India 600th Test x
Sports

80ാം സ്വാതന്ത്ര്യ ദിനത്തിൽ 'ഇന്ത്യ'യ്ക്ക് 600ാം ടെസ്റ്റ് മത്സരം; ലങ്കൻ 'പരീക്ഷണം' തുടങ്ങുന്നു

ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റ് ഇന്ന് രാവിലെ 10 മുതൽ, സോണി സ്പോർട്സിലും സോണി ലിവിലും തത്സമയം കാണാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

​ഗാലെ: രാജ്യം 80ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ നിൽക്കുമ്പോൾ അയൽരാജ്യമായ ​ശ്രീലങ്കയിലെ ​ഗാലെയിൽ ഇന്ത്യ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ 600ാം ടെസ്റ്റ് പോരാട്ടത്തിന് ഇറങ്ങുകയാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ എന്ന സ്വപ്നത്തിലേക്ക് തിരിച്ചുവരവിനു ശ്രമിക്കുന്ന ഇന്ത്യ. തലമുറ മാറ്റത്തിന്റെ പാതയിലൂടെ സ്ഥിരതയിലേക്ക് വീണ്ടും തിരിച്ചെത്താൻ ശ്രമിക്കുന്ന സുഭ്മാൻ ​ഗില്ലും സംഘവും. ​ഗൗതം ​ഗംഭീറിന്റെ കീഴിലുള്ള ടെസ്റ്റ് ടീമിന്റെ ഭാവി നിർണയിക്കുന്ന നിർണായക പരമ്പര. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ഇന്ന് തുടങ്ങുമ്പോൾ ഇരു ടീമുകളും മുന്നിൽ ലക്ഷ്യം വയ്ക്കുന്നത് ഒന്ന് മാത്രം 2-0ത്തിന് പരമ്പര തൂത്തുവാരുക.

ലോക ടെസ്റ്റ് പോരാട്ടം

ന്യൂസിലൻ‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ ഹോം ടെസ്റ്റ് പരമ്പരകളിലെ ദയനീയ തോൽവികൾ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സാധ്യതകൾക്ക് കനത്ത അടിയായ പശ്ചാത്തലത്തിൽ കൂടിയാണ് ലങ്കൻ പരമ്പര. നിലവിൽ 9 ടെസ്റ്റ് പോരാട്ടങ്ങളിൽ നിന്നു 4 വീതം ജയവും തോൽവിയുമായി ഇന്ത്യ 48.15 പോയിന്റ് ശതമാനത്തിൽ അഞ്ചാം സ്ഥാനത്താണ്. ഫൈനലുറപ്പിക്കാൻ ശേഷിക്കുന്ന 9 മത്സരങ്ങളിൽ കുറഞ്ഞത് ആറോ, ഏഴോ മത്സരങ്ങൾ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ടിക്കറ്റ് കിട്ടു.

ഇന്ത്യ- ശ്രീലങ്ക

അവസാനമായി ശ്രീലങ്കയിൽ ടെസ്റ്റ് പോരാട്ടത്തിനു വരുമ്പോൾ ഇന്ത്യ സുവർണ ഘട്ടത്തിലൂടെ സഞ്ചരിക്കുന്ന റെഡ് ബോൾ സംഘമായിരുന്നു. അന്ന് അനായാസം പരമ്പരയുമായാണ് ഇന്ത്യ മടങ്ങിയത്. 2017ലെ പര്യടനം കളിച്ച ഇന്ത്യൻ ടീമിന് അന്ന്, ഇന്ത്യയേക്കാൾ ഹോം ഫീലിങ് തോന്നിയത് ശ്രീലങ്കയിലാണെന്നു പറഞ്ഞാൽ തെറ്റില്ല. പിച്ചിൽ കൂടുതൽ ബൗൺസും സ്ഥിരതയുള്ള ടേണും ലഭിച്ചതോടെ രം​ഗണ ഹെറാത്ത് അടങ്ങിയ അന്നത്തെ ശ്രീലങ്ക ടീമിനെ ഇന്ത്യൻ സ്പിന്നർമാർ വരിഞ്ഞിട്ട് ആധിപത്യം സ്ഥാപിച്ചു. എന്നാൽ നിലവിൽ ഇന്ത്യയും സമാനമല്ലെങ്കിൽ പോലും പരിവർത്തനത്തിലൂടെ പോകുന്ന ലങ്കയും ഏതാണ്ട് സമത്തിലാണെന്നു പറയാം.

ലങ്കൻ മണ്ണിൽ നാളിതുവരെ ഫേവറിറ്റ് പട്ടം കൊണ്ടുനടന്ന സന്ദർശക ടീം ഇന്ത്യയാണ്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. സ്വന്തം നാട്ടിലെ സ്പിൻ സൗഹൃദ പിച്ചിലാണ് ഇന്ത്യ കിവികളോയും പ്രോട്ടീസിനോടും അമ്പേ പരാജയപ്പെട്ടത്. അതിനാൽ തന്നെ ​ഗാലെയിൽ സ്പിൻ പിച്ചിൽ നിലവിലെ ഇന്ത്യൻ ടീം ഫേവറിറ്റുകളാണോ എന്നു ചോദിച്ചാൽ ഉത്തരം ലളിതമാണ്. അല്ല.

മുത്തയ്യ മുരളീധരനും രം​ഗണ ഹെറാത്തും ഒഴിച്ചിട്ട സർവാധിപത്യ സ്പിൻ ബൗളിങ് എന്ന തന്ത്രം പയറ്റാൻ കെൽപ്പുള്ള ഒരു താരത്തെ കിട്ടാൻ ലങ്ക ശ്രമം തുടങ്ങിയിട്ട് കുറച്ചു കാലമായി. അവർക്ക് ഇപ്പോഴും അതിന്റെ ഉത്തരം വ്യക്തമായി കിട്ടിയിട്ടില്ല. ഇന്ത്യയാകട്ടെ സ്പിൻ ബൗളിങിനെ സമർഥമായി നേരിടുന്ന ബാറ്റർമാരുടെ പടയെ തന്നെ കാലാകാലം സംഭവാന ചെയ്ത ടീമാണ്. പക്ഷേ നിലവിലെ ഇന്ത്യൻ സംഘത്തിൽ ആ പെരുമ പൂർണമായി ചാർത്തി ആർക്കും കിട്ടിയിട്ടില്ല. സ്ഥിരതയുള്ള ടെസ്റ്റ് സംഘം എന്ന നിലയിലേക്കുള്ള വളർച്ചയാണ് ഈ പരമ്പരയിലൂടെ ഇന്ത്യയും ലക്ഷ്യമിടുന്നത്.

ജഡേജ- ജയസൂര്യ

ശ്രീലങ്കയിൽ നേരത്തെ ടെസ്റ്റ് കളിച്ച് പരിചയമുള്ള ഇന്ത്യൻ സ്ക്വാഡിലെ രണ്ട് പേരിൽ ഒരാൾ രവീന്ദ്ര ജഡേജയാണ്. ആർ അശ്വിൻ വിരമിക്കുകയും മുഹമ്മദ് ഷമി ഫിറ്റല്ലാത്തതിനാൽ ടീമിൽ ഇടം പിടിക്കാതെ പോകുകയും ടീമിൽ ഇടം കിട്ടിയിട്ടും അവസാന നിമിഷം പരിക്ക് മാറാത്തതിനാൽ പരമ്പര നഷ്ടമായ ജസ്പ്രിത് ബുംറയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ലങ്കയിലെ ഇന്ത്യൻ ബൗളിങിനെ നയിക്കുന്നത് ജഡേജയാണ്. ടെസ്റ്റിൽ ഇന്ത്യയുടെ നിർണായക താരമാണ് നിലവിൽ 37കാരൻ. അതിനാൽ തന്നെയാണ് വൈറ്റ് ബോൾ ക്രിക്കറ്റിൽ താരത്തിനു അധിക അധ്വാനം നൽകാതെ മാനേജ്മെന്റ് അദ്ദേഹത്തെ കളിപ്പിക്കുന്നത്. ചുരുക്കത്തിൽ ലങ്കയിൽ ജഡേജയായിരിക്കും ഇന്ത്യയുടെ നിർണായക ശക്തി.

മുത്തയ്യയും ഹെറാത്തും ഇല്ലാത്ത ലങ്കൻ സ്പിൻ നിരയ്ക്ക് നിലവിൽ കിട്ടിയിട്ടുള്ള ഏറ്റവും മികച്ച താരം പ്രഭാത് ജയസൂര്യയാണ്. ​ഗാലെയിലെ രാജാവ് എന്നു തന്നെ വിശേഷിപ്പിക്കാൻ കെൽപ്പുള്ള താരം. കാരണം 125 ടെസ്റ്റ് വിക്കറ്റുകൾ നേടിയ ജയസൂര്യ അതിൽ 81എണ്ണവും കൊയ്തെടുത്തത് ​ഗാലെയിൽ നിന്നാണ്. നാട്ടിൽ 14 ടെസ്റ്റുകളിൽ നിന്നു 11 അഞ്ച് വിക്കറ്റ് നേട്ടങ്ങളും 2 പത്ത് വിക്കറ്റ് നേട്ടങ്ങളും നാട്ടിൽ സ്വന്തമാക്കിയ താരമാണ്. 27.26 എന്ന അദ്ദേഹത്തിന്റെ ശരാശരി മികച്ചതായിരിക്കില്ല. പക്ഷേ സ്വീകാര്യമാണ്. അതിനാൽ തന്നെ ഇന്ത്യക്ക് വെല്ലുവിളി തീർക്കാൻ കെൽപ്പുള്ള ലങ്കൻ സംഘത്തിലെ നിർണായക താരം പ്രഭാത് ജയസൂര്യ തന്നെ.

​ഗാലെ പിച്ചും കാലാവസ്ഥയും

സ്പിൻ ട്രാക്കുകൾക്ക് പേരുകേട്ട ​ഗാലെയിൽ പതിവിൽ നിന്നു വ്യത്യസ്തമായി ഇത്തവണ പിച്ചിൽ ഈർപ്പം നിലനിൽക്കാൻ സാധ്യതയുണ്ട്. മഴ വില്ലാനായി മാറാനും സാധ്യതകൾ തെളിഞ്ഞു നിൽക്കുന്നു. ആദ്യ ദിവസത്തിൽ തന്നെ 90 ശതമാനമാണ് മഴ സാധ്യത പ്രവചിക്കുന്നത്. ടോസ് നേടുന്ന ടീമിന് ആദ്യം ബാറ്റ് ചെയ്ത് വലിയ സ്കോർ പടുത്തുയർത്തുക എന്നതായിരിക്കും നിർണായകം. കടുത്ത വെല്ലുവിളികൾ ഏറെ കാത്തിരിക്കുന്ന ഇന്ത്യ ടെസ്റ്റിലെ തങ്ങളുടെ പ്രതാപം തിരികെ പിടിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ നോക്കുന്നത്.

ഇന്ത്യ സാധ്യതാ ഇലവൻ: ശുഭ്മാൻ ​ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, മാനവ് സുതർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ശ്രീലങ്ക സാധ്യതാ ഇലവൻ: ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), നിഷാൻ മധുഷ്ക, ലഹി​രു ഉദാര, ദിനേഷ് ചാൻഡിമൽ, കാമിന്ദു മെൻഡിസ്, നിരോഷൻ ഡിക് വെല്ല (വിക്കറ്റ് കീപ്പർ), സോണൽ ദിനുഷ, കേശര നുവന്ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, വിശ്വ ഫെർണാണ്ടോ.

Sri Lanka vs India, 1st Test: India's 600th Test comes at a crucial juncture in their WTC campaign

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2047ല്‍ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം ; ആ യാത്ര സഫലമാകും'; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

തുടര്‍ച്ചയായ രണ്ടാം വര്‍ഷം, സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്ന് വിട്ടുനിന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും

ഇന്തോനേഷ്യയില്‍ ഭൂചലനം; 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

ചിങ്ങമാസ പൂജ: ശബരിമലയില്‍ പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കാക്കകളെ പേടിച്ച് ഹെൽമറ്റും കുടയും കവണയുമായി നാട്ടുകാർ; പയ്യമ്പള്ളിയിൽ തലവേദനയായി 'കാക്ക വേട്ട'