നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റില്‍ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ ഫൈനല്‍. ശനിയാഴ്ച രാവിലെ 10.30 മുതലാണ് പോരാട്ടം. നിലവിലെ സ്വര്‍ണ ജേതാക്കളായ ഇന്ത്യ വനിതാ ടീമിനു പിന്നാലെ സ്വര്‍ണം നിലനിര്‍ത്താനാണ് ഇറങ്ങുന്നത്. സെമിയില്‍ ഇന്ത്യ ശ്രീലങ്കയേയും പാകിസ്ഥാന്‍ ബംഗ്ലാദേശിനേയും വീഴ്ത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്.
അതേസമയം ഫൈനലിനും മഴ ഭീഷണിയുണ്ട്. നാല് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ഒരു പന്ത് പോലും എറിയാന്‍ കഴിയാതെ ഉപേക്ഷിച്ചിരുന്നു. റാങ്കിങ് അടിസ്ഥാനത്തിലാണ് ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ സെമിയിലേക്ക് മുന്നേറിയത്. രണ്ട് സെമി പോരാട്ടങ്ങള്‍ പക്ഷേ കൃത്യമായി തന്നെ അരങ്ങേറിയതോടെയാണ് ഫൈനല്‍ ചിത്രം തെളിഞ്ഞത്. ഫൈനലും മഴ തടസപ്പെടുത്തി ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയേയും പാക്സ്ഥാനേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ച് ഇരു ടീമുകള്‍ക്കും സ്വര്‍ണം സമ്മാനിക്കും.
ഇന്ത്യ- ശ്രീലങ്ക
സെമിയില്‍ ഇന്ത്യ ശ്രീലങ്കയെ 124 റണ്‍സിന് തകര്‍ത്ത് വമ്പന്‍ ജയവുമായാണ് ഫൈനലിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. ശ്രീലങ്കയുടെ പോരാട്ടം വെറും 9.5 ഓവറില്‍ 45 റണ്‍സില്‍ തീര്‍ന്നു!
ഇന്ത്യ വൈഭവ് സൂര്യവംശി- അഭിഷേക് ശര്‍മ കൂട്ടുകെട്ടാണ് സെമിയില്‍ പരീക്ഷിച്ചത്. സഞ്ജു സാംസണ്‍ മൂന്നാം സ്ഥാനത്തും ഇറങ്ങി. വൈഭവ് 21 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 38 റണ്‍സ് നേടി മടങ്ങി. അഭിഷേകും സഞ്ജുവും 7 റണ്‍സ് വീതമെടുത്തും പുറത്തായി. ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം 46 പന്തില്‍ 5 സിക്‌സും 4 ഫോറും സഹിതം 80 റണ്‍സ് വാരി. 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. ഇഷാന്‍ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ജസ്പ്രിത് ബുംറ 2 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേല്‍ 3 ഓവറില്‍ 8 റണ്‍സ് മാത്രം വിട്ടുകൊടുത്തും 2 വിക്കറ്റ് സ്വന്തമാക്കി. വെറും 5 പന്തുകള്‍ മാത്രം എറിഞ്ഞ അഭിഷേക് ശര്‍മ 2 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തും ശ്രദ്ധേയനായി. വാഷിങ്ടന്‍ സുന്ദറിനാണ് ഒരു വിക്കറ്റ്. 15 റണ്‍സെടുത്ത നുവാനിദു ഫെര്‍ണാണ്ടോ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന ഏക ബാറ്റര്‍.
പാകിസ്ഥാന്‍- ബംഗ്ലാദേശ്
ബംഗ്ലാദേശിനെ ആദ്യ സെമിയില്‍ 6 വിക്കറ്റിന് തകര്‍ത്താണ് പാകിസ്ഥാന്‍ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 7 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സില്‍ ഒതുക്കാന്‍ പാക് ടീമിനു സാധിച്ചു. അവര്‍ 11.3 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 112 റണ്‍സെടുത്താണ് വിജയം പിടിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates