

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യയ്ക്ക് വിജയത്തിനുള്ള അടിത്തറയിട്ടത് മലയാളി താരം സഞ്ജു സാംസണ്‍ ആണെങ്കില്‍ മത്സരം മനോഹരമായി ഫിനിഷ് ചെയ്ത് ഇന്ത്യക്ക് റെക്കോര്‍ഡ് ചെയ്‌സിങ് വിജയം സമ്മാനിച്ചത് ഓള്‍ റൗണ്ടര്‍ നമാന്‍ ധിര്‍ ആണ്. താരത്തിന്റെ കാമിയോ ഇന്നിങ്‌സാണ് കിവികളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.
മികച്ച ബാറ്റിങിനു പിന്നാലെ നമാന്‍ ധിര്‍ ഒരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ടി20 റണ്‍ ചെയ്‌സില്‍ ഏഴാം സ്ഥാനത്തോ അതിനു താഴെ സ്ഥാനങ്ങളിലോ ബാറ്റ് ചെയ്തു ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന നേട്ടമാണ് നമാന്‍ ധിര്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ 15 പന്തില്‍ 42 റണ്‍സെടുത്ത് ധിര്‍ പുറത്താകാതെ നിന്നു. 5 ഫോറും 2 സിക്‌സും സഹിതമായിരുന്നു താരത്തിന്റെ മിന്നല്‍ ബാറ്റിങ്.
മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ പേരിലുണ്ടായിരുന്ന 17 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ക്രൈസ്റ്റ്ചര്‍ച്ചില്‍ നമാന്‍ ധിര്‍ പഴങ്കഥയാക്കിയത്. 2009ല്‍ കൊളംബോയില്‍ ശ്രീലങ്കക്കെതിരെ പഠാന്‍ പുറത്താകാതെ നേടിയ 33 റണ്‍സായിരുന്നു ഇതുവരെയുള്ള മികച്ച സ്‌കോര്‍.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ഇന്ത്യ 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് അടിച്ചെടുത്തു. 4 വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മലയാളി താരം സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറിയുമായി ജയത്തിന് അടിത്തറയിട്ടു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സമയോചിത ബാറ്റിങും ജയത്തില്‍ നിര്‍ണായകമായി. നമാന്‍ ധിര്‍, അക്ഷര്‍ പട്ടേല്‍, അഭിഷേക് ശര്‍മ എന്നിവരുടെ സംഭവനകളും ഇന്ത്യയുടെ ത്രില്ലര്‍ ജയത്തില്‍ കരുത്തായി. വിജയ റൺസ് സിക്സർ പറത്തിയാണ് നമാൻ ധിർ ബോർഡിൽ ചേർത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates