ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് സ്ഥാപിച്ച അനുപമ റെക്കോര്‍ഡ് മറികടക്കാന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു സാധിക്കുമെന്നു വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. എക്‌സില്‍ ഇട്ട കുറിപ്പിലാണ് കൈഫിന്റെ പ്രവചനം.
ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയുള്ള ഒരേയൊരു ഇന്ത്യന്‍ താരവും ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരവും സെവാഗാണ്. സെവാഗിന്റെ ഈ റെക്കോര്‍ഡുകള്‍ ജയ്‌സ്വാള്‍ തിരുത്തുമെന്നാണ് കൈഫ് ചൂണ്ടിക്കാണിക്കുന്നത്. മലയാളി താരം കരുണ്‍ നായരാണ് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 175 റണ്‍സെടുത്ത് ജയ്‌സ്വാള്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയിരുന്നു. താരത്തിനു നിര്‍ഭാഗ്യത്തിനാണ് ഇരട്ട സെഞ്ച്വറി നഷ്ടമായത്. പിന്നാലെയാണ് കൈഫ് താരത്തെ പ്രശംസിച്ചത്.
'ക്ഷമയോടെ കളിച്ച് കൂറ്റന്‍ സെഞ്ച്വറികള്‍ നേടാനും വലിയ നാഴികക്കല്ലുകള്‍ പിന്നിടാനും കെല്‍പ്പുള്ള ബാറ്ററാണ് യശസ്വി ജയ്‌സ്വാള്‍. ആദ്യ 26 ടെസ്റ്റുകളിലെ അദ്ദേഹത്തിന്റെ പ്രകടനം സച്ചിന്റേയും വിരാടിന്റേയും കണക്കുകളെ പോലെ മികവാര്‍ന്നതാണ്. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യുന്ന അദ്ദേഹത്തിന്റെ സെഞ്ച്വറികള്‍ ഇന്ത്യയെ വിജയത്തിന്റെ പാതയിലേക്ക് നയിക്കുന്നു. സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി റെക്കോര്‍ഡുകള്‍ ജയ്‌സ്വാള്‍ തകര്‍ക്കും'- കൈഫ് കുറിച്ചു.
കരിയറിലെ 26ാം ടെസ്റ്റാണ് ജയ്‌സ്വാള്‍ കളിക്കുന്നത്. 2200 റണ്‍സുകള്‍ താരം അടിച്ചെടുത്തിട്ടുണ്ട്. 7 സെഞ്ച്വറികളും 12 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്ന മികവാര്‍ന്ന നേട്ടമാണ് 23കാരന്‍ ഇപ്പോള്‍ തന്നെ സ്വന്തമാക്കിയിട്ടുള്ളത്. ടെസ്റ്റില്‍ താരം നേടിയ 7 സെഞ്ച്വറികളില്‍ അഞ്ചിലും 150നു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുമുണ്ട്. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവും മുന്‍ നായകനുമായ ഗ്രെയം സ്മിത്ത് മാത്രമാണ് മുന്‍പ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയ താരം.
ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നേടിയ രണ്ട് സെഞ്ച്വറികള്‍ മാത്രമാണ് ജയ്‌സ്വാള്‍ 150 റണ്‍സില്‍ താഴെ സ്‌കോര്‍ ചെയ്തത്. ഏഴ് സെഞ്ച്വറികളില്‍ രണ്ട് ഡബിള്‍ സെഞ്ച്വറികള്‍. ഇംഗ്ലണ്ടിനെതിരെ തുടരെ രണ്ട് ടെസ്റ്റുകളില്‍ ഡബിള്‍ സെഞ്ച്വറികള്‍ നേടി താരം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. 214, 209, 175, 171, 161, 120, 101 എന്നിങ്ങനെയാണ് താരത്തിന്റെ ശതക പ്രകടനങ്ങള്‍.
2004ല്‍ പാകിസ്ഥാനെതിരെയാണ് സെവാഗ് ടെസ്റ്റില്‍ തന്റെ കന്നി ട്രിപ്പിള്‍ സെഞ്ച്വറി അടിക്കുന്നത്. 309 റണ്‍സാണ് അന്ന് അടിച്ചെടുത്തത്. പിന്നീട് 2008ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 319 റണ്‍സും സെവാഗ് സ്വന്തമാക്കി. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ട് വ്യക്തിഗത സ്‌കോറുകളും സെവാഗിന്റെ പേരില്‍ തന്നെ. കരുണ്‍ നായര്‍ ഇംഗ്ലണ്ടിനെതിരെ 2016ല്‍ നേടിയ 303 റണ്‍സാണ് രണ്ടാമത്തെ ഇന്ത്യന്‍ താരത്തിന്റെ ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates