ന്യൂഡൽഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഈ മാസം 13 ഞായറാഴ്ച തുടക്കമാകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്ത അപൂര്‍വതയ്ക്കും ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം സാക്ഷ്യം വഹിക്കും. അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യൻ ടീം ഉപയോഗിക്കുക അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ സന്ദര്‍ശകർക്കുള്ള ഡ്രസിങ് റൂം!
പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നടക്കുന്നത്. എന്നാൽ ഈ പരമ്പരയുടെ ഔദ്യോഗിക ആതിഥേയർ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആണ്. ഐസിസി പ്രോട്ടോക്കോൾ അനുസരിച്ച് ഹോസ്റ്റ് ടീമിനാണ് ഹോം ഡ്രസിങ് റൂം അനുവദിക്കുക. ഇതുകൊണ്ടാണ് മത്സരത്തിന്‍റെ ഔദ്യോഗിക ആതിഥേയരായ അഫ്ഗാനിസ്ഥാന് ഹോം ഡ്രസിങ് റൂമും ഇന്ത്യൻ ടീമിന് സന്ദർശകരുടെ ഡ്രസിങ് റൂമും കിട്ടുന്നത്.
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ താരം രമൺ ലാംബയുടെ പേരിലാണ് ആതിഥേയരുടെ ഡ്രസിങ് റൂം. ഇതാണ് അഫ്ഗാൻ താരങ്ങൾ ഉപയോഗിക്കുക. സന്ദർശക ടീമിന് പ്രകാശ് ഭണ്ഡാരിയുടെ പേരിലുള്ള ഡ്രസ്സിങ് റൂമാണ് ഇവിടെയുള്ളത്. ഇന്ത്യൻ താരങ്ങൾ ഈ റൂമും ഉപയോഗിക്കും. ടോസ് ഉൾപ്പെടെയുള്ള മറ്റ് ഔദ്യോഗിക പ്രോട്ടോക്കോളുകളിലും ഇന്ത്യയെ സന്ദര്‍ശക ടീമായിട്ടായിരിക്കും പരിഗണിക്കുക.
സ്വന്തം രാജ്യത്ത് സുരക്ഷാ- അടിസ്ഥാന സൗകര്യ വെല്ലുവിളികൾ ഉള്ളതിനാൽ അഫ്ഗാനിസ്ഥാൻ തങ്ങളുടെ ഹോം മത്സരങ്ങൾ മറ്റ് രാജ്യങ്ങളിലാണ് നടത്താറുള്ളത്. ഇന്ത്യൻ മണ്ണിൽ നടക്കുന്ന ഒരു പരമ്പരയിൽ അഫ്ഗാനിസ്ഥാൻ ഔദ്യോഗിക ആതിഥേയരാകുന്നതും ഇന്ത്യൻ ടീം വിസിറ്റിങ് ഡ്രസിങ് റൂമിലേക്ക് മാറുന്നതും ഇതാദ്യമാണ്.
ഈ മാസം 13, 15, 17 തീയതികളിലാണ് പരമ്പരയിലെ പോരാട്ടങ്ങൾ. മൂന്ന് മത്സരങ്ങളുടേയും വേദി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates