ഫോട്ടോ: ട്വിറ്റർ 
Sports

പന്തിന് സെഞ്ച്വറി നഷ്ടം; ഇന്ത്യ പൊരുതുന്നു; നാല് വിക്കറ്റുകള്‍ വീണു

പന്തിന് സെഞ്ച്വറി നഷ്ടം; ഇന്ത്യ പൊരുതുന്നു; നാല് വിക്കറ്റുകള്‍ വീണു

Author : സമകാലിക മലയാളം ഡെസ്ക്

പാള്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഋഷഭ് പന്താണ് നാലാമനായി കൂടാരം കയറിയത്. നിലവില്‍ ഇന്ത്യ നാല് വിക്കറ്റുകള്‍ നഷ്ടത്തില്‍ 195 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. 8 റണ്‍സുമായി ശ്രേയസ് അയ്യരും 4 റണ്ണുമായി വെങ്കിടേഷ് അയ്യരുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മികച്ച തുടക്കമിട്ടു. പിന്നാലെ ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍- ഋഷഭ് പന്ത് സഖ്യം സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യയെ മുന്നോട്ട് നയിച്ചു.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് രാഹുല്‍- പന്ത് സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. സ്‌ട്രൈക്ക് കൈമാറി രാഹുല്‍ പന്തിന് അടിക്കാന്‍ അവസരം നല്‍കിയതോടെ ഇന്ത്യ തുടക്കത്തിലെ വേഗ കുറവിന് പരിഹാരം കണ്ടു. മറുഭാഗത്ത് രാഹുല്‍ സൂക്ഷ്മതയോടെ ബാറ്റേന്തി. 

സ്‌കോര്‍ 179ല്‍ എത്തിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്. താരം 79 പന്തുകള്‍ നേരിട്ട് നാല് ഫോറുകള്‍ സഹിതം 55 റണ്‍സെടുത്തു. പിന്നാലെ പന്തിന്റെ ചെറുത്തു നില്‍പ്പും അവസാനിച്ചു. 71 പന്തില്‍ പത്ത് ഫോറുകളും രണ്ട് സിക്‌സും സഹിതം പന്ത് 85 റണ്‍സാണ് കണ്ടെത്തിയത്. അര്‍ഹിച്ച സെഞ്ച്വറി നേടാന്‍ സാധിക്കാതെയാണ് താരം മടങ്ങിയത്. രാഹുലിനെ സിസന്‍ഡ മഗളയും പന്തിനെ ടബരിസ് ഷംസിയുമാണ് പുറത്താക്കിയത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 63 വരെയെത്തിയതിന് പിന്നാലെ ശിഖര്‍ ധവാനെ നഷ്ടമായി. 38 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 29 റണ്‍സുമായി ധവാന്‍ മടങ്ങി. എയ്ഡന്‍ മാര്‍ക്രത്തിന്റെ പന്തില്‍ സിസന്‍ഡ മഗള ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പിന്നാലെ എത്തിയ വിരാട് കോഹ്‌ലി സംപൂജ്യനായി മടങ്ങി. അഞ്ച് പന്തുകള്‍ നേരിട്ട മുന്‍ നായകന്‍ റണ്ണൊന്നുമെടുക്കാതെ കേശവ് മാഹാരാജിന്റെ പന്തില്‍ ടെംബ ബവുമയ്ക്ക് പിടി നല്‍കിയാണ് കൂടാരം കയറിയത്. 

ദക്ഷിണാഫ്രിക്കക്കായി മാര്‍ക്രം, കേശവ് മഹാരാജ്, മഗള, ഷംസി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നാം ഏകദിനത്തില്‍ പരാജയപ്പെട്ട ഇന്ത്യക്ക് രണ്ടാം ഏകദിനത്തില്‍ വിജയം അനിവാര്യമാണ്. തോല്‍വിയാണെങ്കില്‍ പരമ്പര നഷ്ടമാകും. ഒന്നാം ഏകദിനം കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

"അനുമതി വേണം ബ്രോ..."; റെയില്‍വേ പാലത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ യുവാവിന് ശിക്ഷ സാമൂഹിക സേവനം

കാരശ്ശേരി ബാങ്ക് സെർവർ ഹാക്കിംഗും വ്യാജ അംഗത്വവും; പ്രത്യേക അന്വേഷണ സംഘത്തിന് ശുപാർശ