്വരനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും മടങ്ങി. പകരം കെ എസ് ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനത്തു നിന്നും ഒഴിവാക്കിയ തെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്നത്. ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ബാവുമയെ ടെസ്റ്റ് ടീം നായകസ്ഥാനത്തു മാത്രം നിലനിര്‍ത്തുകയും, ടി 20 ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തിരുന്നു.
പേസ് ബോളർമാർക്ക് ആധിപത്യം ലഭിക്കുന്ന പിച്ചായിരിക്കും സെഞ്ചൂറിയനിലേതെന്ന് കഴിഞ്ഞ ദിവസം പിച്ച് ക്യുറേറ്റർ പറഞ്ഞിരുന്നു. കഗീസോ റബാദ– ലുംഗി എൻഗിഡി– ജെറാൾഡ് കോട്സെ പേസ് ത്രയത്തിന്റെ ഫോമിലാണ് ആതിഥേയരുടെ പ്രതീക്ഷ. ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷമിയുടെ അഭാവത്തിൽ ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം പ്രസിദ്ധ് കൃഷ്ണയോ മുകേഷ് കുമാറോ ആദ്യ ഇലവനിൽ എത്തിയേക്കും.
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര ജയം എന്ന ഇന്ത്യയുടെ മോഹത്തിന് 30 വർഷത്തെ പഴക്കമുണ്ട്. 1992 മുതൽ 8 തവണ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിച്ചിട്ടുണ്ട്. ഇതിൽ ഏഴു തവണയും തോറ്റപ്പോൾ 2010–2011ൽ നടന്ന പരമ്പര സമനിലയിൽ പിരിഞ്ഞു. ഈ ചരിത്രം തിരുത്തിയെഴുതുക എന്ന ലക്ഷ്യമിട്ടാണ് രോഹിത് ശർമ്മയും സംഘവും സെഞ്ചൂറിയനിൽ കളിക്കാനിറങ്ങുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates