മുംബൈ: വാങ്കഡെ സ്റ്റേഡിയത്തില്‍ തിമിര്‍ത്തുപെയ്ത മഴ ഗതി തിരിച്ച ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 3 വിക്കറ്റിന്റെ നാടകീയ ജയം. ആദ്യം ബാറ്റു ചെയ്ത മുംബൈയെ 155 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഗുജറാത്ത് അവസാന പന്തില്‍ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്. മഴയെ തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 19 ഓവറില്‍ 147 റണ്‍സായി വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ച മത്സരത്തില്‍ ദീപക് ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് അവസാന പന്തിലാണ് വിജയമുറപ്പിച്ചത്.
ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തിയ ഗുജറാത്ത് പ്ലേഓഫ് സ്ഥാനവും ഏറക്കുറെ ഉറപ്പാക്കി. നാലാം സ്ഥാനത്തുള്ള മുംബൈയ്ക്ക് ഇനിയുള്ള രണ്ടു മത്സരങ്ങളും നിര്‍ണായകമാണ്. 156 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനെ ശുഭ്മന്‍ ഗില്ലും (46 പന്തില്‍ 43) ജോസ് ബട്‌ലറും (27 പന്തില്‍ 30) ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കരുതലോടെ മുന്നോട്ടു നയിച്ചു. 14-ാം ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്ത ഗുജറാത്ത് അനായാസ വിജയം നേടുമെന്നു കരുതിയപ്പോഴാണ് ആദ്യം മഴയെത്തുന്നത്.
അരമണിക്കൂറിനുശേഷം മഴ ശമിച്ച് മത്സരം പുനരാരംഭിച്ചപ്പോള്‍ കളിയുടെ ഗതി തിരിഞ്ഞു. മുംബൈയുടെ പേസ് ബൗളിങ് കൊടുങ്കാറ്റില്‍ ഗുജറാത്ത് ബാറ്റിങ് നിര ആടിയുലയുന്ന കാഴ്ചയാണ് കണ്ടത്. ജസ്പ്രീത് ബുമ്ര നയിച്ച പേസ് ആക്രമണം അടുത്ത 4 ഓവറിനിടെ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് പിഴുതു. ശുഭ്മാന്‍ ഗില്‍ (43), ഷെര്‍ഫെയ്ന്‍ റുഥര്‍ഫോഡ് (28), ഷാരൂഖ് ഖാന്‍ (6), റാഷിദ് ഖാന്‍ (2) എന്നിവര്‍ അതിവേഗം കൂടാരം കയറി.
6ന് 132 എന്ന നിലയില്‍ പരുങ്ങിയ ഗുജറാത്തിന് മുന്നില്‍ അവസാന 2 ഓവറില്‍ 24 റണ്‍സെന്ന ലക്ഷ്യം ഉയര്‍ന്നുനില്‍ക്കുമ്പോഴാണ് മഴ രണ്ടാം തവണയും കളിമുടക്കിയെത്തിയത്. തുടര്‍ന്ന് വിജയലക്ഷ്യം 19 ഓവറില്‍ 147 റണ്‍സായി പുനര്‍ നിര്‍ണയിച്ചതോടെ ഒരോവറില്‍ 15 റണ്‍സായി ഗുജറാത്തിന്റെ ലക്ഷ്യം. പക്ഷേ ഒരു സിക്‌സും ഫോറും നേടിയ ഗുജറാത്തിന് നോബോള്‍ വഴങ്ങിയ ദീപക് ചാഹറിന്റെ പിഴവും അനുഗ്രഹമായി.
നേരത്തേ ഓപ്പണര്‍മാരായ റയാന്‍ റിക്കല്‍ട്ടനെയും (0) രോഹിത് ശര്‍മയെയും (7) തുടക്കത്തിലേ നഷ്ടമായ മുംബൈയെ കരകയറ്റിയത് അര്‍ധ സെഞ്ചറി നേടിയ വില്‍ ജാക്‌സിന്റെ (35 പന്തില്‍ 53) ഇന്നിങ്‌സാണ്. മൂന്നാം വിക്കറ്റില്‍ 43 പന്തില്‍ 71 റണ്‍സ് നേടിയ വില്‍ ജാക്‌സ് -സൂര്യകുമാര്‍ യാദവ് (24 പന്തില്‍ 35) കൂട്ടുകെട്ടിന്റെ ബലത്തിലാണ് മുംബൈ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates