ലണ്ടൻ: ‘ബാറ്റുകൾ അയൽവാസിയുടെ ഭാര്യയേപ്പോലെ’യാണ് എന്ന പ്രയോഗത്തിൽ ഖേദപ്രകടനവുമായി ഇന്ത്യൻ താരം ദിനേഷ് കാർത്തിക്. കമന്ററി ബോക്സിൽ അരങ്ങേറ്റം കുറിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ തന്നെ വിവാദത്തിലായ താരം തൊട്ടടുത്ത മത്സരത്തിൽ കമന്ററ്റി ബോക്സിൽവച്ചു തന്നെ ഖേദപ്രകടനം നടത്തി. താരത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
‘കഴിഞ്ഞ മത്സരത്തിൽ സംഭവിച്ച കാര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഉദ്ദേശിച്ചതുപോലെയല്ല കാര്യങ്ങൾ സംഭവിച്ചത്. പറഞ്ഞുവന്നത് തെറ്റിപ്പോയി. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പറയാൻ പാടില്ലാത്തതാണ് എന്റെ വായിൽനിന്ന് വന്നത്. ആ പരാമർശത്തിന്റെ പേരിൽ ഭാര്യയും അമ്മയും ഉൾപ്പെടെ എന്നെ ശാസിച്ചു’, ഇംഗ്ലണ്ട് – ശ്രീലങ്ക മൂന്നാം ഏകദിനത്തിനിടെ കമന്ററി ബോക്സിൽവച്ചു തന്നെ കാർത്തിക് പ്രതികരിച്ചു.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പാനലിൽ ഇടംപിടിച്ച ദിനേഷ് കാർത്തിക്, അരങ്ങേറ്റത്തിൽ ആരാധകരുടെ കൈയടി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത പരമ്പരയിൽത്തന്നെ കാർത്തിക് വിവാദത്തിൽ ചാടിയത്. മിക്ക ബാറ്റ്സ്മാൻമാർക്കും സ്വന്തം ബാറ്റിനേക്കാൾ ഉപയോഗിക്കാൻ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന കാര്യം വിശദീകരിക്കാനാണ് കാർത്തിക് വിവാദം സൃഷ്ടിച്ച ഉപമ അവതരിപ്പിച്ചത്.
‘ബാറ്റ്സ്മാൻമാരിൽ ഏറിയ പങ്കിനും അവരുടെ സ്വന്തം ബാറ്റിനോട് അത്ര മമതയില്ല. അവർക്ക് കൂടുതൽ താത്പര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകൾ അയൽക്കാരന്റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതൽ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും’ – ഇതായിരുന്നു കാർത്തിക്കിന്റെ പരാമർശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates