പ്രതിക റാവല്‍ india vs australia x
Sports

ഓര്‍ക്കാന്‍ പ്രതികയുടെ 'അരങ്ങേറ്റ' അര്‍ധ സെഞ്ച്വറി മാത്രം; പിങ്ക് ടെസ്റ്റിൽ ഇന്ത്യന്‍ വനിതകള്‍ക്ക് ദയനീയ തോല്‍വി

രണ്ടിന്നിങ്‌സിലും ഇന്ത്യന്‍ സ്‌കോര്‍ 200 കടത്താന്‍ അനുവദിക്കാതെ ഓസ്‌ട്രേലിയന്‍ വനിതകള്‍

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ഓസ്‌ട്രേലിയ വനിതാ ടീമിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ദയനീയ തോല്‍വി. ഓസീസ് 10 വിക്കറ്റിന്റെ വിജയം ആഘോഷിച്ചു. ഒന്നാം ഇന്നിങ്‌സില്‍ 198 റണ്‍സില്‍ ഇന്ത്യയെ പുറത്താക്കി ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 323 റണ്‍സ് അടിച്ചെടുത്തു. 125 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ 149 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. ഇതോടെ അവരുടെ വിജയ ലക്ഷ്യം വെറും 25 റണ്‍സ് മാത്രമായി. ഒറ്റ വിക്കറ്റും നഷ്ടപ്പെടുത്താതെ ഓസീസ് വനിതകള്‍ 28 റണ്‍സെടുത്തു ലക്ഷ്യം സ്വന്തമാക്കുകയും ചെയ്തു.

ഓപ്പണര്‍മാരായ ജോര്‍ജിയ വോള്‍ 16 റണ്‍സും ഫോബ് ലിച്ഫീല്‍ഡ് 11 റണ്‍സും എടുത്ത് ക്രീസില്‍ തുടര്‍ന്നു.

നേരത്തെ 125 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്കായി അന്താരാഷ്ട്ര വനിതാ ടെസ്റ്റ് പോരാട്ടത്തില്‍ അരങ്ങേറ്റം കുറിച്ച പ്രതിക റാവല്‍ മാത്രമാണ് പൊരുതി നിന്നത്. അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടി താരം തുടക്കം അവിസ്മരണീയമാക്കി. വാലറ്റത്ത് സ്‌നേഹ് റാണയുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇതിലും ദയനീയമായിപ്പോയേനെ ഇന്ത്യന്‍ സ്‌കോര്‍. പ്രതിക 63 റണ്‍സെടുത്തു. സ്‌നേഹ് റാണ 30 റണ്‍സും സ്വന്തമാക്കി. ജെമിമ റോഡ്രിഗ്‌സ് (14), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (11) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.

അന്നബെല്‍ സതര്‍ലാന്‍ഡ് നേടിയ സെഞ്ച്വറി ബലത്തിലാണ് ഓസീസ് വനിതകള്‍ ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിലെത്തിയത്. 3 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ് അവര്‍ രണ്ടാം ദിനം തുടങ്ങിയത്. അന്നബെല്‍ 171 പന്തില്‍ 129 റണ്‍സെടുത്തു മടങ്ങി. താരം 17 ഫോറുകള്‍ തൂക്കി. അന്നബെലിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്. നേരത്തെ ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ താരം 4 വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങിലും വെല്ലുവിളി തീര്‍ത്തിരുന്നു. പിന്നാലെയാണ് സെഞ്ച്വറിത്തിളക്കം.

76 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ഓസീസ് നിരയില്‍ തിളങ്ങിയ മറ്റൊരു താരം. ഓപ്പണര്‍മാരെ വേഗം നഷ്ടമായെങ്കിലും മൂന്നാം സ്ഥാനത്തെത്തിയ എല്ലിസ് പെറിയും അഞ്ചാമതായി ക്രീസിലെത്തിയ അന്നബെല്‍ സതര്‍ലാന്‍ഡും ചേര്‍ന്നാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ഇന്ത്യക്കായി സയാലി സത്ഗിരെ, ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ എന്നിവര്‍ 2 വിക്കറ്റെടുത്തു. സ്‌നേഹ് റാണ, ഷെഫാലി വര്‍മ ഒരു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജെമിമ റോഡ്രിഗ്‌സാണ് ഇന്ത്യന്‍ നിരയിലെ ഒന്നാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 84 പന്തില്‍ 7 ഫോറുകള്‍ സഹിതം ജെമിമ 52 റണ്‍സ് സ്വന്തമാക്കി. ഷെഫാലി വര്‍മ (35), അരങ്ങേറ്റക്കാരി കഷ്വി ഗൗതം (34) എന്നിവരും ചെറുത്തു നിന്നു. മറ്റാര്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിക്കാത്തത് തിരിച്ചടിയായി.

ഓസ്‌ട്രേലിയക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ലസി ഹാമില്‍ടന്‍ 3 വിക്കറ്റെടുത്തു. ഡാര്‍സി ബ്രൗണ്‍ 2 വിക്കറ്റും ആഷ്‌ലി ഗാര്‍ഡ്‌നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

pink ball test india vs australia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി അവിടെയെത്തിയതാണ് പ്രധാനം, അതോടെ ലോകമറിഞ്ഞു: പി രാജീവ്

ഒരു ദിവസം രണ്ട് മില്യണ്‍ ഡോളര്‍, വെറും 10 ദിവസം മാത്രം ഷൂട്ട്; കല്‍ക്കിയില്‍ കമല്‍ വാങ്ങുന്നത് അമ്പരപ്പിക്കുന്ന പ്രതിഫലം

വയർ വീർക്കുന്നുവോ? തടയാൻ കഴിക്കാം ഈ പഴങ്ങൾ

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനം, പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രം

വാഴപ്പഴം കഴിച്ചാൽ ഉടൻ വെള്ളം കുടിക്കരുത്; എന്തുകൊണ്ട്?

SCROLL FOR NEXT