ഹൈദരാബാദ്: ഇന്നലെ ഹൈദരാബാദിൽ സഞ്ജുവിന്റെ രാത്രിയായിരുന്നു. സ്ഫോടനാത്മക ബാറ്റിങുമായി കളം വാണ സഞ്ജുവിന്റെ ഇന്നിങ്സിൽ എല്ലാ ബംഗ്ലാ ബൗളർമാരും ഹതാശരായി മൈതാനത്തു നിന്നു. അവരുടെ എറ്റവും പ്രതിഭാധനനായ പേസർ മുസ്തഫിസുർ റഹ്മാനെതിരെ നേടിയ ഒരു സിക്സർ കമന്ററി ബോക്സിലുള്ളവരെ പോലും അമ്പരപ്പിക്കുന്നതായി മാറി. അത്ര ആയാസ രഹിതമായ സിക്സായിരുന്നു ആരധകരുടെ കണ്ണിലുടക്കിയത്.
മുസ്തഫിസുർ എറിഞ്ഞ എട്ടാം ഓവറിലാണ് സിക്സിന്‍റെ പിറവി. ഓഫ് സ്റ്റെംപിനു പുറത്ത് ബാക്ക് ഓഫ് ലെങ്തിൽ വന്ന പന്തിനെ ഒരു ചുവട് പിന്നോട്ടു വച്ച് കവർ ഏരിയയ്ക്ക് മുകളിലൂടെ സഞ്ജു അനായാസം ഗാലറിയിലെത്തിച്ചു. ആ ഷോട്ടിന്‍റെ മനോഹാരിതയിൽ കമന്ററി ബോക്സിലിരുന്നു മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി അമ്പരപ്പോടെ പറഞ്ഞ വാക്കുകളും ശ്രദ്ധേയമായി.
'വാ ഷോട്ട്... വാട്ട് എ ഷോട്ട്...'- എന്നു ആ പന്തിനെ തിരിച്ചുവിട്ടതിനെ ശാസ്ത്രി ആവേശത്തോടെ വിശേഷിപ്പിച്ചു. ശേഷമുള്ള കമന്റുകളിൽ ശാസ്ത്രിയുടെ അമ്പരപ്പ് അറിയാം. 'ഈ നിമിഷത്തിൽ അദ്ദേഹം സ്ഫോടനാത്മകവും വിനാശകരവുമായ ഫോമിലാണ്, ഇരട്ടി അപകടകാരിയായി നിൽക്കുന്നു...'- ശാസ്ത്രിയുടെ വാക്കുകൾ.
സ്ഥിരതയില്ലെന്ന വിമർശനങ്ങൾക്ക് നടുവിൽ അനിവാര്യമായ ഘട്ടത്തിലായിരുന്നു ആരാധകർ കാത്തിരുന്ന സെഞ്ച്വറിയുടെ പിറവി. 47 പന്തിൽ 11 ഫോറും 8 സിക്സും സഹിതം സഞ്ജു വാരിയെടുത്തത് 111 റൺസ്. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ടി20യിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും ശതകത്തിനൊപ്പം സഞ്ജു സ്വന്തം പേരിൽ എഴുതി ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates