ധാക്ക: ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയുടെ പര്യടനം യാഥാർഥ്യമാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. സുരക്ഷയില്ലെന്ന കാരണം പറഞ്ഞ് ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന നിലപാട് എടുത്തത് അവർക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു. ശ്രീലങ്കയിൽ കളിക്കണമെന്ന കടുത്ത നിലപാടിൽ അവർ ഉറച്ചു നിന്നു. ഇതോടെ ഐസിസി ടി20 ലോകകപ്പിൽ നിന്നു ബംഗ്ലാദേശിനെ പുറത്താക്കി. സ്കോട്ലൻഡിനെയാണ് പകരം കളിപ്പിച്ചത്.
ടി20 ലോകകപ്പ് കളിക്കാത്തത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ സാമ്പത്തികമായി തകർത്തു. ബോർഡിനെതിരെ താരങ്ങൾ രംഗത്തെത്തുകയും ചെയ്തു.
ഇന്ത്യ സെപ്റ്റംബറിൽ ബംഗ്ലാദേശ് പര്യടനം നടത്തണമെന്നു ആവശ്യപ്പെട്ട് ബിസിബി കത്തയച്ചെന്നു ബിസിസിഐ അധികൃതർ വ്യക്തമാക്കി. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനവും ഒപ്പം അടുത്ത വർഷം ബംഗ്ലാദേശ് ആതിഥേയരാകുന്ന ഏഷ്യാ കപ്പ് പോരാട്ടത്തെക്കുറിച്ചും കത്തിൽ പറയുന്നുണ്ടെന്നും ബിസിസിഐ അധികൃതർ വാർത്താ ഏജൻസിയായ പിടിഐയോടു വ്യക്തമാക്കി.
സെപ്റ്റംബറിൽ ഇന്ത്യ ബംഗ്ലാദേശിൽ പര്യടനം നടത്തുമെന്നു നേരത്തെ തീരുമാനിച്ചതാണ്. എന്നാൽ ടി20 ലോകകപ്പിലെ ബംഗ്ലാദേശ് നിലപാടിന്റെ പശ്ചാത്തലത്തിൽ പര്യടനം വേണോ എന്ന കാര്യത്തിൽ ബിസിസിഐ വ്യക്തത ഇതുവരെ വരുത്തിയിട്ടില്ല. ഇതോടെയാണ് ബംഗ്ലാദേശിന്റെ കത്തയക്കൽ നീക്കം. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലൂടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിസിബി.
ബംഗ്ലാദേശ് ടി20 ലോകകപ്പ് കളിക്കാത്തതിൽ ബോർഡിനെതിരെ സർക്കാർ തലത്തിൽ അന്വേഷണം നടക്കുന്നുണ്ട്. നിലവിലെ പ്രസിഡന്റ് അമിനുൽ ഇസ്ലാം ബുൾബുൾ സ്ഥാനമൊഴിഞ്ഞാൽ മുൻ ക്യാപ്റ്റൻ തമിം ഇക്ബാൽ ബിസിബി തലപ്പത്തെത്തുമെന്നു വിവരുമുണ്ട്. ഇന്ത്യയുമായുള്ള മത്സരങ്ങൾ വീണ്ടും തുടങ്ങുന്നതിൽ തമീമിനു അനുകൂല നിലപാടാണ്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആഭ്യന്തര വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് പോരാട്ടങ്ങളിൽ അനിശ്ചിതത്വവും വിവാദങ്ങളും ഉടലെടുത്തത്. ഐപിഎൽ താര ലേലത്തിൽ വിറ്റുപോയ ഏക ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനായിരുന്നു. താരത്തെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് സ്വന്തമാക്കിയത്. എന്നാൽ മുസ്തഫിസുർ ഐപിഎൽ കളിക്കാൻ എത്തിയാൽ തടയുമെന്നു ഒരു വിഭാഗം കടുത്ത നിലപാടുമായി രംഗത്തെത്തി. പിന്നാലെ താരത്തെ കെകെആർ ടീമിൽ നിന്നു ഒഴിവാക്കി. പിന്നാലെയാണ് ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് ബഹിഷ്കരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates