ന്യൂഡല്‍ഹി: ആരാണ് ഏഷ്യയിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റര്‍? രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധനെ... പേരുകള്‍ ഇനിയും ഉയരാം. എന്നാല്‍ ഇവര്‍ ആരുമല്ല ഏറ്റവും മികച്ച മധ്യനിര ബാറ്റര്‍ എന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗ്. താന്‍ കളിച്ച കാലത്ത് ഏറ്റവും മികച്ച രീതിയില്‍ മധ്യനിരയില്‍ ഉറച്ചു നിന്നു പോരാടിയ താരം പാകിസ്ഥാന്‍ ഇതിഹാസം ഇന്‍സമാം ഉള്‍ ഹഖായിരുന്നുവെന്ന് സെവാഗ് പറയുന്നു. തന്റെ ഫുള്‍ മാര്‍ക്കും ഇന്‍സി ഭായ്ക്ക് നല്‍കുകയാണ് സെവാഗ്.
ബാറ്റിങ് ഇതിഹാസം സച്ചിനെ മാറ്റി നിര്‍ത്തിയാണ് സെവാഗ് ഇന്‍സിയെ തിരഞ്ഞെടുത്തത്. സച്ചിനെ മറ്റൊരാളുമായും സമീകരിക്കാന്‍ സാധിക്കില്ലെന്ന് സെവാഗ് അടിവരയിടുന്നു. കാരണം കളിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന ക്രിക്കറ്റ് വ്യക്തിത്വമാണ് സച്ചിനെന്ന് സെവാഗ്.
'എല്ലാവരും സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറിച്ച് വാചാലരാകുന്നു. എന്നാല്‍ ഏഷ്യയിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റര്‍ ഇന്‍സമാം ഉള്‍ ഹഖാണ്. സച്ചിന്‍ കളിയേക്കാള്‍ മുകളില്‍ നില്‍ക്കുന്ന താരമാണ്. അദ്ദേഹത്തെ ഇതിലേക്ക് പരിഗണിക്കുന്നില്ല. കാരണം അദ്ദേഹം മറ്റൊരു താരവുമായും തുലനം ചെയ്യാന്‍ പോലും സാധിക്കാത്ത മികവിന്റെ അടയാളമാണ്.'
'ഇന്‍സമാമിനെ പോലെ മധ്യനിര ഭരിച്ചു കളിച്ച ഒരു താരവും ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകളില്ല. ആ കാലത്തെ കളികള്‍ പരിശോധിച്ചാല്‍ പത്ത് ഓവറില്‍ 80 റണ്‍സ് എന്ന ലക്ഷ്യം ഇന്‍സിക്ക് വളരെ എളുപ്പത്തിലുള്ള ടാസ്‌ക് ആയിരുന്നു. 2003-04 കാലഘട്ടത്തില്‍ അദ്ദേഹം ഓരോവറില്‍ എട്ട് റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ക്രീസില്‍ സഹ ബാറ്ററായി നില്‍ക്കുന്ന താരത്തോട് 10 ഓവറില്‍ 80 റണ്‍സ് നമുക്ക് എളുപ്പത്തില്‍ സ്‌കോര്‍ ചെയ്യാമെന്ന് പറയും. മറ്റു ടീമുകളിലെ താരങ്ങള്‍ പരിഭ്രാന്തരാകും ഇത്തരം സന്ദര്‍ഭങ്ങളില്‍. എന്നാല്‍ എല്ലാ സമയത്തും ഇന്‍സി ഭായ് നല്ല ആത്മവിശ്വാസത്തിലായിരിക്കും.'
ഇന്ത്യയില്‍ നടന്ന ഒരു ഇന്ത്യ- പാക് മത്സരത്തിനിടയിലെ രസകരമായ സംഭവവും സെവാഗ് ഓര്‍ത്തെടുക്കുന്നു.
'2005ല്‍ ഇന്ത്യയില്‍ നടന്ന സംഭവമാണ്. ഡാനിഷ് കനേരിയ എന്റെ പാഡുകള്‍ക്ക് നേരെ വിക്കറ്റിനു ചുറ്റും പന്തെറിഞ്ഞുകൊണ്ടിരുന്നു. എന്നെ സ്‌കോര്‍ ചെയ്യുന്നതില്‍ നിന്നു തടയുകയായിരുന്നു ലക്ഷ്യം. ഒന്നോ രണ്ടോ ഓവറുകള്‍ ഞാന്‍ പ്രതിരോധത്തില്‍ ഊന്നിയാണ് കളിച്ചത്. ഒടുവില്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇന്‍സി ഭായ് കുറച്ചു സമയമായി ഇതു തുടരുന്നു. എന്റെ കാലുകള്‍ വല്ലാതെ വേദനിക്കുന്നുണ്ട്. സര്‍ക്കിളിനുള്ളിലെ ലോങ് ഓണ്‍ ഫീല്‍ഡറെ തിരിച്ചു വിളിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു.'
'അങ്ങനെ ഫീല്‍ഡറെ തിരികെ വിളിച്ചാല്‍ താന്‍ എന്തു ചെയ്യുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാന്‍ സിക്‌സ് അടിച്ചു കാണിച്ചു തരാം എന്നു മറുപടി നല്‍കി. നിങ്ങളെന്താണ് തമാശ പറയുകയാണോ എന്നു അദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് സിക്‌സ് അടിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഫീല്‍ഡറെ പഴയ സ്ഥാനത്തേക്ക് തന്നെ നിങ്ങള്‍ തിരിച്ചയച്ചോളാന്‍ ഞാന്‍ പറഞ്ഞു. അദ്ദേഹം ഫീല്‍ഡറെ തിരികെ വിളിച്ചു. പന്തെറിയുന്ന കനേരിയ പക്ഷേ ഇക്കാര്യം അറിഞ്ഞില്ല. അദ്ദേഹം എനിക്കു നേരെ ഗൂഗ്ലിയെറിഞ്ഞു. ഞാന്‍ ആ ഗൂഗ്ലിയെ ലോങ് ഓണില്‍ സിക്‌സ് തൂക്കി.'
'സിക്‌സ് വഴങ്ങേണ്ടി വന്നതോടെ കനേരിയ അസ്വസ്ഥനായി. അദ്ദേഹം ദേഷ്യത്തോടെ ഇന്‍സമാമിനെ നോക്കി ഇന്‍സി ഭായ് നിങ്ങളെന്തിനാണ് ഫീല്‍ഡറെ തിരികെ വിളിച്ചതെന്ന് ചോദിച്ചു. മിണ്ടാതിരിക്കാനാണ് അപ്പോള്‍ ഇന്‍സി കനേരിയയോട് ആവശ്യപ്പെട്ടത്. ഇവിടെ നടക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ല. അതിനാല്‍ ദയവായി താങ്കള്‍ പോയി പന്തെറിഞ്ഞാലും എന്നു കനേരിയക്ക് അദ്ദേഹം മറുപടി നല്‍കി'- സെവാഗ് ഓര്‍ത്തെടുത്തു.
ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്ററാണ് മുന്‍ പാക് നായകന്‍ കൂടിയായ ഇന്‍സമാം ഉള്‍ ഹഖ്. 378 ഏകദിന മത്സരങ്ങളില്‍ നിന്നു 11739 റണ്‍സ് താരം അടിച്ചെടുത്തു. 120 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നു 8830 റണ്‍സും നേടി. ടെസ്റ്റില്‍ ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും ഇന്‍സി സ്വന്തമാക്കിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates