ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ കൗമാര സംഘം സെമിയിലേക്ക് മുന്നേറി. ചിരവൈരികളായ പാകിസ്ഥാനെ 58 റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യ സെമിയിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സിനു പുറത്തായി. പാകിസ്ഥാന്റെ പോരാട്ടം 46.2 ഓവറില്‍ 194 റണ്‍സിനു അവസാനിപ്പിച്ചാണ് ഇന്ത്യ ത്രില്ലര്‍ ജയം സ്വന്തമാക്കി അവസാന നാലിലെത്തിയത്.
വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാകിസ്ഥാന്റെ മുന്‍നിര ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മധ്യനിരയേയും വാലറ്റത്തേയും നിലം തൊടിക്കാതെ പറത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. മൂന്നാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ പാകിസ്ഥാന്റെ സ്‌കോര്‍ 151 റണ്‍സായിരുന്നു. ശേഷിക്കുന്ന 7 വിക്കറ്റുകള്‍ വെറും 43 റണ്‍സില്‍ നിലംപൊത്തി.
ജയിക്കും മുന്‍പ് തന്നെ ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ വിജയ ലക്ഷ്യം പാകിസ്ഥാന്‍ 33.3 ഓവറില്‍ മറികടന്നിരുന്നെങ്കില്‍ അവര്‍ക്കും സെമിയിലേക്ക് മുന്നേറാമായിരുന്നു. എന്നാല്‍ ലക്ഷ്യത്തിലേക്ക് അവര്‍ പതിഞ്ഞ താളത്തിലാണ് അവര്‍ ബാറ്റ് വീശിയത്.
ഉസ്മാന്‍ ഖാനാണ് പാക് ടീമിന്റെ ടോപ് സ്‌കോറര്‍. താരം 66 റണ്‍സെടുത്തു. 92 പന്തുകളാണ് താരം ഇതിനായി എടുത്തത്. ഓപ്പണര്‍ ഹംസ സഹൂര്‍ (42), ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫ് (38) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. 14 റണ്‍സെടുത്ത ഹുസൈഫ അഹ്‌സനാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.
ഇന്ത്യക്കായി ഖിലാന്‍ പട്ടേല്‍, ആയുഷ് മാത്രെ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍എസ് അംബരീഷ്, ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍, വിഹാന്‍ മല്‍ഹോത്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പോരാട്ടം 49.5 ഓവറില്‍ 252 റണ്‍സില്‍ അവസാനിപ്പിക്കാന്‍ അവര്‍ക്കായി.
മികച്ച രീതിയില്‍ തുടങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ 47ല്‍ നില്‍ക്കെ തുടരെ 3 വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. പിന്നീട് നാലാമനായി ക്രീസിലെത്തിയ വേദാന്ത് ത്രിവേദിയുടെ ബാറ്റിങാണ് ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയത്. താരം അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. വേദാന്ത് 68 റണ്‍സുമായി മടങ്ങി.
വാലറ്റത്ത് ആര്‍എസ് അംബരീഷ് (29), കനിഷ്‌ക് ചൗഹാന്‍ (38), ഖിലാന്‍ പട്ടേല്‍ (21) എന്നിവര്‍ ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്‌കോര്‍ 252ല്‍ എത്തിച്ചത്. കനിഷ്‌ക് 29 പന്തില്‍ 4 ഫോറും ഒരു സിക്സും തൂക്കി. ഖിലാന്‍ പട്ടേല്‍ 15 പന്തില്‍ 2 ഫോറും ാെരു സിക്സുമടിച്ചു. ഓപ്പണര്‍ വൈഭവ് സൂര്യവംശിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. താരം 22 പന്തില്‍ 5 ഫോറും ഒരു സിക്സും സഹിതം 30 റണ്‍സെടുത്തു.
പാകിസ്ഥാനായി അബ്ദുല്‍ ശുഭന്‍ 3 വിക്കറ്റെടുത്തു. മുഹമ്മദ് സയ്യം 2 വിക്കറ്റുകള്‍ സ്വന്തമാക്കി. അലി റാസ, അഹമ്മദ് ഹുസൈന്‍, മൊമിന്‍ ഖമര്‍, അലി ഹസന്‍ ബലോച് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates