അഡ്‍ലെയ്ഡ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് മുതൽ. അഡ്‍ലെയ്ഡിൽ പകൽ- രാത്രിയായി നടക്കുന്ന പോരാട്ടം ഇന്ത്യൻ സമയം രാവിലെ 9.30 മുതലാണ് ആരംഭിക്കുന്നത്. ആദ്യ മത്സരം ജയിച്ചതിന്റെ കത്തുന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ആദ്യ ടെസ്റ്റിൽ ഇല്ലാതിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ നായകനായി തിരിച്ചെത്തും. ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ഉജ്ജ്വല പോരാട്ടത്തിന്റെ 5 ദിനങ്ങൾ. പിങ്ക് പന്തിലാണ് പോരാട്ടം.
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 150 റൺസിനു പുറത്തായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ കിടിലൻ ബാറ്റിങുമായി ടീം തിരിച്ചടിച്ച് 295 റൺസിന്റെ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. മറുഭാഗത്ത് ഓസീസ് ശക്തമായി തിരിച്ചടിക്കാനുള്ള കോപ്പുകൂട്ടലിലാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ഫൈനലുറപ്പിക്കാൻ ഇനിയുള്ള പോരാട്ടങ്ങൾ ഓസീസിന് നിർണായകമാണ്.
രോഹിത് വന്നെങ്കിലും ആദ്യ ടെസ്റ്റിലെ ഓപ്പണിങ് സഖ്യമായ കെഎൽ രാഹുൽ- യശസ്വി ജയ്സ്വാൾ കൂട്ടുകെട്ടു തന്നെയായിരിക്കും ഇന്ത്യക്കായി ഓപ്പൺ ചെയ്യുക. രോഹിത് മധ്യനിരയിൽ കളിക്കും. നായകൻ തന്നെ ഇക്കാര്യം ഇന്നലെ വ്യക്തമാക്കിയിരുന്നു. രാഹുൽ- യശസ്വി സഖ്യം പെർത്തിൽ രണ്ടാം ഇന്നിങ്സിൽ ക്ലിക്കായതും ഇന്ത്യക്ക് കരുത്താണ്.
വൺ ഡൗണായി ശുഭ്മാൻ ഗില്ലും നാലാം സ്ഥാനത്ത് കോഹ്‍ലിയും അഞ്ചാമനായി രോഹിതും ആറാം സ്ഥാനത്ത് ഋഷഭ് പന്തുമായിരിക്കും ഇന്ത്യക്കായി ബാറ്റിങിന് ഇറങ്ങുക. പെർത്തിൽ തിളങ്ങിയ പേസ് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ സ്ഥാനം നിലനിർത്തിയേക്കും. പെർത്തിൽ ഏക സ്പിന്നറായി കളിച്ചത് ഓൾ റൗണ്ടർ വാഷിങ്ടൻ സുന്ദറാണ്. ബാറ്റിങിനു ആഴം നൽകാൻ തീരുമാനിച്ചാൽ താരവും സ്ഥാനം നിലനിർത്തിയേക്കും. അങ്ങനെ വന്നാൽ സ്പിന്നർമാരായ ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഇത്തവണയും അവസരം ലഭിച്ചേക്കില്ല.
പേസർമാരായി ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരും കളിക്കുന്നതോടെ ഇന്ത്യയുടെ ഇലവൻ ഏതാണ്ട് വ്യക്തമാണ്. പിച്ച് പേസിനു അനുകൂലമാണ്. എന്നാൽ കളി പുരോഗമിക്കവേ സ്പിന്നിനേയും തുണയ്ക്കും. അതിനാൽ രണ്ട് സ്പിന്നർമാരെ ഇന്ത്യ കളിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്നു ചുരുക്കം.
പരിക്കേറ്റ് പുറത്തായ പേസർ ജോഷ് ഹെയ്സൽവുഡിനു പകരം സ്കോട്ട് ബോളണ്ട് ഓസീസ് ടീമിൽ ഇടം കണ്ടെത്തിയേക്കും. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവരാണ് മറ്റ് പേസർമാർ. സ്പിന്നറായി നതാൻ ലിയോൺ സ്ഥാനം നിലനിർത്തും. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, മർനസ് ലാബുഷെയ്ൻ എന്നിവരുടെ ഫോമാണ് ഓസ്ട്രേലിയക്ക് തലവേദനയായി നിൽക്കുന്നത്. ഇരുവരും ഇത്തവണ തിളങ്ങുമെന്ന പ്രതീക്ഷയാണ് ടീമിന്.
കണക്ക്
ഇന്ത്യ ഇതുവരെ നാല് ഡേ- നൈറ്റ് മത്സരങ്ങൾ (പിങ്ക് പന്ത്) കളിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളും ജയിച്ചു. ഏക കളി തോറ്റത് അഡ്‍ലെയ്ഡിലാണ്. മൂന്ന് ജയങ്ങളും ഇന്ത്യൻ മണ്ണിലായിരുന്നു. അഡ്‍ലെയ്ഡിൽ തോറ്റ കളിയിലാണ് ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും ചെറിയ സ്കോർ. അന്ന് 36 റൺസിന് ഇന്ത്യ ഓൾ ഔട്ടായിരുന്നു. ഓസ്ട്രേലിയ അഡ്ലെയ്ഡിൽ കളിച്ച ഏഴിൽ ഏഴ് കളിയും ജയിച്ചാണ് നിൽക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates