ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച് ടീമിനെ തിരഞ്ഞെടുക്കാൻ ജ്യോതിഷിയുട സഹായം തേടിയെന്നു വെളിപ്പെടുത്തൽ. എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാനാണ് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്യോതിഷി ഭൂപേഷ് ശർമയുടെ സഹായം തേടിയത്. ജ്യോത്സ്യന്റെ നിർദ്ദേശമനുസരിച്ചാണ് പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തതെന്നു എഐഎഫ്എഫ് മുൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് വെളിപ്പെടുത്തി.
2022 മെയിലാണ് ക്രൊയേഷ്യക്കാരനായ സ്റ്റിമാചിനു ജ്യോതിഷിയെ എഐഎഫ്എഫ് തന്നെ പരിചയപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തിനു മുൻപാണ് സ്റ്റിമാച് ജ്യോതിഷിയെ കണ്ടത്. ജൂൺ 11ലെ ഈ മത്സരത്തിൽ കളിക്കേണ്ട താരങ്ങളുടെ പട്ടിക സ്റ്റിമാച് ഒൻപതാം തീയതി ജ്യോത്സനു നൽകുകയും ചെയ്തു.
നന്നായി കളിക്കും, അമിത ആത്മവിശ്വാസം മാറ്റണം, ശരാശരി, ഇന്ന് കളിപ്പിച്ചാൽ ശരിയാവില്ല തുടങ്ങിയ ഉപദേശങ്ങളാണ് വിവിധ താരങ്ങളുമായി ബന്ധപ്പെട്ട് ജ്യോതിഷി നൽകിയത്. ജ്യോതിഷിയുടെ വാക്ക് കേട്ടു രണ്ട് പ്രധാന താരങ്ങളെ ടീമിൽ നിന്നു ഒഴിവാക്കുക പോലുമുണ്ടായെന്നു റിപ്പോർട്ടിൽ പറയുന്നു.
രണ്ട് മാസമാണ് ജ്യോതിഷിയുടെ സേവനമുണ്ടായത്. 15 ലക്ഷം രൂപ വരെയായിരുന്നു പ്രതിഫലം.
അഫ്ഗാനെതിരായ മത്സരം ഇന്ത്യ 2-1നാണ് വിജയിച്ചത്. ആ ഘട്ടത്തിൽ മെയ് മുതൽ ജൂൺ വരെ ഇന്ത്യ അഫ്ഗാനടക്കമുള്ള നാല് ടീമുകൾക്കെതിരെയാണ് കളിച്ചത്. ജോർദാൻ, കംബോഡിയ, ഹോങ്കോങ് ടീമുകൾക്കെതിരെയായിരുന്നു മത്സരങ്ങൾ. ഹോങ്കോങിനെ തോൽപ്പിച്ച് ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യതയും നേടി.
ഓരോ മത്സരത്തിനു മുൻപും താരങ്ങളെ തിരഞ്ഞെടുക്കാൻ ജ്യോതിഷി മാനേജ്മെന്റിനെ സഹായിച്ചു. താരങ്ങളുടെ പരിക്ക്, പകരക്കാരെ ഉൾപ്പെടുത്തൽ തുടങ്ങി ടീമിന്റെ തന്ത്രങ്ങളിൽ വരെ ഭൂപേഷിന്റെ ഇടപെടലുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates