'സ്പിൻ'... കെണിയും തുരുപ്പ് ​ഗുലാനും! ഇന്ത്യക്ക് 'അ​ഗ്നിപരീക്ഷ'

ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം, രാവിലെ 10 മുതൽ സോണി സ്പോർട്സിലും സോണി ലിവിലും ലൈവ്
India vs Sri Lanka captains with test trophy
India vs Sri Lanka Testx
Updated on
3 min read

​ഗാലെ: ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ കാത്തിരിക്കുന്നത് സ്പിൻ ബൗളിങിന്റെ കടുത്ത പരീക്ഷണം. ഒന്നാം ടെസ്റ്റിനു നാളെ ​ഗാലെയിൽ തുടക്കമാകുമ്പോൾ സമീപ കാലത്തെ സ്പിന്നിനെതിരായ മോശം റെക്കോർഡ് മായ്ച്ച് മികവിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ടെസ്റ്റ് ടീമിലെ തലമുറ മാറ്റത്തിന്റെ ബാലാരിഷ്ടതകൾ മാറ്റാനുള്ള മികച്ച അവസരമാണ് ഇന്ത്യൻ ബാറ്റർമാർക്കുള്ളത്. ഇന്ത്യയെ സംബന്ധിച്ച് സ്പിൻ കെണിയും നിർണായക ആയുധവുമാണ് എന്ന സ്ഥിതിയാണ്. മികച്ച സ്പിന്നർമാരെയാണ് ഇന്ത്യയും അണിനിരത്തുന്നത്.

ഈ പരമ്പര ഇന്ത്യക്ക് വളരെ നിർണായകമാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഇനിയുള്ള പോരാട്ടങ്ങളിൽ വിജയം അനിവാര്യമാണ്. നാളെ രാവിലെ 10 മുതലാണ് ഒന്നാം ടെസ്റ്റ് തുടങ്ങുന്നത്. സോണി സ്പോർട്സിൽ മത്സരം തത്സമയം കാണാം. ഓൺ ലൈനിൽ സോണി ലിവ് ആപ്പ് വഴിയും പോരാട്ടം ലൈവ് കാണാം.

India vs Sri Lanka captains with test trophy
​'ഗംഭീർ ​​ഗംഭീരമല്ലേ... അവിശ്വസനീയ വിജയങ്ങൾ നേടിയ കോച്ച്'!

ഗംഭീറിന് നിർണായകം

പരിശീലകൻ ​ഗൗതം ​ഗംഭീറിനു പരമ്പര വലിയ പരീക്ഷയാണ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ചാംപ്യൻസ് ട്രോഫി, ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് അടക്കമുള്ള കിരീടങ്ങളെല്ലാം വാരികൂട്ടാൻ ​ഗംഭീറിനും സംഘത്തിനുമായി. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കു സമീപ കാലം വരെയുണ്ടായിരുന്ന അപ്രമാദിത്വത്തിനു വലിയ ഇടിവ് സംഭവിച്ചു. മുതിർന്ന പല താരങ്ങളുടേയും വിരമിക്കലടക്കമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടാകും. ബിസിസിഐ വിലയിരുത്തിയതു പോലെ തലമുറ മാറ്റത്തിന്റെ കാലമെന്നും തിരിച്ചടിയെ വ്യാഖ്യാനിക്കാം. എന്നാൽ സ്പിന്നിനെ മികവോടെ നേരിടുന്നവർ എന്ന ഇന്ത്യൻ ബാറ്റർമാരുടെ മഹത്തായ ഒരു പരമ്പരയുടെ തുടർച്ചയ്ക്ക് സമീപ കാലത്ത് വലിയ ഇടിവ് വന്നതാണ് ആരാധകരെ ആശങ്കയിലാക്കുന്നത്.

ഇതൊന്നും പക്ഷേ ​ഗംഭീറിന്റെ ടെസ്റ്റ് പരിശീലകനെന്ന നിലയിലുള്ള മോശം റെക്കോർഡ് മായ്ക്കില്ല. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ സംപൂർണ ടെസ്റ്റ് പരാജയം ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിലും അതിന്റെ അനുരണനങ്ങൾ ഇന്ത്യ അനുഭവിച്ചു.

തുടരെയുള്ള ടെസ്റ്റ് പരാജയങ്ങളും അതിനു പിന്നാലെ കോച്ചിങ് സ്റ്റാഫുകളിൽ നിന്നു ബാറ്റിങ്, ഫീൽഡിങ് പരിശീലകർ (ദിലീപ്, ടെൻ ഡോഷെ) എന്നിവരുടെ പടിയിറക്കവും ​ഗംഭീറിനു തിരിച്ചു വരവിനുള്ള മുന്നറിയിപ്പ് കൂടിയായി വേണം കാണാൻ. അതായത് ലങ്കൻ പരമ്പര തൂത്തുവാരേണ്ടത് മറ്റാരേക്കാളും അനിവാര്യം ​​ഗംഭീറിനു തന്നെ. പരമ്പര നേടിയില്ലെങ്കിൽ പിറ്റേ ദിവസം തന്നെ ​ഗംഭീറിനെ പുറത്താക്കും എന്നൊന്നുമല്ല പറയുന്നത്. പക്ഷേ റെഡ് ബോളിൽ ​ഗംഭീർ തുടരണമോ വേണ്ടയോ എന്ന കാര്യത്തിൽ ബിസിസിഐയെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരിക്കും ഫലം.

ഗാലെ ചരിത്രം

​ഒന്നാം ടെസ്റ്റ് നടക്കുന്ന ​ഗാലെ പിച്ച് സന്ദർശകരെ സംബന്ധിച്ച് അത്ര എളുപ്പം താണ്ടാൻ സാധിക്കുന്ന മണ്ണ് അല്ല. ശ്രീലങ്കയുടെ സർവാധിപത്യം ആവേളം കണ്ട വേദിയാണിത്. 1998 മുതൽ ഇവിടെ കളിച്ച 49 ടെസ്റ്റുകളിൽ 27 എണ്ണത്തിലും ശ്രീലങ്ക വിജയിച്ചിട്ടുണ്ട് എന്നതു തന്നെ അവരുടെ ആധിപത്യം വ്യക്തമാക്കുന്നു. മുത്തയ്യ മുരളീധരൻ, രം​ഗണ ഹെറാത്ത് എന്നിവരുടെ സുവർണ കാലം ലങ്കയ്ക്ക് അവകാശപ്പെടാൻ ഇല്ലെങ്കിലും ​ഗാലെയിലെ രാജാവ് എന്നു വിളിപ്പേരുള്ള സ്പിന്നർ നിലവിലെ ടീമിലുണ്ട്. പ്രഭാത് ജയസൂര്യ. 23 ടെസ്റ്റിൽ നിന്നു കരിയറിൽ 125 വിക്കറ്റുകളാണ് താരം ഇതുവരെ വീഴ്ത്തിയത്. അതിൽ 81 വിക്കറ്റുകളും പിറന്നത് ​ഗാലെ പിച്ചിലാണ്. ​ഗാലെയിൽ സമാന മികവ് പുലർത്തിയ മറ്റൊരു സ്പിന്നർ രമേഷ് മെൻഡിസും ഇത്തവണ ടീമിലുണ്ട്.

ഇടക്കാലത്ത് സ്പിന്നർമാരായ മിച്ചൽ സാന്റ്നർ, സൈമൺ ഹാർമർ എന്നിവർക്കെതിരെ ഇന്ത്യൻ ബാറ്റർമാർ വൻതോതിൽ പരാജയപ്പെട്ടിരുന്നു. അതിനാൽ തന്നെ നിലവിലെ സാഹചര്യം ഇന്ത്യക്ക് അനുകൂലമല്ല. എങ്കിലും ഇന്ത്യ അവസാനമായി ​ഗാലെയിൽ ടെസ്റ്റ് കളിച്ചത് 2017ലാണ്. അന്നത്തെ സാഹചര്യവുമായി ഇപ്പോഴത്തെ ഇന്ത്യൻ ടീമിനു ചില സാമ്യങ്ങളുണ്ട്. അന്ന് ​ഗാലെയിൽ വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള സംഘം പരമ്പര 3-0ത്തിനു തൂത്തുവാരിയിരുന്നു. ഈ പരമ്പരയ്ക്കു ശേഷമാണ് ഇന്ത്യയുടെ ടെസ്റ്റിലെ അപ്രമാദിത്വത്തിന്റെ യാത്ര തുടങ്ങുന്നത്. സമാന മുന്നേറ്റമാണ് ഇന്ത്യ ഇത്തവണയും പ്രതീക്ഷിക്കുന്നത്.

ശുഭ്മാൻ ​ഗിൽ നയിക്കുന്ന ഈ സ്ക്വാഡും അത്തരമൊരു തിരിച്ചു വരവിനാണ് കാത്തിരിക്കുന്നത്. അതുപക്ഷേ എളുപ്പമല്ല. സ്പിൻ കെണി, താരങ്ങളുടെ മോശം ഫോം എന്നിവയെല്ലാം മറികടക്കണം. സർഫറാസ് ഖാന് പകരം ഋഷഭ് പന്തിനെ തന്നെ ഇന്ത്യ കളിപ്പിച്ചേക്കും. ഒപ്പം ധ്രുവ് ജുറേലും വരും. ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമായ കാര്യമാണ്. ശ്രീലങ്കൻ സ്പിന്നർമാർക്കെതിരെ ഈ രണ്ട് മധ്യനിര താരങ്ങളും നേടുന്ന റൺസ് ഇന്ത്യക്ക് പരമ്പരയിൽ നിർണായകമാണ്.

നായകൻ ​​ഗില്ലിനൊപ്പം കെഎൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ, യശസ്വി ജയ്സ്വാൾ എന്നീ ടോപ് ഓർഡർ ബാറ്റർമാരും മികവ് ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. സായ് സുദർശനു പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നതിനാൽ മൂന്നാം നമ്പറിലെ തന്റെ സ്ഥാനം നിലനിർത്താനുള്ള സുവർണാവസരമാണ് ദേവ്ദത്ത് പടിക്കലിനു കിട്ടുന്നത്. സന്നാഹ മത്സരത്തിൽ മിന്നും സെഞ്ച്വറി നേടി താരം തിളങ്ങിയത് ഇന്ത്യക്ക് ബോണസാണ്.

ബൗളിങ് നിര

ലങ്കൻ പിച്ചിൽ ഇന്ത്യൻ ബൗളർമാർ താളം കണ്ടത്തേണ്ടത് ടീമിന്റെ അനവാര്യതയാണ്. കുൽദീപ് യാ​ദവ്, മാനവ് സുതർ, രവീന്ദ്ര ജഡേജ, സാരാംശ് ജെയ്ൻ എന്നിവരാണ് ഇന്ത്യൻ നിരയിലെ സ്പിന്നർമാർ. ഇതിൽ സാരാംശ് ഒഴികെയുള്ള മൂന്ന് സ്പിന്നർമാരെ ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പിൻ ത്രയം ലങ്കൻ ബാറ്റിങ് നിരയ്ക്കുണ്ടാക്കുന്ന ആഘാതം ഇന്ത്യക്ക് വളരെ നിർണായകമാണ്. കളി പു​രോ​ഗമിക്കും തോറും ​ഗാലെ പിച്ച് സ്പിന്നിനെ കൈയയച്ച് സഹായിക്കുമെന്നതിനാൽ മികച്ച ലൈനിൽ പന്തെറിയാൻ ഇന്ത്യൻ സ്പിന്നർമാർ മിനക്കെടുമെന്നു തന്നെ പ്രതീക്ഷിക്കാം.

സ്പിന്നർമാർക്കായിരിക്കും അധിക അധ്വാനം. എന്നാൽ ബുംറയുടെ അഭാവത്തിൽ പേസ് നിരയുടെ കടിഞ്ഞാണേന്തുന്ന മുഹമ്മദ് സിറാജും ഒപ്പം പ്രസിദ്ധ് കൃഷ്ണയും നിർണായക ബ്രേക്ക് ത്രൂകൾ സമ്മാനിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. ആവശ്യത്തിനു റെഡ് ബോൾ കളിച്ച് പരിചയമുള്ള താരങ്ങളുടെ അഭാവം ശ്രീലങ്കയ്ക്കുണ്ട്. ഈ പോരായ്മ മുതലെടുക്കാൻ ഇന്ത്യക്ക് സാധിച്ചാൽ ഫലം അനുകൂലമാകും.

ഇന്ത്യൻ ടീം: ശുഭ്മാൻ ​ഗിൽ (​ക്യാപ്റ്റൻ), കെഎൽ രാഹുൽ, യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതർ, മുഹമ്മദ് സിറാജ്, പ്രസി​ദ്ധ് കൃഷ്ണ, ​ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സാരാംശ് ജെയ്ൻ, അക്വിബ് നബി, സർഫറാസ് ഖാൻ.

ശ്രീലങ്ക ടീം: ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), ലഹിരു ഉദാര, നിഷാൻ മധുഷ്ക, കാമിന്ദു മെൻഡിസ്, ദിനേശ് ചാൻഡിമൽ, പസിന്ദു സൂര്യബണ്ഡാര, സോണൽ ദനുഷ, നിരോഷൻ ഡിക്‌വെല്ല, രമേഷ് മെൻഡിസ്, പ്രഭാത് ജയസൂര്യ, കേഷര നുവാൻത, മിലാൻ രത്നായകെ, അസിത ഫെർണാണ്ടോ, ലഹിരു കുമാര, വിശ്വ ഫെർണാണ്ടോ, ദിൽഷൻ മധുഷങ്ക.

India vs Sri Lanka captains with test trophy
ഇന്ത്യൻ ക്രിക്കറ്റിന് 'വെരി വെരി സ്പെഷൽ' നിയന്ത്രണം... ഇനി എല്ലാം 'ലക്ഷ്മൺ' പറയും!
India vs Sri Lanka captains with test trophy
കന്നി ടെസ്റ്റ് സെഞ്ച്വറി, ഓസ്ട്രേലിയൻ മണ്ണിൽ ചരിത്ര നേട്ടം; തന്‍സിദ് ഹസന്‍ 'ക്ലാസിക്ക്'
Summary

Team India: A gruelling trial by spin awaits Indian batters in the two-Test series against Sri Lanka beginning here on Saturday, with head coach Gautam Gambhir's standing as the country's red-ball in-charge relying heavily on its outcome

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com