ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമെന്ന ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിലേക്ക് കണ്ണും നട്ട് കുതിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ആ നേട്ടത്തിലെത്തും മുൻപ് സച്ചിന്റെ മറ്റൊരു ടെസ്റ്റ് റെക്കോർഡ് തകർത്തു. ടെസ്റ്റിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറികൾ നേടുന്ന താരമെന്ന സച്ചിന്റെ റെക്കോർഡാണ് റൂട്ട് സ്വന്തം പേരിലേക്ക് മാറ്റിയത്. പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 62 റൺസുമായി പുറത്താകാതെ നിന്നാണ് റൂട്ട് നേട്ടത്തിലെത്തിയത്. ടെസ്റ്റിൽ ഇംഗ്ലീഷ് നായകൻ നേടുന്ന 69ാം അർധ സെഞ്ച്വറിയാണിത്. സച്ചിൻ 68 അർധ സെഞ്ച്വറികളാണ് റെഡ് ബോൾ ക്രിക്കറ്റിൽ സ്വന്തമാക്കിയത്.
എഡ്ജ്ബാസ്റ്റനിൽ നടന്ന മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റിൽ ഇംഗ്ലണ്ടിന് 130 റൺസായിരുന്നു ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യവേയാണ് റൂട്ട് പുറത്താകാതെ 69 പന്തിൽ 62 റൺസ് അടിച്ചെടുത്തത്. 8 ഫോറുകൾ സഹിതമാണ് അർധ സെഞ്ച്വറി.
ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റികൾ നേടിയ താരങ്ങൾ
69- ജോ റൂട്ട് (ഇംഗ്ലണ്ട്)
68- സച്ചിൻ ടെണ്ടുൽക്കർ (ഇന്ത്യ)
66- ശിവ്നരെയ്ൻ ചന്ദർപോൾ (വെസ്റ്റ് ഇൻഡീസ്)
63- അലൻ ബോർഡർ (ഓസ്ട്രേലിയ)
63- രാഹുൽ ദ്രാവിഡ് (ഇന്ത്യ)
62- റിക്കി പോണ്ടിങ് (ഓസ്ട്രേലിയ)
1000 റൺസ്
എഡ്ജ്ബാസ്റ്റൻ പിച്ചിൽ 1000 റൺസിലധികം നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടവും മത്സരത്തിൽ റൂട്ട് സ്വന്തമാക്കി. ഇംഗ്ലണ്ടിലെ നാല് വ്യത്യസ്ത ടെസ്റ്റ് വേദികളിൽ ആയിരം അതിനു മുകളിൽ റൺസ് നേടുന്ന താരമായും റൂട്ട് മാറി. ലോർഡ്സിൽ 2203 റൺസും മാഞ്ചസ്റ്ററിൽ 1128 റൺസും, ഓവലിൽ 1050 റൺസും റൂട്ട് നേടിയിട്ടുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്വിസ് കാലിസും ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങും സമാന നേട്ടം സ്വന്തം നാട്ടിലെ പിച്ചുകളിൽ സ്വന്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിന് ഇംഗ്ലണ്ട് തൂത്തുവാരി. മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ 8 വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് പരമ്പര പിടിച്ചത്. 130 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
സ്‌കോര്‍: പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സ് 133 റണ്‍സ്, രണ്ടാം ഇന്നിങ്‌സ് 449 റണ്‍സ്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 453 റണ്‍സ്, രണ്ടാം ഇന്നിങ്‌സ് 2 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates