മുംബൈ; ഡേവിഡ് വാർണറിന്റേയും റൊവ്‌മാന്‍ പവലിന്‍റേയും വെടിക്കെട്ട് അർധസെഞ്വറിയുടെ ബലത്തിൽ ഡൽഹി കാപ്പിറ്റൽസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് കളിക്കാനിറങ്ങിയത്. പൊരുതി നോക്കിയെങ്കിലും 186 റൺസിൽ ഹൈദരാബാദിന് കളി അവസാനിപ്പിക്കേണ്ടിവന്നു. ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 21 റണ്‍സിന് കീഴടക്കിയതോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ് ഡല്‍ഹി. സ്കോർ- ഡൽഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 207 റണ്‍സ്. ഹൈദരാബാദ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 186.
ഡൽഹി ഉയർത്തിയ വമ്പൻ സ്കോറിനെ പിന്തുടർന്ന ഹൈദരാബാദ് നിരയിൽ 34 പന്തില്‍ 62 റണ്‍സെടുത്ത നിക്കോളാസ് പുരാനും 25 പന്തില്‍ 42 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും മാത്രമാണ് പൊരുതിയത്. തുടക്കത്തിൽ തന്നെ അഭിഷേക് ശര്‍മയും (6) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനേയും (4) ഹൈദരാബാദിനെ നഷ്ടമായി. ഈ തകർച്ചയിൽ നിന്ന് രാഹുല്‍ ത്രിപാഠിയാണ് രക്ഷിച്ചത്. എന്നാൽ 18 പന്തില്‍ 22 റൺസിൽ നിൽക്കെ മിച്ചല്‍ മാര്‍ഷ് രാഹുലിനെ മടക്കിയതോടെ ഹൈദരാബാദിന്റെ പ്രതീക്ഷകൾക്ക് മങ്ങലായി.
പിന്നീട് വന്ന ഏയ്ഡന്‍ മാര്‍ക്രവും നിക്കോളാസ് പുരാനും മികച്ച മുന്നേറ്റം നടത്തി. എന്നാൽ 25 പന്തില്‍ 42റൺസിൽ നിൽക്കെ മാർക്രത്തെ ഖലീല്‍ വീഴ്ത്തിയത് തിരിച്ചടിയായി. പിന്നീട് ഹൈദരാബാദിന്റെ വിജയപ്രതീക്ഷ പുരാനിലായിരുന്നു. 34 പന്തില്‍ 62 റണ്‍സടിച്ച പുരാന്‍ പൊരുതി നോക്കിയെങ്കിലും ഡല്‍ഹി ഉയർത്തിയ റൺമല താണ്ടാനായില്ല.
ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ് നാലോവറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ശാര്‍ദ്ദുല്‍ ഠാക്കൂര്‍ നാലോവറില്‍ 44 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ആന്‍റിച്ച് നോര്‍ക്യ നാലോവറില്‍ 35 റണ്‍സിന് ഒരു വിക്കറ്റെടുത്തു. ജയത്തോടെ 10 കളികളില്‍ പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് ഡല്‍ഹി ഏഴാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. 10 മത്സരങ്ങളില്‍ 10 പോയന്‍റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ആറാം സ്ഥാനത്താണ്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 207 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ വാര്‍ണറും പവലും ചേര്‍ന്നാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്. വാര്‍ണര്‍ 58 പന്തില്‍ റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ പവല്‍ 35 പന്തില്‍ 67 റണ്‍സെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates