വഡോദര: സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം. അപരാജിത സെഞ്ച്വറിയുമായി കളം നിറഞ്ഞ പ്രതിക റാവലാണ് ഇന്ത്യയുടെ വിജയ ശില്‍പി. വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യന്‍ സംഘം ജയം പിടിച്ചത്. സ്‌കോര്‍: സിംബാബ്‌വെ -49.5 ഓവറില്‍ 197ന് പുറത്ത്, ഇന്ത്യ - 27.1 ഓവറില്‍ ഒന്നിന് 200. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. രണ്ടാം മത്സരം ഞായറാഴ്ച ഇതേവേദിയില്‍ നടക്കും.
മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അവരുടെ മാന്ത്രികത പുറത്തെടുത്തു. സിംബാബ്‌വെ നിരയില്‍ ബിലവെഡ് ബിസ മാത്രമാണ് പിടിച്ചു നിന്നത്. 92 പന്തുകളില്‍ നിന്ന് 5 സിക്‌സറുകളുടെയും 5 ഫോറുകളുടെയും അകമ്പടിയോടെ 62 റണ്‍സെടുത്ത ബിസയാണ് അവരുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ മാവുങ്കയും (29) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ഇന്ത്യന്‍ സ്പിന്‍ കരുത്തിനുമുന്നില്‍ സിംബാബ്‌വെ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത ശ്രീ ചരണി 10 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി സിംബാബ്‌വെയുടെ നട്ടെല്ലൊടിച്ചു. ക്രാന്തി ഗൗഡ് 3 വിക്കറ്റും ദീപ്തി ശര്‍മ 2 വിക്കറ്റും വീഴ്ത്തിയതോടെ, പോരാട്ടം 49.5 ഓവറില്‍ 197 റണ്‍സില്‍ അവസാനിച്ചു.
പ്രതിക റാവല്‍ ഷോ
198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ പ്രതിക റാവലും സ്മൃതി മന്ധാനയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറുകളില്‍ തന്നെ ബൗണ്ടറികളുമായി കളം വാണ പ്രതിക റാവല്‍ സിംബാബ്‌വെ ബൗളര്‍മാരെ കാഴ്ചക്കാരാക്കി.
ക്യാപ്റ്റന്‍ സ്മൃതി മന്ധാന 34 പന്തുകളില്‍ നിന്ന് 32 റണ്‍സെടുത്ത് പുറത്തായെങ്കിലും, ശേഷിച്ച സമയം പ്രതിക റാവലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 96 പന്തുകള്‍ നേരിട്ട പ്രതിക മനോഹരമായ 15 ഫോറുകളുടെ അകമ്പടിയോടെ അവിസ്മരണീയ സെഞ്ച്വറി (100*) പൂര്‍ത്തിയാക്കി. ഷെഫാലി വര്‍മയും തകര്‍ത്തടിച്ചതോടെ ഇന്ത്യ 27.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. 33 പന്തില്‍ 5 ഫോറും 4 സിക്‌സുമുള്‍പ്പെടെ 64 റണ്‍സുമായി ഷെഫാലിയും പുറത്താകാതെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates