

റാവല്‍പിണ്ടി: ശ്രീലങ്കക്കെതിരായ ഏകദിന പോരാട്ടത്തില്‍ ഡബിള്‍ സെഞ്ച്വറി നേടി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് നടന്നു കയറിയത് നിരവധി റെക്കോര്‍ഡുകളിലേക്ക്. മത്സരത്തില്‍ ബ്രൂക്ക് 114 പന്തിലാണ് ഡബിള്‍ സെഞ്ച്വറിയില്‍ എത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് സ്ഥാപിച്ച് റെക്കോര്‍ഡാണ് ബ്രൂക്ക് റാവല്‍പിണ്ടിയില്‍ തിരുത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 117 പന്തില്‍ ഡബിള്‍ സെഞ്ച്വറിയെന്ന നേട്ടമാണ് ദിവസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ ബ്രൂക്ക് മറികടന്നത്.
മത്സരത്തില്‍ 116 പന്തില്‍ 21 ഫോറും 10 സിക്സും സഹിതം ബ്രൂക്ക് 202 റണ്‍സ് അടിച്ചുകൂട്ടിയാണ് ക്രീസ് വിട്ടത്. ഏകദിനത്തിലെ അതിവേഗ ഡബിള്‍ സെഞ്ച്വറി, ഏകദിന ഫോര്‍മാറ്റില്‍ ഇരട്ട ശതകം നേടുന്ന ചരിത്രത്തിലെ ആദ്യ ഇംഗ്ലണ്ട് താരം, ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇംഗ്ലണ്ട് ബാറ്റര്‍ തുടങ്ങി നിരവധി റെക്കോര്‍ഡുകള്‍ ബ്രൂക്ക് ഒറ്റ ഇന്നിങ്‌സില്‍ നിന്നു സ്വന്തമാക്കി.
ഇപ്പോഴിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച അപൂര്‍വ റെക്കോര്‍ഡിലേക്ക് ഇടവേളയ്ക്ക് ശേഷം മറ്റൊരു താരം കൂടി തന്റെ പേരെഴുതി ചേര്‍ത്തിരിക്കുന്നു. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി, ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി, ടി20യില്‍ സെഞ്ച്വറി എന്നിവ നേടുന്ന ലോകത്തിലെ രണ്ടാമത്തെ താരമായി ബ്രൂക്ക് മാറി. ഇതിഹാസ വെസ്റ്റ് ഇന്‍ഡീസ് താരം യൂനിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലാണ് ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഈ നേട്ടത്തിലെത്തിയ താരം.
ടെസ്റ്റ്: 2024 ഒക്ടോബറില്‍ പാകിസ്ഥാനെതിരെ 317 റണ്‍സ്.
ഏകദിനം: 2026 ഒക്ടോബറില്‍ ശ്രീലങ്കക്കെതിരെ 202 റണ്‍സ്.
ടി20: 2026 സെപ്റ്റംബറില്‍ ശ്രീലങ്കക്കെതിരെ പുറത്താകാതെ 114 റണ്‍സ്.
എന്നിവയാണ് ബ്രൂക്കിന്റെ മൂന്ന് ഫോര്‍മാറ്റിലെ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍.
ടെസ്റ്റില്‍ 333 റണ്‍സും ഏകദിനത്തില്‍ 215 റണ്‍സും ടി20യില്‍ 117 റണ്‍സുമാണ് ഗെയ്‌ലിന്റെ മികച്ച സ്‌കോറുകള്‍. ടെസ്റ്റില്‍ 15 സെഞ്ച്വറികളും ഏകദിനത്തില്‍ 25 സെഞ്ച്വറികളും ടി20യില്‍ 2 സെഞ്ച്വറികളും വിന്‍ഡീസ് അതികായന്‍ അടിച്ചെടുത്തു.
ബ്രൂക്കിന്റെ മികവില്‍ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ലങ്കയ്ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ 49.5 ഓവര്‍ കളിച്ച് ലങ്ക 430 റണ്‍സ് അടിച്ചെടുത്ത് ഏകദിന ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മികച്ച റണ്‍സ് ചെയ്‌സ് വിജയമെന്ന നേട്ടത്തോടെ മത്സരം പിടിച്ചെടുത്ത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates