ക്രൈസ്റ്റ്ചര്‍ച്ച്: ടെസ്റ്റ് ക്രിക്കറ്റ് പ്രതിരോധത്തിന്റെ രസതന്ത്രമാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാകുന്ന, ഇംഗ്ലണ്ടിന്റെ 'ബാസ്‌ബോള്‍' അടക്കമുള്ള അതിവേഗ ടെസ്റ്റ് മത്സരങ്ങളുടെ വര്‍ത്തമാന കാലത്ത് ഇതാ ഐതിഹാസികമായൊരു ചെറുത്തു നില്‍പ്പിന്റെ ഉജ്ജ്വലമായ അധ്യായം! ക്രൈസ്റ്റ്ചര്‍ച്ചില്‍ അരങ്ങേറിയ ന്യൂസിലന്‍ഡ്- വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ടെസ്റ്റ് ക്രിക്കറ്റിന്റെ ആ പ്രതിരോധ കല ആരാധകര്‍ കണ്ടു.
സ്‌കോര്‍ നോക്കിയാല്‍ ഒറ്റ നോട്ടത്തില്‍ ഈ മത്സരത്തിന്റെ ആഴവും പരപ്പും അറിയാം. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 231 റണ്‍സില്‍ ഓള്‍ ഔട്ടാകുന്നു. വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 167 റണ്‍സിനും പുറത്തായി. 64 റണ്‍സ് ലീഡുമായി കിവികള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത് കെട്ടിപ്പൊക്കിയത് 8 വിക്കറ്റ് നഷ്ടത്തില്‍ 466 റണ്‍സ്. അവര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് വിന്‍ഡീസിനു മുന്നില്‍ 531 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം വയ്ക്കുന്നു.
വിന്‍ഡീസ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയപ്പോള്‍ സമീപ കാലത്തെ അവരുടെ പ്രകടനം അറിയുന്ന ഏതൊരു ക്രിക്കറ്റ് പ്രേമിയും അവര്‍ നാലാം ദിനം തന്നെ ആയുധം വച്ചു കീഴടങ്ങുമെന്നു പ്രതീക്ഷിച്ചിട്ടുണ്ടാകും. എന്നാല്‍ സംഭവിച്ചത് അതായിരുന്നില്ല.
ആറാം സ്ഥാനത്തിറങ്ങിയ ജസ്റ്റിന്‍ ഗ്രീവ്‌സ് ഒരറ്റത്തും എട്ടാം സ്ഥാനത്തെത്തിയ കെമര്‍ റോച്ച് മറുഭാഗത്തും നിന്നും ചെറുത്തത് 621 പന്തുകള്‍. നാലാമനായി എത്തിയ ഷായ് ഹോപ്പ് നേരിട്ടത് 234 പന്തുകളും. ഗ്രീവ്‌സ് കന്നി ഇരട്ട സെഞ്ച്വറിയുമായും കെമര്‍ റോച്ച് കന്നി അര്‍ധ സെഞ്ച്വറിയുമായും പിടിച്ചു നിന്നതോടെ ന്യൂസിലന്‍ഡിനു സമനില വഴങ്ങാതെ തരമില്ലെന്ന സ്ഥിതി വന്നു. ഷായ് ഹോപ് സെഞ്ച്വറി നേടി ആദ്യം അടിത്തറയിട്ട പിച്ചിലാണ് ഗ്രീവ്‌സും റോച്ചും ചേര്‍ന്നു ഐതിഹാസിക കൂട്ടുകെട്ടുയര്‍ത്തി ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിച്ചത്. ഗ്രീവ്‌സും റോച്ചും പുറത്താകാതെ പൊരുതി വിന്‍ഡീസ് സ്‌കോര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 457 റണ്‍സില്‍ എത്തിച്ചാണ് മൈതാനം വിട്ടത്.
ഇരുവരും ചേര്‍ന്നു പിരിയാത്ത ഏഴാം വിക്കറ്റില്‍ ചേര്‍ത്തത് 180 റണ്‍സ്. അതിനു മുന്‍പ് ഹോപും ഗ്രീവ്‌സും ചേര്‍ന്നു പടുത്തുയര്‍ത്തിയത് 196 റണ്‍സും. മൂവരും ചേര്‍ന്നു രണ്ടാം ഇന്നിങ്‌സില്‍ മൊത്തം പ്രതിരോധിച്ചത് 855 പന്തുകള്‍!
388 പന്തുകള്‍ നേരിട്ട് 19 ഫോറുകള്‍ സഹിതം ഗ്രീവ്‌സ് 202 റണ്‍സുമായി പുറത്താകാതെ നിന്നു. ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി. ഇതിനു മുന്‍പ് ഒരേയൊരു സെഞ്ച്വറി മാത്രമാണ് ഗ്രീവ്‌സിന്റെ ടെസ്റ്റ് സ്റ്റാറ്റ്‌സില്‍ ഇടംപിടിച്ചിരുന്നത്. കെമര്‍ റോച്ച് 233 പന്തുകള്‍ നേരിട്ട് 8 ഫോറുകള്‍ സഹിതം 58 റണ്‍സും സ്വന്തമാക്കി. 37ാം വയസില്‍ ടെസ്റ്റിലെ കന്നി അര്‍ധ സെഞ്ച്വറിയാണ് റോച്ച് ക്രൈസ്റ്റ്ചര്‍ച്ചില്‍ നേടിയത്. ഷായ് ഹോപ് 234 പന്തുകള്‍ ചെറുത്ത് 140 റണ്‍സും സ്വന്തമാക്കി.
നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ രചിന്‍ രവീന്ദ്ര (176), ക്യാപ്റ്റനും ഓപ്പണറുമായ ടോം ലാതം (145) എന്നിവരുടെ സെഞ്ച്വറി ബലത്തിലാണ് ന്യൂസിലന്‍ഡ് 466 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates