ആംസ്റ്റർഡാം: പ്രീക്വാർട്ടറിൽ ഡെൻമാർക്കിന് മുൻപിൽ നാണംകെട്ട് വെയിൽസ് യൂറോ കപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇത് ദേശിയ കുപ്പായത്തിലെ അവസാന മത്സരമാണോ എന്ന ചോദ്യത്തിൽ പ്രകോപിതനായി ഗാരെത് ബെയ്ൽ. മത്സരത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ടോട്ടനം താരത്തിന്റെ ഭാവിയിലേക്ക് ചൂണ്ടി ചോദ്യം ഉയർന്നത്.
യൂറോ പ്രീക്വാർട്ടറിൽ 4-0നാണ് കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകൾ ഡെൻമാർക്കിന് മുൻപിൽ കീഴടങ്ങിയത്. രാജ്യാന്തര ഫുട്ബോളിലും ക്ലബ് ഭാവിയിലും തീരുമനമെടുക്കേണ്ടതുണ്ടെങ്കിലും അത് ഇപ്പോൾ വെളിപ്പെടുത്താൻ ബെയ്ൽ തയ്യാറല്ലെന്ന് വ്യക്തം. 96 മത്സരങ്ങളാണ് വെയിൽസിന് വേണ്ടി ബെയ്ൽ ഇതുവരെ കളിച്ചത്.
ദേശിയ ടീമിന് വേണ്ടി 100 മത്സരങ്ങൾ എന്ന നേട്ടത്തിലേക്ക് എത്താൻ 4 കളികൾ കൂടി മതി ബെയ്ലിന് ഇനി. എന്നാൽ യൂറോ കപ്പിൽ ക്വാർട്ടർ ഫൈനൽ കാണാതെ വെയിൽസ് പുറത്തായ സാഹചര്യത്തിൽ പടിയിറങ്ങാൻ ബെയ്ൽ തീരുമാനിക്കുമോ എന്ന വിലയിരുത്തലും ശക്തമാണ്. 2022 ലോകകപ്പ് കളിക്കാൻ ബെയ്ൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഖത്തറിൽ പന്തുരുളാൻ ഇനി 18 മാസം കൂടിയുള്ളെന്നിരിക്കെ വെയിൽസിനൊപ്പം തുടരാനാവണം ബെയ്ലിന്റെ തീരുമാനം. ലോകകപ്പ് യോഗ്യതയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റാണ് വെയിൽസിന് ഇപ്പോഴുള്ളത്. 33 ഗോളുകൾ വെയിൽസ് കുപ്പായത്തിൽ ബെയ്ൽ നേടി. ദേശിയ ടീമിന് വേണ്ടിയുള്ള ഗോൾ വേട്ടയിൽ മുൻപിൽ ബെയ്ൽ തന്നെ. 2013ൽ ടോട്ടനത്തിൽ നിന്ന് ആ സമയത്തെ ലോക റെക്കോർഡ് തുകയ്ക്കാണ് ബെയ്ൽ റയൽ മാഡ്രിഡിലേക്ക് എത്തുന്നത്. 2006ലായിരുന്നു അരങ്ങേറ്റം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates