കട്ടക്ക്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് നാളെ കട്ടക്കിൽ തുടക്കമാകും. ടെസ്റ്റ്, ഏകദിന പരമ്പരകൾക്കു പിന്നാലെയാണ് ടീം ഇന്ത്യ ടി20യ്ക്കായി ഇറങ്ങുന്നത്. അടുത്ത വർഷം അരങ്ങേറുന്ന ടി20 ലോകകപ്പിനു മുന്നോടിയായി 10 മത്സരങ്ങളാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഈ പരമ്പരയിൽ 5 മത്സരങ്ങൾ ഇന്ത്യ കളിക്കും. ശേഷിച്ച 5 മത്സരങ്ങൾ ജനുവരിയിൽ ന്യൂസിലൻഡിനെതിരെയാണ്. ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിക്കാൻ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ അടക്കമുള്ളവർക്ക് ഈ പരമ്പരകൾ നിർണായകമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിൽ കേരളത്തിനായി മിന്നും ഫോമിൽ ബാറ്റ് വീശിയാണ് സഞ്ജു ഇന്ത്യൻ ടീമിലേക്ക് എത്തിയത്. അതേസമയം താരം പ്ലെയിങ് ഇലവനിൽ എത്തുമോ എന്ന് ഉറപ്പായിട്ടില്ല.
അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ. നാളെ വൈകീട്ട് 7 മണി മുതലാണ് പോരാട്ടം.
ഓസ്ട്രേലിയക്കെതിരെ കളിച്ച പ്ലെയിങ് ഇലവനിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയില്ല. വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്ത് സഞ്ജുവിനേക്കാൾ സാധ്യത ജിതേഷ് ശർമയ്ക്കു തന്നെ. ശുഭ്മാൻ ഗിൽ തിരിച്ചെത്തിയതോടെ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങുമെന്നു ഉറപ്പായി. പരിക്കു മാറി ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയും തിരിച്ചെത്തി. മൂന്നാം സ്ഥാനത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവും നാലാം സ്ഥാനത്ത് തിലക് വർമയും കളിക്കും. ടീം കോമ്പിനേഷനിൽ ഇനി കൂടുതൽ മാറ്റങ്ങൾ വരുത്താൻ മാനേജ്മെന്റിനു താത്പര്യമില്ലെന്നു സൂര്യകുമാർ യാദവ് വ്യക്തമാക്കി.
സഞ്ജുവിനെ ഓപ്പണർ സ്ഥാനത്തു നിന്നു മാറ്റിയതിനെക്കുറിച്ചും ക്യാപ്റ്റൻ പ്രതികരിച്ചു. കഴിഞ്ഞ വർഷം വരെ അഭിഷേകും സഞ്ജുവും ചേർന്നാണ് ടി20യിൽ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തിരുന്നത്. സഖ്യം മികച്ച കെമിസ്ട്രിയുമായി കളം വാഴുകയും ചെയ്തിരുന്നു. എന്നാൽ ടെസ്റ്റ്, ഏകദിന നായക സ്ഥാനങ്ങൾ നൽകിയതിനു പിന്നാലെയാണ് ഗില്ലിനെ മാനേജ്മെന്റ് ടി20 ടീമിലേക്ക് തിരിച്ചെത്തിച്ചത്. വൈസ് ക്യാപ്റ്റൻ സ്ഥാനവും ഓപ്പണറുടെ റോളും നൽകിയാണ് ഗില്ലിനെ എത്തിച്ചത്. ഇതോടെ സഞ്‍ജുവിന്റെ ബാറ്റിങ് സ്ഥാനം താഴോട്ടിറങ്ങി. അഞ്ചാം സ്ഥാനത്ത് സഞ്ജു കളിക്കുന്നതിനിടെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ മലയാളി താരത്തിനു പ്ലെയിങ് ഇലവനിലെ സ്ഥാനവും പോയി. ജിതേഷ് ശർമയെയാണ് കളിപ്പിച്ചത്. താരം മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ സഞ്‍ജുവിന്റെ സാധ്യതകൾക്കും മങ്ങലേറ്റു. അതിനിടെയാണ് സഞ്ജുവിനെക്കുറിച്ചുള്ള സൂര്യയുടെ പ്രതികരണം.
'മുൻനിരയിൽ കളിക്കാൻ കെൽപ്പുള്ള ബാറ്ററാണ് സഞ്‍ജു. ഓപ്പണർ എന്ന നിലയിൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. സഞ്ജുവിനു പകരം ഗിൽ ഓപ്പണർ സ്ഥാനത്തേയ്ക്ക് വന്നത് ആ സ്ഥാനത്തേക്ക് അദ്ദേഹം അനുയോജ്യനായതു കൊണ്ടാണ്. പക്ഷേ സഞ്ജുവിനു അവസരങ്ങൾ കിട്ടുന്നുണ്ടെന്നു ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്'.
'ഗില്ലും സഞ്ജുവും ഞങ്ങളുടെ പദ്ധതികളുടെ ഭാഗമാണ്. രണ്ട് പേർക്കും ഒന്നിലധികം റോളുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നവരാണ്. ഇത് ടീമിനെ സംബന്ധിച്ചു നല്ല കാര്യവും നല്ല തലവേദനയുണ്ടാക്കുന്ന കാര്യവുമാണ്. ഏതു പൊസിഷനിൽ കളിക്കാനും താരങ്ങൾ പാകപ്പെടണം എന്നതാണ് ടീമിന്റെ കാഴ്ചപ്പാട്'- സൂര്യകുമാർ പ്രതികരിച്ചു.
മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു നിലവിൽ സഞ്ജു മിന്നും ഫോമിലാണ്. ടൂർണമെന്റിൽ രണ്ട് അർധ സെഞ്ച്വറികളും രണ്ട് 40 പ്ലസ് സ്കോറുകളും നേടിയാണ് സഞ്ജു എത്തിയത്. ആന്ധ്രയ്ക്കെതിരെ സഞ്ജു 56 പന്തിൽ 73 റൺസുമായി ടീമിന്റെ ടോപ് സ്കോററായി ഒറ്റയ്ക്ക് പൊരുതിയിരുന്നു. നാളെ തുടങ്ങുന്ന പോരാട്ടത്തിൽ സഞ്ജുവിനു പകരം ജിതേഷിനു തന്നെയായിരിക്കും ടീമിൽ സ്ഥാനം ലഭിക്കുക. അതേസമയം മുഷ്താഖ് അലി ട്രോഫിയിൽ ബറോഡയ്ക്കായി കളിച്ച ജിതേഷിന്റെ ഉയർന്ന സ്കോർ 41 ആണ്.
2024ൽ ഇന്ത്യ ടി20 ലോകകപ്പ് നേടിയ ശേഷം ടീമിന്റെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരിൽ സഞ്ജുവാണ് മൂന്നാമത് നിൽക്കുന്നത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഓപ്പണറായി ഇറങ്ങിയ രണ്ട് സെഞ്ച്വറികളടക്കം മൂന്ന് ശതകങ്ങളാണ് ഓപ്പണറായി ഇറങ്ങി സഞ്ജു അടിച്ചെടുത്തത്. എന്നാൽ ഗിൽ ടീമിലെത്തിയതോടെ ഓപ്പണർ സ്ഥാനം നഷ്ടമായി. വലിയ ചർച്ചകൾക്കു വഴി മരുന്നിട്ട തീരുമാനം കൂടിയായിരുന്നു ഈ മാറ്റം. ടി20യിൽ അപൂർവമായി മാത്രമാണ് സഞ്ജു മധ്യനിരയിൽ കളിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates