ബംഗളൂരു: മാസങ്ങൾ നീണ്ട പരിക്കിന്റെ പ്രശ്നങ്ങളിൽ നിന്ന് ഒടുവിൽ ഇന്ത്യൻ സുപ്രീം പേസർ ജസ്പ്രിത് ബുംറ മോചിതൻ. താരം ഫിറ്റ്നസ് വീണ്ടെടുത്തു. ഈ മാസം 13 മുതൽ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ ബുംറ കളിക്കുമെന്ന് ഉറപ്പായി. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് പോരാട്ടത്തിലും സ്റ്റാർ പേസർ പന്തെറിയും.
ബുംറയ്ക്ക് പുറമെ നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ എന്നിവരും ഫിറ്റ്നസ് വീണ്ടെടുത്തു. അതേസമയം വീണ്ടും പരിക്കേറ്റതിനാൽ ഹർഷിത് റാണയ്ക്ക് പരമ്പര നഷ്ടമാകും. താരത്തിനു പകരം യഷ് ഠാക്കൂറിനെ ടീമിൽ ഉൾപ്പെടുത്തി.
ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനവും പിന്നാലെ നടന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും ബുംറയ്ക്കു നഷ്ടമായിരുന്നു. ഇടതു കൽമുട്ടിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായി മാറിയത്.
ബിസിസിഐ സെന്റർ ഓഫ് എക്സ്‍ലൻസിൽ പുനരധിവാസത്തിലായിരുന്നു ഹർഷിത റാണ. പരിക്ക് ഭേദമായി വരുന്നതിനിടെ ഈ മാസം ഏഴിനു നടന്ന മാച്ച് സിമുലേഷൻ പരിശീലനത്തിനിടെയാണ് താരത്തിനു വീണ്ടും പരിക്കേറ്റത്.
ജൂലൈയിൽ സിംബാബ്‍വെ പര്യടനത്തിലാണ് യഷ് ഠാക്കൂർ ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തിയത്. രണ്ട് മത്സരങ്ങളിൽ നിന്നു താരം 4 വിക്കറ്റുകൾ വീഴ്ത്തി. ദുലീപ് ട്രോഫിയിൽ സെൻട്രൽ സോണിനായി കളിച്ച താരം 4 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ലഖ്നൗ സൂപ്പർ ജയന്റ്സ്, പഞ്ചാബ് കിങ്സ് ടീമുകൾക്കായി ഐപിഎല്ലിലും കളിച്ച താരമാണ് യഷ് ഠാക്കൂർ.
ഈ മാസം 13, 15, 17 തീയതികളിലാണ് അഫ്ഗാനെതിരായ ടി20 പരമ്പര. ഡൽഹിയിലാണ് മത്സരങ്ങൾ. ഇതിനു ശേഷം ഇതേ ടീം ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പറക്കും. ഈ മാസം 28 മുതലാണ് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന്റെ ക്വാർട്ടർ പോരാട്ടങ്ങൾ. ഇന്ത്യ നേരിട്ട് ക്വാർട്ടറിലേക്ക് കടന്നിട്ടുണ്ട്.
ഇന്ത്യൻ ടി20 ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, തിലക് വർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രിത് ബുംറ, അർഷ്ദീപ് സിങ്, യഷ് ഠാക്കൂർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates