നഗോയ: ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ. ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടന്ന ഏഷ്യന്‍ പാര ഗെയിംസില്‍ ഇതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്താണ് ഇന്ത്യയുടെ കുതിപ്പ്. 2022ല്‍ ഹാങ്ചൗവില്‍ കുറിച്ച 111 മെഡലുകളെന്ന എക്കാലത്തെയും മികച്ച റെക്കോര്‍ഡാണ് ഇന്ത്യന്‍ താരങ്ങള്‍ ഇത്തവണ തിരുത്തിക്കുറിച്ചത്. 30 സ്വര്‍ണം ഉള്‍പ്പെടെ ആകെ 113 മെഡലുകളാണ് ഇന്ത്യ ഇത്തവണ ഗെയിംസില്‍ വാരിക്കൂട്ടിയത്. കോണ്ടിനെന്റല്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മെഡല്‍ നേട്ടമാണിത്.
പാര അത്ലറ്റിക്സിലെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് ചരിത്ര മുന്നേറ്റം സാധ്യമാക്കിയത്. ആദ്യ ദിനം മുതല്‍ മികച്ച ഫോമിലായിരുന്ന ഇന്ത്യന്‍ സംഘം ടൂര്‍ണമെന്റിലുടനീളം മികച്ച പോരാട്ടവീര്യമാണ് കാഴ്ചവെച്ചത്. ഷൂട്ടിംഗ്, ആര്‍ച്ചറി, പാര അത്ലറ്റിക്സ്, പാര ബാഡ്മിന്റണ്‍ തുടങ്ങിയ വിവിധ ഇനങ്ങളിലെല്ലാം ഇന്ത്യന്‍ താരങ്ങള്‍ മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. സന്ദീപ് സിങ് മാന്‍ (400 മീറ്റര്‍ ടി64), ഹാനി, ഷൂട്ടിങ് താരം മോന അഗര്‍വാള്‍ തുടങ്ങിയവര്‍ ലോക റെക്കോര്‍ഡ് പ്രകടനങ്ങളോടെയാണ് ഇന്ത്യക്കായി സ്വര്‍ണം സ്വന്തമാക്കിയത്.
ഹാങ്ചൗവില്‍ നേടിയ 27 സ്വര്‍ണ മെഡലുകള്‍ എന്ന നേട്ടവും നഗോയയില്‍ 30 സ്വര്‍ണ്ണങ്ങളോടെ ഇന്ത്യ മറികടന്നു. ഏഷ്യന്‍ പാര കായിക ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും തിളക്കമുള്ള അധ്യായമായി ഐച്ചി-നഗോയ ഗെയിംസ് മാറിയിരിക്കുകയാണ്. ഗെയിംസില്‍ ഇന്ത്യയുടെ ശ്രദ്ധേയ നേട്ടങ്ങള്‍ ചുവടെ.
മോന അഗര്‍വാള്‍: വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പ്രൊഫൈല്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം.
നിഷാദ് കുമാര്‍: പുരുഷന്മാരുടെ ഹൈജംപ് T47, ലോംഗ് ജംപ് T47 വിഭാഗങ്ങളില്‍ ഇരട്ട സ്വര്‍ണം.
ശീതള്‍ ദേവി: പാര ആര്‍ച്ചറിയില്‍ വനിതാ കോമ്പൗണ്ട് വിഭാഗത്തിലും മിക്‌സ്ഡ് ടീം ഇനത്തിലും രണ്ട് സ്വര്‍ണ മെഡല്‍.
സിമ്രാന്‍ ശര്‍മ: വനിതകളുടെ 100 മീറ്റര്‍, 200 മീറ്റര്‍ (T12) ഓട്ട മത്സരങ്ങളില്‍ ഇരട്ട സ്വര്‍ണം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി.
സന്ദീപ് കുമാര്‍: പുരുഷന്മാരുടെ 400 മീറ്റര്‍ T64 മത്സരത്തില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ 100-ാം മെഡല്‍ തികച്ചു.
ദിലീപ് ഗവിത്: പുരുഷന്മാരുടെ 100 മീറ്റര്‍, 400 മീറ്റര്‍ T47 വിഭാഗങ്ങളില്‍ മികച്ച പ്രകടനത്തോടെ സ്വര്‍ണം.
സചിന്‍ ഖിലാരി (ഷോട്ട് പുട്ട്), പ്രവീണ്‍ കുമാര്‍ (ഹൈജംപ്), ഹാനി (ജാവലിന്‍ ത്രോ), പ്രണവ് സൂര്‍മ (ഡിസ്‌കസ് ത്രോ) എന്നിവരും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates