India vs West Indies x
Sports

ഇനി 'ടി20 വെടിക്കെട്ട്'! ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ആദ്യ പോരാട്ടം ഇന്ന് വൈകീട്ട് 7 മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലഖ്‌നൗ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകീട്ട് ഏഴ് മുതല്‍ ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം. ഏകദിന പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം പോരാട്ടം ഈ മാസം 9നും മൂന്നാം മത്സരം 11നും അരങ്ങേറും. 14, 17 തീയതികളിലാണ് ശേഷിക്കുന്ന രണ്ട് പോരാട്ടങ്ങള്‍.

ഓപ്പണിങില്‍ ആര് എന്ന കണ്‍ഫ്യൂഷന്‍ തന്നെയാണ് മത്സരത്തിന് മുന്‍പ് പരിശീലകന്‍ ഗൗതം ഗംഭീറിനു മുന്നിലുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍, വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി എന്നിവരില്‍ ആരെ കളിപ്പിക്കും എന്നറിയാനുള്ള കൗതുകം ആരാധകര്‍ക്ക് തുടരാം. ഏഷ്യന്‍ ഗെയിംസില്‍ വൈഭവ് ഓപ്പണറും സഞ്ജു മൂന്നാം സ്ഥാനത്തും കളിച്ചിരുന്നു.

എന്നാല്‍ വിന്‍ഡീസിനെതിരെ രണ്ട് പേരെയും ഒരുമിച്ച് കളിപ്പിക്കാന്‍ സാധ്യതയില്ല. മിന്നും ഫോമിലുള്ള അഭിഷേക് ശര്‍മയെ മാറ്റില്ലെന്നു ഉറപ്പാണ്. അഫ്ഗാനെതിരായ പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയ സഞ്ജുവിനു തന്നെയാണ് നിലവില്‍ വൈഭവിനേക്കാള്‍ മുന്‍തൂക്കമുള്ളത്. വൈഭവിനോട് താന്‍ കാര്യങ്ങള്‍ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗംഭീര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവര്‍ ഫോമിലാണ്. ഇരുവരുടേയും സാന്നിധ്യം മധ്യനിരയ്ക്ക് കരുത്താകും. പേസ് ഓള്‍ റൗണ്ടര്‍ ശിവം ദുബെയും മികവിലേക്ക് ഉയര്‍ന്നത് ഇന്ത്യക്ക് ആശ്വാസമാണ്.

അതേസമയം പരിചയ സമ്പത്ത് അത്ര ഇല്ലാത്ത ബൗളിങ് നിര ഇന്ത്യക്ക് തലവേദനയാണ്. അര്‍ഷ്ദീപ് സിങിനു കൂട്ടായി 6 മത്സരം കളിച്ച മായങ്ക് യാദവും 3 മത്സരം കളിച്ച പ്രിന്‍സ് യാദവുമാണ് ടീമിലുള്ളത്. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്‍ ബൗളിങിന് ചുക്കാന്‍ പിടിക്കുന്നത്. ഏകദിന പരമ്പരയില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞാണ് കുല്‍ദീപ് നില്‍ക്കുന്നത്.

ടി20യില്‍ കരുത്തരാണ് വിന്‍ഡീസ്. രണ്ട് തവണ ലോക ചാംപ്യന്‍മാരായ സംഘം. ഷായ് ഹോപ് തന്നെയാണ് നായകന്‍. ഏകദിന പരമ്പരയില്‍ അപാര ബാറ്റിങുമായി കളംവാണ ഹോപിന്റെ ഫോം വിന്‍ഡീസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്.

റൊമാരിയോ ഷെപ്പേഡ്, റോവ്മാന്‍ പവല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നീ പരിചയസമ്പന്നരും ടി20 ഫോര്‍മാറ്റില്‍ ടീമിലുണ്ട്. വെടിക്കെട്ട് ബാറ്റര്‍മാരുടെ സാന്നിധ്യം കരീബിയന്‍ സംഘത്തെ ലോകത്തെ ഏതൊരു ടീമിനും കടുത്ത വെല്ലുവിളി തന്നെയാണ്. ഏകദിന പരമ്പരയിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യയെ ചെയ്‌സ് ചെയ്ത് വീഴ്ത്തിയതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്.

India lead the head-to-head record against West Indies, having won 20 of the 31 matches between the teams

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകും'; മന്ത്രി എത്തുംമുന്‍പെ 'കസ്റ്റഡിയില്‍'

വേടനു വിദേശത്തേക്ക് പോകാന്‍ പിസിസി; ഹൈക്കോടതി നിര്‍ദേശം നല്‍കി

1982ൽ നേർക്കുനേർ... ഇന്ന് കാണാം 'ഇന്ത്യ- ഉറുഗ്വെ' ഫുട്‌ബോള്‍!

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് തെങ്കാശിയില്‍