India Reach T20 World Cup Final After Beating England bcci
Sports

അമ്പോ,തീപ്പൊരി മത്സരം; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

254 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് നേടാൻ സാധിച്ചുള്ളൂ. മാർച്ച് 8ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. അടിമുടി ആവേശം നിറഞ്ഞു നിന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. 254 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് നേടാൻ സാധിച്ചുള്ളൂ. മാർച്ച് 8ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.

അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ 13 റൺസാണ് ഇംഗ്ലണ്ട് ബാറ്റർമാർ അടിച്ചെടുത്തത്. മത്സരത്തിൽ രണ്ടാം ഓവർ എറിഞ്ഞ ഹർദിക് പാണ്ഡ്യ ആദ്യ പന്തിൽ തന്നെ ഫിൽ സാൾട്ടിനെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. നാലാം ഓവർ എറിഞ്ഞ ജസ്പ്രിത് ബുംറ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്കിന് പുറത്താക്കി. അക്ഷർ പട്ടേലാണ് ഇരുവരെയും ക്യാച്ചിലൂടെ പുറത്താക്കിയത്.

പവർ പ്ലെയിലെ അവസാന ഓവർ എറിഞ്ഞ വരുൺ ചക്രവർത്തിയുടെ ആദ്യ മൂന്ന് പന്തുകളും സിക്സർ പായിച്ച് ഇംഗ്ലണ്ട് ബാറ്റർ ജേക്കബ് ബെതേൽ സ്കോറിങ്ങിന് വേഗം കൂട്ടി. എന്നാൽ കീഴടങ്ങാൻ വരുൺ തയ്യാറായിരുന്നില്ല. ഇതേ ഓവറിലെ അഞ്ചാം പന്തിൽ ജോസ് ബട്‌ലറെ ബൗൾഡ് ആക്കി മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. ഏഴാം ഓവർ എറിഞ്ഞ അക്ഷർ പട്ടേലിന്റെയും തുടക്കം മോശമായിരുന്നു. താരം എറിഞ്ഞ ആദ്യ രണ്ട് പന്തും ടോം സിക്സർ പറത്തി. എന്നാൽ അതേ ഓവറിലെ മൂന്നാം പന്തിൽ ടോമിനെ ബൗൾഡ് ആക്കി അക്ഷർ പകരം വീട്ടി.

അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ കാര്യങ്ങൾ കൂടുതൽ ബെതേലും ജാക്ക്സും ചേർന്ന് ഇന്ത്യൻ ബൗളർമാരെ തകർത്തടിച്ചു. 77 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും തമ്മിൽ ഉണ്ടാക്കിയത്. ഒടുവിൽ 13.6 ഓവറിൽ അർഷ്ദീപ് സിങിനെ സിക്സ് അടിക്കാനുള്ള ശ്രമത്തിൽ ജാക്‌സിന് പിഴച്ചു. ബൗണ്ടറി ലൈനിൽ നിന്ന് അക്ഷർ പട്ടേൽ പന്ത് പിടിച്ചു. ബോഡി ബാലൻസ് തെറ്റും എന്നുറപ്പായതോടെ അക്ഷർ പന്ത് അന്തരീക്ഷത്തിലേക്ക് എറിഞ്ഞു. ആ സമയത്തു കൃത്യമായി പന്ത് കയ്യിലൊതുക്കിയ ദുബെ ജാക്‌സിനെ പുറത്താക്കി.

എന്നാൽ ജേക്കബ് ബേതേല്‍ ക്രീസിൽ അപകടകാരിയായി തുടർന്നു. ഇന്ത്യൻ ബൗളർമാരെ കണക്കിന് പ്രഹരിച്ച താരം 45 പന്തിൽ നിന്ന് സെഞ്ച്വറി നേടി മത്സരത്തിൽ പിടിമുറുക്കി. അവസാന ഓവറിൽ 30 റൺസ് ആയിരുന്നു ഇംഗ്ലണ്ടിന് ജയിക്കാൻ ആവശ്യമായിരുന്നത്.

ശിവം ദുബെ തന്നെ നായകൻ അവസാന ഓവർ എറിയാൻ പന്തേൽപ്പിച്ചു. ആദ്യ പന്തിൽ തന്നെ ഹർദിക് പാണ്ഡ്യയുടെ കിടിലൻ ത്രോയിലൂടെ ജേക്കബ് ബേതേല്‍ റൺ ഔട്ട് ആയി. ഇതോടെ മത്സരം വീണ്ടും ഇന്ത്യയുടെ വരുതിയിലായി. ഇംഗ്ലണ്ടിന്റെ വാലറ്റക്കാർക്കും കാര്യമായി ചെറുത്ത്നിൽപ്പ് നടത്താൻ കഴിയാതെ വന്നതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് 246 റൺസിന് അവസാനിക്കുക ആയിരുന്നു. ഇന്ത്യക്ക് വേണ്ടി ഹർദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് അടിച്ചെടുത്തത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു സാംസന്റെ ഇന്നിങ്സ് ആണ് ഇന്ത്യൻ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 42 പന്തിലാണ് സഞ്ജു 89 റൺസ് നേടിയത്. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 18 പന്തിൽ 39 റൺസ് നേടി ഇഷാൻ കിഷനും 25 പന്തിൽ 43 റൺസ് നേടി ശിവം ദുബെയും ഇന്ത്യൻ ഇന്നിങ്സ് 250 കടത്തിയത്. ഇംഗ്ലണ്ടിനായി വിൽ ജാക്‌സ് ആദിൽ റഷീദ് എന്നിവർ രണ്ട് വിക്കറ്റുകൾ നേടിയിരുന്നു.

India Reach T20 World Cup Final After Beating England.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍, വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വിഡിയോ വൈറൽ

ഇറാന്‍ ആക്രമണം ചെറുക്കുന്നു, അബുദാബിയിലും ദുബൈയിലും ജാഗ്രതാ നിര്‍ദേശം

12 ലക്ഷം രൂപയുടെ മാസ്റ്റേഴ്സ് സ്കോളർഷിപ്പുമായി ബർമിങ് ഹാം യൂണിവേഴ്സിറ്റി, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം അവസരം, മെയ് 31 നകം അപേക്ഷിക്കണം

സുഖോയ് യുദ്ധവിമാനം അപകടത്തില്‍പ്പെട്ടു?; റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു, തെരച്ചില്‍

SCROLL FOR NEXT