തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ സീസണിലും കൃഷ്ണപ്രസാദ് തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. മൂന്നാം സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായി സിജോമോൻ ജോസഫിനെയും നിയമിച്ചു. ലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കി ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പതിനാറംഗ ടീമിനെയാണ് റോയൽസ് ഇത്തവണ അണിനിരത്തുന്നത്. ഓഗസ്റ്റ് 21ന് ആലപ്പി റിപ്പിൾസുമായിട്ടാണ് ട്രിവാൻഡ്രം റോയൽസിന്റെ ആദ്യ മത്സരം.
കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു കൃഷ്ണപ്രസാദ്. ഒരു സെഞ്ച്വറിയടക്കം 479 റൺസുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ച മികവാണ് കൃഷ്ണപ്രസാദിനെ വീണ്ടും നായക പദവിയിലേക്ക് എത്തിച്ചത്. കൃഷ്ണ പ്രസാദിനൊപ്പം ഗോവിന്ദ് ദേവ് പൈ, വി അജിത്ത് എന്നിവരെ ഫ്രാഞ്ചൈസി നേരത്തെ തന്നെ നിലനിർത്തിയിരുന്നു. അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണമായി വിനിയോഗിച്ചാണ് ഇത്തവണ ലേലത്തിൽ ടീം മാനേജ്‌മെന്റ് കരുത്തുറ്റ നിരയെ സ്വന്തമാക്കിയത്.
വെടിക്കെട്ട് ബാറ്ററും ഐപിഎൽ താരവുമായ വിഷ്ണു വിനോദിനെ ടീമിലെത്തിക്കാൻ കഴിഞ്ഞത് റോയൽസിന്റെ ബാറ്റിങ് നിരയ്ക്ക് വലിയ കരുത്തേകും. കൃഷ്ണ പ്രസാദ്, ഗോവിന്ദ് ദേവ് പൈ, വിഷ്ണു വിനോദ് എന്നിവർ അണിനിരക്കുന്നതോടെ മൂന്നാം സീസണിലെ തന്നെ ഏറ്റവും മികച്ച മുൻനിരയായി റോയൽസ് മാറും. വിഷ്ണു വിനോദിന് പുറമെ ഉജ്വൽ കൃഷ്ണ, ഭരത് സൂര്യ എന്നിവരാണ് ടീമിലെ മറ്റ് വിക്കറ്റ് കീപ്പർമാർ.
ഓൾറൗണ്ട് മികവിലും ഇത്തവണ റോയൽസ് ഒട്ടും പിന്നിലല്ല. പരിചയസമ്പന്നരായ സിജോമോൻ ജോസഫ്, സിവി വിനോദ് കുമാർ എന്നിവരെ ലേലത്തിൽ സ്വന്തമാക്കിയ റോയൽസ്, അക്ഷയ് മനോഹർ, എം നിഖിൽ എന്നിവരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച എൻഎസ്കെ ട്രോഫിയിലടക്കം മികച്ച ഫോമിലായിരുന്ന എം നിഖിലിനെ 6.20 ലക്ഷം രൂപയ്ക്കാണ് ടീമിലെത്തിച്ചത്. ഇത് മധ്യനിര ബാറ്റിങ്ങിന് കൂടുതൽ സ്ഥിരത നൽകും.
ബൗളിങ് നിരയും ഇക്കുറി അതിശക്തമാണ്. കഴിഞ്ഞ സീസണിൽ ടീമിന്റെ കുന്തമുനയായിരുന്ന വി അജിത്തിനൊപ്പം ബേസിൽ എൻപി, രാഹുൽ ചന്ദ്രൻ, ശ്രീഹരി നായർ എന്നിവർ കൂടി ചേരുന്നതോടെ കരുത്തുറ്റ ബൗളിങ് നിരയാണ് റോയൽസിന്റേത്. അഭിഷേക് പി നായർ, കെ അജീഷ്, സുധീഷ് മോഹൻ എന്നിവരാണ് ടീമിലെ മറ്റ് പ്രധാന താരങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates