കെസിഎല്‍  
Sports

കൊച്ചിയോട് തോല്‍വി, ആലപ്പിയുമായുള്ള മത്സരം കൊല്ലത്തിന് നിര്‍ണ്ണായകം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സിന് മികച്ചൊരു സ്‌കോര്‍ ഉയര്‍ത്താനായില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെസിഎല്ലില്‍ ലീഗ് റൗണ്ടിലെ അവസാന മല്‍സരത്തിലും ഉജ്ജ്വല വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കൊല്ലം സെയിലേഴ്‌സിനെ ആറ് വിക്കറ്റിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം ആറ് വിക്കറ്റ് നഷ്ടത്തിലാണ് 130 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി 18ആം ഓവറില്‍ ലക്ഷ്യത്തിലെത്തി. അര്‍ദ്ധ സെഞ്ച്വറി നേടിയ കെ അജീഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സിന് മികച്ചൊരു സ്‌കോര്‍ ഉയര്‍ത്താനായില്ല. സെമിയുറപ്പിക്കാന്‍ അനിവാര്യ വിജയം തേടിയിറങ്ങിയ കൊല്ലത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ വിഷ്ണു വിനോദ് മടങ്ങി. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും അഭിഷേക് ജെ നായരും കരുതലോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ ജെറിന്‍ പി എസിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടയില്‍ ആറ് റണ്ണെടുത്ത സച്ചിന്‍ ബേബിയും പുറത്തായി. അഭിഷേക് ജെ നായരെ പി കെ മിഥുനും എല്‍ബിഡബ്ല്യുവില്‍ കുടുക്കിയതോടെ മൂന്ന് വിക്കറ്റിന് 28 റണ്‍സെന്ന നിലയിലായിരുന്നു സെയിലേഴ്‌സ്.

നാലാം വിക്കറ്റില്‍ വത്സല്‍ ഗോവിന്ദും എം എസ് അഖിലും ചേര്‍ന്ന് നേടിയ 50 റണ്‍സാണ് കൊല്ലത്തെ വലിയൊരു തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 32 റണ്‍സെടുത്ത എം എസ് അഖിലിനെ ജെറിനാണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷറഫുദ്ദീനാണ് സെയിലേഴ്‌സിന്റെ സ്‌കോര്‍ 130ല്‍ എത്തിച്ചത്. ഷറഫുദ്ദീന്‍ 20 പന്തുകളില്‍ നിന്ന് നാല് സിക്‌സടക്കം 36 റണ്‍സുമായി പുറത്താകാതെ നിന്നു.അഖിലിനും ഷറഫുദ്ദീനുമൊപ്പം മികച്ച കൂട്ടുകെട്ടുകളുണ്ടാക്കിയ വത്സല്‍ ഗോവിന്ദ് 37 റണ്‍സെടുത്തു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിനും ജോബിന്‍ ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയ്ക്ക് വിനൂപ് മനോഹരന്‍ മികച്ച തുടക്കമാണ് നല്കിയത്. കൂറ്റന്‍ ഷോട്ടുകളിലൂടെ അതിവേഗം റണ്‍സുയര്‍ത്തിയ വിനൂപ് 36 റണ്‍സുമായി മടങ്ങി. റണ്ണൊഴുക്ക് കുറഞ്ഞതോടെ മികച്ച ബൌളിങ്ങുമായി പിടിമുറുക്കാന്‍ കൊല്ലത്തിന്റെ താരങ്ങള്‍ ശ്രമിച്ചെങ്കിലും കെ അജീഷിന്റെ ഉജ്ജ്വല ഇന്നിങ്‌സ് കൊച്ചിയ്ക്ക് തുണയായി. 17 പന്തുകള്‍ ബാക്കി നില്‌ക്കെ കൊച്ചി അനായാസം ലക്ഷ്യത്തിലെത്തി. അജീഷ് 39 പന്തുകളില്‍ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 58 റണ്‍സെടുത്തു.

കൊച്ചിയോട് തോല്‍വി വഴങ്ങിയതോടെ ആലപ്പിയുമായുള്ള തങ്ങളുടെ അവസാന മത്സരം കൊല്ലത്തെ സംബന്ധിച്ച് നിര്‍ണ്ണായകമായി. ഒന്‍പത് മല്‌സരങ്ങള്‍ കളിച്ച കൊല്ലത്തിന് എട്ട് പോയിന്റും ആലപ്പിയ്ക്ക് ആറ് പോയിന്റുമാണുള്ളത്. അവസാന മത്സരത്തില്‍ ആലപ്പിയെ തോല്പിച്ചാല്‍ കൊല്ലത്തിന് സെമിയിലേക്ക് മുന്നേറാം. തോറ്റാല്‍ ഇരു ടീമുകള്‍ക്കും എട്ട് പോയിന്റ് വീതമാകും. അങ്ങനെ വന്നാല്‍ റണ്‍റേറ്റായിരിക്കും സെമിയിലേക്കുള്ള ടീമിനെ നിശ്ചയിക്കുക. നിലവില്‍ ആലപ്പിയെക്കാള്‍ മികച്ച റണ്‍റേറ്റുള്ളത് കൊല്ലത്തിനാണ്. 16 പോയിന്റുള്ള കൊച്ചിയും പത്ത് പോയിന്റ് വീതമുള്ള തൃശൂരും കോഴിക്കോടും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സുമായാണ് വ്യാഴാഴ്ചത്തെ മറ്റൊരു മത്സരം

kcl kochi blue tigers kollam sailors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT