Real Madrid x
Sports

ഇരട്ട ​ഗോൾ തൂക്കി എംബാപ്പെ; റയൽ മാഡ്രിഡ് വിജയ വഴിയിൽ

റയോ വയ്യക്കാനോയെ വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മാഡ്രിഡ്: സ്പാനിഷ് ലാ ലി​ഗയിൽ മുൻ ചാംപ്യൻമാരായ റയൽ മാഡ്രിഡ് വിജയ വഴിയിൽ തിരിച്ചെത്തി. നാലാം പോരിൽ റയോ വയ്യക്കാനോയെ നേരിടാനിറങ്ങിയ അവർ ഒന്നിനെതിരെ 4 ​ഗോളുകൾക്ക് തകർപ്പൻ ജയം സ്വന്തമാക്കി. ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ ഇരട്ട ​ഗോളുകളുമായി കളം വാണു. ആൽവരോ കരേറസ്, ജൂഡ‍് ബെല്ലിങ്ഹാം എന്നിവരും റയലിനായി വല ചലിപ്പിച്ചു.

കളിയുടെ 14ാം മിനിറ്റിൽ എംബാപ്പെയാണ് ​ഗോൾ വേട്ട തുടങ്ങിയത്. റയോ വയ്യക്കാനോ പ്രതിരോധ താരം ഫ്ലോറിയൻ ലെജ്യൂൻ പെനാൽറ്റി ബോക്സിൽ വച്ച് റയൽ താരം ആൽവരോ കരേറസിനെ വീഴ്ത്തിയതിനാണ് റയലിന് അനുകൂലമായി പെനാൽറ്റി കിട്ടിയത്. കിക്ക് പിഴയ്ക്കാതെ വലയിലാക്കി എംബാപ്പെ ലീഡൊരുക്കി.

മൂന്ന് മിനിറ്റിനുള്ളിൽ രണ്ടാം ​ഗോളും റയൽ നേടി. രണ്ടാം ​ഗോളിലേക്കും ലജ്യൂനിന്റെ പിഴവാണ് റയൽ മുതലെടുത്തത്. താരത്തിൽ നിന്നു പിടിച്ചെടുത്ത പന്ത് വനീഷ്യസ് ജൂനിയർ എംബാപ്പെയ്ക്ക് കൈമാറി. എംബാപ്പെ നൽകിയ പാസിൽ നിന്നു കരേറസാണ് ടീമിന് രണ്ടാം ​ഗോൾ സമ്മാനിച്ചത്.

ഓ​ഗസ്റ്റിൽ ടീമിലെത്തിയ യാൻ ഡിയോമണ്ടോ ഇതാദ്യമായി റയലിന്റെ ആദ്യ ഇലവനിൽ എത്തി. താരവും വിനീഷ്യസും വിങ്ങുകളിൽ മികച്ച രീതിയിലാണ് കളി മെനഞ്ഞത്. 35ാം മിനിറ്റിൽ റയലിന്റെ മൂന്നാം ​ഗോൾ. വിനീഷ്യസ് ജൂനിയർ നൽകിയ പാസ് സ്വീകരിച്ച് കുതിച്ച ബെല്ലിങ്ഹാം ബോക്സിനുള്ളിൽ വച്ച് തൊടുത്ത ഷോട്ട് വലയുടെ താഴത്തെ കോർണറിലേക്ക് കയറി.

ആദ്യ പകുതിയുടെ അവസാന ഘട്ടത്തിൽ എംബാപ്പെയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. മറുഭാ​ഗത്ത് റയൽ ​ഗോൾ കീപ്പർ തിബോട്ട് കോട്ടുവയ്ക്ക് കാര്യമായ പണിയുണ്ടായിരുന്നില്ല. താരത്തിന് ആദ്യ പകുതിയിൽ നേരിടേണ്ടി വന്നത് ഏക ഭീഷണിയാണ്. ആൻഡ്രു റാറ്റിയുവിന്റെ ഒരു ലോങ് റേഞ്ച് ഷോട്ട് മാത്രമാണ് താരത്തിനുള്ള പരീക്ഷണമായി വന്നത്. ബെൽജിയൻ ​ഗോൾ കീപ്പർ അത് തട്ടിയകറ്റുകയും ചെയ്തു.

രണ്ടാം പകുതിയിൽ റയൽ അൽപ്പം പതിഞ്ഞാണ് കളിച്ചത്. ഇത് വയ്യക്കാനോ മുതലെടുത്തു. അവർ 51ാം മിനിറ്റിൽ ആശ്വാസ ​ഗോൾ കണ്ടെത്തി. റയലിന്റെ പിഴവ് മുതലെടുത്ത് സെർജിയോ കാമെല്ലോ പന്ത് ഇബ്രഹിമ കൊനാറ്റയുടെ കാലിനിടയിലൂടെ പന്ത് വലയിലാക്കി. പിന്നാലെ അവർ ആക്രമണം കടുപ്പിക്കുന്ന കാഴ്ചയായിരുന്നു. റയൽ ബോക്സിലേക്ക് നിരന്തരം പന്തെത്തി. കോട്ടുവയ്ക്ക് വലിയ അധ്വാനവും വേണ്ടിവന്നു.

ഒടുവിൽ 90 മിനിറ്റ് പിന്നിട്ട് ഇഞ്ച്വറി സമയത്തേക്ക് പ്രവേശിച്ച ഘട്ടത്തിൽ റയൽ നാലാം ​ഗോളും നേടി ജയം ഉറപ്പിച്ചു. കൗണ്ടർ അറ്റാക്കിനൊടുവിലാണ് ​ഗോളിന്റെ പിറവി. എംബാപ്പെയാണ് തന്റെ രണ്ടാം ​ഗോളിലൂടെ റയലിന്റെ നാലാം ​​ഗോൾ ഉറപ്പിച്ചത്. ഇതോടെ ഈ സീസണിൽ റയലിനായി എല്ലാ മത്സരങ്ങളിൽ നിന്നുമായി എംബാപ്പെ നേടുന്ന ഏഴാം ​ഗോളായും ഇതുമാറി.

Kylian Mbappe scored twice as Real Madrid enjoyed a 4-1 victory over Rayo Vallecano in LaLiga at the Santiago Bernabeu on Saturday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി നിയന്ത്രണം കടുത്തേക്കും; ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍

നടുവേദനയ്ക്ക് കാരണമാകുന്ന 6 ശീലങ്ങൾ, ഇരുത്തം മാത്രമല്ല കിടത്തവും ശ്രദ്ധിക്കണം

'വൈദ്യുതി പ്രതിസന്ധിയെ സുവര്‍ണാവസരമായി കാണുന്നു'; ഒക്ടോബറില്‍ പുതിയ നയം വരുമെന്ന് മുഖ്യമന്ത്രി

വേണം 8ാം കിരീടം, ഒരു കണക്കും തീര്‍ക്കാനുണ്ട്! ഇന്ത്യ- ശ്രീലങ്ക വനിതാ എഷ്യാ കപ്പ് ഫൈനല്‍ ഇന്ന്

ശബരിമല മാതൃകയിലുള്ള വെര്‍ച്വല്‍ ക്യൂ അയോധ്യയുടെ പരിഗണനയില്‍; തീര്‍ത്ഥാടക തിരക്ക് കുറയ്ക്കാന്‍ നീക്കം