സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന ഖവാജ/ പിടിഐ 
Sports

'ബാസ്ബോളിൽ കുഴങ്ങി, പിന്നെ പൊരുതി'- ഖവാജയുടെ സെഞ്ച്വറിയിൽ ഇന്നിങ്സ് കെട്ടിപ്പൊക്കാൻ ഓസീസ് യജ്ഞം

ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 393 റൺസെന്ന നിലയിൽ നിൽക്കെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഇം​ഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇം​ഗ്ലണ്ടിന്റെ 'ബാസ്ബോൾ' ബാറ്റിങ് മാത്രമല്ലെന്ന് ഓസ്ട്രേലിയ തിരിച്ചറിഞ്ഞു. ആഷസ് ഒന്നാം ടെസ്റ്റിലെ രണ്ടാം ദിനം സ്റ്റംമ്പെടുക്കുമ്പോൾ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെന്ന നിലയിലാണ്. ഒന്നു പരുങ്ങിയാണെങ്കിലും വലിയ നഷ്ടങ്ങളില്ലാതെ രണ്ടാം ദിനം അവസാനിപ്പിക്കാൻ സാധിച്ചത് അവരെ ആശ്വസിപ്പിക്കും. 

ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 393 റൺസെന്ന നിലയിൽ നിൽക്കെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഇം​ഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ഇം​ഗ്ലീഷ് സ്കോറിനൊപ്പമെത്താൻ ഓസീസിന് 82 റൺസ് കൂടി വേണം. കൈയിലുള്ളത് അഞ്ച് വിക്കറ്റുകളും. ഇന്ന് പരമാവധി റൺസ് സ്കോർ ചെയ്യാനുള്ള നീക്കമായിരിക്കും ഓസ്ട്രേലിയ സ്വീകരിക്കുക. ഇം​​ഗ്ലണ്ട് ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ 82 റൺസിന് മുൻപ് തന്നെ വീഴ്ത്താനും നോക്കും. 

ബാസ്ബോൾ, ആക്രമണാത്മക ബാറ്റിങ് മാത്രമല്ലെന്നു ഓസ്ട്രേലിയ്ക്ക് ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ മനസിലായി. ബാറ്റിങിലെ ആക്രമണത്തിലൂടെ സമ്മർദ്ദം സൃ‌ഷ്ടിക്കുന്ന ഇം​ഗ്ലണ്ട് ഫീൽഡിങിലും ബൗളിങിലും ഹൈ പ്രസ് നയം നടപ്പിലാക്കി. തുടക്കത്തിൽ തന്നെ ഓസ്ട്രേലിയ ഒന്നു പരുങ്ങുകയും ചെയ്തു. 

വിക്കറ്റ് നഷ്ടമില്ലാതെ 14 റൺസ് എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ആരംഭിച്ചത്. ഓപ്പണർ ഉസ്മാൻ ഖവാജയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് ഓസീസിനെ താങ്ങിയത്. ഒപ്പാം ട്രാവിഡ് ഹെഡ്ഡ്, അലക്സ് കാരി എന്നിവരുടെ അർധ സെഞ്ച്വറികളും അവർക്ക് ശ്വാസം നൽകി. 14 ഫോറും രണ്ട് സിക്സും സഹിതം ഖവാജ 126 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 

ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് പത്ത് ഓവർ വരെ വിക്കറ്റ് നഷ്ടപ്പെട്ടില്ല. എന്നാൽ 11ാം ഓവറിന്റെ ആദ്യ രണ്ട് പന്തുകളിൽ ഡേവിഡ് വാർണറേയും (ഒൻപത്), പിന്നാലെ എത്തിയ മർനസ് ലബുഷെയ്നിനേയും മടക്കി സ്റ്റുവർട്ട് ബ്രോഡ് അവരെ ഞെട്ടിച്ചു. പിന്നാലെ വന്ന സ്റ്റീവ് സ്മിത്ത് 59 പന്തുകൾ പ്രതിരോധിച്ചു. പക്ഷേ താരം 16 റൺസുമായി കീഴടങ്ങി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് സ്മിത്തിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയത്. 

നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ ഇറങ്ങിയ ട്രാവിസ് ഹെഡ്ഡ്, കാമറൂൺ ​ഗ്രീൻ, അലക്സ് കാരി എന്നിവർ ചെറുത്തു നിൽക്കാൻ ആർജവം കാണിച്ചതോടെയാണ് ഓസീസ് ട്രാക്കിലായത്. പിന്നീട് കളിയുടെ കടിഞ്ഞാൺ ഓസ്ട്രേലിയക്കായി. 

ട്രാവിസ് ഹെഡ്ഡ് ഇന്ത്യയോട് പുറത്തെടുത്ത ഫോം ഇം​ഗ്ലണ്ടിനെതിരെയും ആവർത്തിച്ചു. താരം അർധ സെഞ്ച്വറി നേടി. 50 റൺസിൽ നിൽക്കെ ഹെഡ്ഡിനെ മടക്കി മൊയീൻ അലി ഇം​ഗ്ലണ്ടിന് ആശ്വാസം പകർന്നു. പിന്നീടെത്തിയ കാമറൂൺ ​ഗ്രീനും ഖവാജയ്ക്ക് ഉറച്ച പിന്തുണ നൽകി. എന്നാൽ താരം 38 റൺസിൽ മടങ്ങി. വീണ്ടും അലി തന്നെ വിക്കറ്റ് നേട്ടം ആവർത്തിച്ചു. മികച്ച രീതിയിൽ മുന്നേറുന്നതിനിടെ ​ഗ്രീൻ ക്ലീൻ ബൗൾഡായി. 

ഇം​ഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ്, മൊയീൻ അലി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി. സ്റ്റോക്സ് ഒരു വിക്കറ്റെടുത്തു. 

നിലവിൽ ഖവാജയ്ക്കൊപ്പം അർധ സെഞ്ച്വറിയുമായി അലക്സ് കാരിയാണ് ക്രീസിൽ. താരം 52 റൺസുമായി ബാറ്റിങ് തുടരുന്നു. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്നു 91 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം ദിനത്തിൽ ഖവാജ- കാരി സഖ്യം സ്വീകരിക്കുന്ന പ്രതിരോധമാണ് ഓസീസ് ടീമിന്റെ ഭാവി നിർണയിക്കുക. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി  ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

SCROLL FOR NEXT