കായിക ലോകത്ത് ആരാധകരുടെ ഹൃദയം കീഴടക്കിയ ചില പ്രണയ കഥകളുണ്ട്! ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറും ഇന്ത്യൻ ടീമും തമ്മിലുള്ള യാത്ര അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ബാസ്ക്കറ്റ് ബോളിൽ കോബി ബ്രയന്റും എൽഎ ലോക്കേഴ്സും തമ്മിലുള്ള ബന്ധവും അങ്ങനെ പറയാം. മൈക്കൽ ഷൂമാക്കറും ഫെരാരിയും തമ്മിലുള്ള കൂട്ടുകെട്ട് ഫോർമുല വൺ കാറോട്ട ലോകത്തെ തന്നെ നിർവചിച്ച ഒന്നാണ്.
ഈ പട്ടികയിലെ ഏറ്റവും സവിശേഷമായ മറ്റൊരു അധ്യായമാണ് ലയണൽ മെസിയുടേയും അർജന്റീനയുടേയും കഥ. ഫുട്ബോൾ താരങ്ങൾ തങ്ങൾ കളിക്കുന്ന ക്ലബുകളുടെ പ്രതീകങ്ങളായി മാത്രം ചിത്രീകരിക്കപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഏറെക്കാലം ബാഴ്സലോണയുടെ പര്യായമായിരുന്നു മെസി. എന്നാൽ ഒരു പ്രണയ കഥയ്ക്ക് തിരക്കഥ എഴുതുകയാണെങ്കിൽ അത് 39കാരനായ മെസിയും ആൽബിസെലസ്റ്റെയും (അർജന്റീന ദേശീയ ടീം) തമ്മിലുള്ള ബന്ധമായിരിക്കും അതിന് ഏറ്റവും യോജിക്കുക. ബാഴ്സലോണയുമായുള്ള ബന്ധമായിരിക്കില്ല.
ഒടുവിൽ ആ പ്രണയ ബന്ധത്തിന്റെ കഥ ഇവിടെ അവസാനിക്കുകയാണ് ഇപ്പോൾ. മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ആകാശ നീലയും വെള്ളയും കലർന്ന ആ വിഖ്യാത ജേഴ്സിയിൽ അദ്ദേഹത്തെ ഇനി കാണാനാകില്ല. നാടകീയതകളും വികാരങ്ങളുടെ വേലിയേറ്റങ്ങളും ചില ദുരന്തങ്ങളും നിറഞ്ഞ സമ്പൂർണമായ കഥയുടെ പര്യവസാനം കുറിക്കപ്പെട്ടിരിക്കുന്നു. ഈ പ്രണയ കഥ ഫുട്ബോൾ ലോകത്തെ തന്നെ എന്നന്നേക്കുമായി മാറ്റി മറിക്കുന്നതു കൂടിയായി മാറി എന്നാതാണ് അതിന്റെ ചരിത്രം.
'ഞാൻ അർജന്റീനക്കാരൻ'
കുട്ടി പ്രായത്തിൽ സ്പെയിനിലേക്ക് ഫുട്ബോൾ പഠിക്കാനായി വിമാനം കയറുമ്പോൾ തന്റെ അന്താരാഷ്ട്ര കരിയർ ഏത് രാജ്യത്തായിരിക്കണം എന്ന ചോദ്യം റൊസാരിയോയിലെ ആ കൊച്ചു കുട്ടിക്ക് മുന്നിലുണ്ടായിരുന്നു. സ്പെയിൻ തങ്ങളുടെ സുവർണ കാലത്തേക്കുള്ള യാത്രയുടെ തുടക്കത്തിലുമായിരുന്നു. മെസിയെ സ്പെയിൻ ടീമിലേക്ക് എത്തിക്കാനുള്ള ശ്രമം അവർ തുടങ്ങുകയും ചെയ്തു. എന്നാൽ ഈ വിവരം അർജന്റീനയിൽ എത്തിയതോടെ അർജന്റീന ഫുട്ബോൾ അസോസിയേഷനും സമ്മർദ്ദം ചെലുത്തി. ഒടുവിൽ മെസി ഒരേയൊരു കാര്യത്തിൽ തന്റെ മനസ് ഉറപ്പിച്ചു നിർത്തി. താൻ അർജന്റീനയ്ക്കായി കളിക്കും എന്ന കാര്യത്തിൽ.
'ഞാൻ ഒരിക്കലും അർജന്റീനക്കാരൻ അല്ലാതായി ഇരുന്നിട്ടില്ല. അതിന് ആഗ്രഹിച്ചിട്ടുമില്ല. ഞാൻ ചെറുപ്പത്തിൽ തന്നെ സ്പെയിനിലേക്ക് പോയെങ്കിലും അർജന്റീനക്കാരൻ എന്ന അഭിമാനം എന്റെ ഉള്ളിൽ നിരന്തരം നിന്നു. അക്കാര്യത്തിൽ എനിക്ക് ആശയക്കുഴപ്പം ഇല്ലായിരുന്നു. അത് വ്യക്തമായിരുന്നു. അത് മാറ്റാൻ ഞാൻ ആഗ്രഹിച്ചിട്ടുമില്ല'- മെസി പിൽക്കാലത്ത് പറഞ്ഞു.
അർജന്റീന ജേഴ്സി അണിഞ്ഞതു മുതൽ ആ പ്രണയത്തിന്റെ ലക്ഷണങ്ങൾ അദ്ദേഹം പ്രകടിപ്പിച്ചു. തന്റെ സീനിയർ ടീം അരങ്ങേറ്റത്തിനു ഒരു മാസം മുൻപ് നെതർലൻഡ്സിൽ വച്ച് നടന്ന 2005ലെ ഫിഫ അണ്ടർ 20 ലോകകപ്പ് നേടിയ അർജന്റീന ടീമിൽ മെസി നിർണായക സാന്നിധ്യമായി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ടും മികച്ച താരത്തിനുള്ള ഗോൾ ബോളും അദ്ദേഹം സ്വന്തമാക്കി. നൈജീരിയക്കെതിരായ ഫൈനലിൽ 2-1നു അർജന്റീന വിജയിച്ച് അണ്ടർ 20 ലോകകപ്പ് ഉയർത്തിയപ്പോൾ അതിൽ രണ്ട് ഗോളുകളും നേടിയത് മെസി തന്നെ. ടൂർണമെന്റിൽ മൊത്തം 6 ഗോളുകളാണ് അദ്ദേഹം അന്ന് നേടിയത്.
എന്നാൽ സീനിയർ ടീമിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം അൽപ്പം ഹൃദയ വേദനയോടെയാണ് അവസാനിച്ചത്. 2005 ഓഗസ്റ്റസിൽ ഹംഗറിക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് മെസി സീനിയർ കരിയറിന് തുടക്കമിടുന്നത്. എന്നാൽ മെസി കളി തുടങ്ങി 47ാം സെക്കൻഡിൽ തന്നെ ചുവപ്പ് കാർഡ‍് വാങ്ങി പുറത്തായി.
അതുകൊണ്ടാണ് ചില പ്രണയ കഥകൾ പ്രത്യേകതയുള്ളതായി മാറുന്നത്. കാരണം എല്ലാ പ്രണയങ്ങളുടേയും തുടക്കം ഒരിക്കലും സുഗമമായിരിക്കില്ലല്ലോ!
അർജന്റീനയക്കായുള്ള തന്റെ ആറാം മത്സരത്തിലാണ് മെസി തന്റെ 125 ഗോളുകളിൽ ആദ്യത്തേത് നേടുന്നത്. അതൊരു മനോഹര നിമിഷമായിരുന്നു. ഇടതു വശത്തേക്ക് പന്ത് നൽകി, പിൽക്കാലത്ത് വിഖ്യാതമായി തീർന്ന തന്റെ വെട്ടിച്ചുള്ള മാന്ത്രിക മുന്നേറ്റത്തിനൊടുവിൽ പന്ത് വലയിലേക്ക് വളച്ചൊടിച്ച് കയറ്റിയാണ് മെസി തന്റെ ആദ്യ ഗോൾ നേടിയത്.
പിന്നീട് തിരിഞ്ഞു നോട്ടങ്ങളില്ലാത്ത ഐതിഹാസിക യാത്രയായിരുന്നു. ഹോസെ പെക്കർമാൻ 2006ലെ ജർമനി ലോകകപ്പിനുള്ള അർജന്റീന ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി. സെർബിയ ആൻഡ് മോണ്ടിനെഗ്രോ ടീമിനെതിരായ മത്സരത്തിൽ ഗോൾ നേടി ലോകകപ്പിലെ തന്റെ ഗോൾ വേട്ടയ്ക്കും അന്ന് തുടക്കമിട്ടു. ക്വാർട്ടർ ഫൈനലിൽ അർജന്റീന പുറത്തായെങ്കിലും തന്റെ പ്രണയത്തിന്റെ ആദ്യ സമ്മാനം നൽകാൻ മെസി അപ്പോഴേക്കും പാകപ്പെട്ടിരുന്നു.
2008ലെ ബെയ്ജിങ് ഒളിംപിക്സിൽ തന്റെ ടീമിനു സ്വർണ മെഡൽ സമ്മാനിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. വൈകാതെ അർജന്റീന ആരാധകരും അദ്ദേഹത്തെ സ്നേഹിച്ചു തുടങ്ങി. അവർ മെസിയെ മഹാനായ മറഡോണയുടെ പിൻഗാമിയായി വാഴ്ത്തുകയും ചെയ്തു. സാക്ഷാൽ മറഡോണ തന്നെ അദ്ദേഹത്തിന് വിഖ്യാതമായ 10ാം നമ്പർ ജേഴ്സിയും കൈമാറി.
അന്ന് 10ാം നമ്പർ ജേഴ്സി മറഡോണ തന്ന നിമിഷത്തെക്കുറിച്ച് പിൽക്കാലത്ത് മെസി ഓർത്തെടുക്കുന്നുണ്ട്- 'ഡീഗോ താൻ ധരിച്ച ജേഴ്സി എനിക്ക് തരാൻ ആഗ്രഹിച്ചതും അത് ധരിക്കാൻ ഞാൻ പ്രാപ്തനാണെന്നു അദ്ദേഹം കണ്ടറിഞ്ഞതും അതിനുള്ള സമയമായെന്നു കരുതിയതും ഞാൻ ഓർക്കുന്നു.'
പ്രണയ വേദന
പ്രണയത്തിന്റെ പ്രശ്നം നിങ്ങൾ സർവതും നൽകിയാൽ പോലും നിങ്ങൾ ആഗ്രഹിക്കുന്നത് അതു തിരികെ നൽകണമെന്നില്ല എന്നതാണ്. മെസിയും അർജന്റീനയും തമ്മിലുള്ള കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്.
2007ലെ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനോട് അർജന്റീന തോറ്റപ്പോഴാണ് ആ വേദന ആരംഭിക്കുന്നത്. അപ്പോഴേക്കും അർജന്റീനയെ സുവർണ കാലത്തേക്ക് നയിക്കാനുള്ള ക്യാപ്റ്റൻ പദവിയുടെ ഉത്തരവാദിത്വവും മെസിക്ക് ലഭിച്ചിരുന്നു. മറ്റൊരു കോപ്പ അമേരിക്ക പോരാട്ടത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ അർജന്റീന തോറ്റ് പുറത്തായി നാണംകെട്ടു. പിന്നാലെ 2014ലെ ലോകകപ്പ് ഫൈനൽ. ഫൈനലിൽ ജർമനിയോട് പരാജയപ്പെട്ട് അർജന്റീന നിന്നു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ മെസി നേടിയെങ്കിലും അന്നത്തെ അദ്ദേഹത്തിന്റെ മുഖത്തു കണ്ട നിരാശയിൽ നിന്നു തന്നെ വേദനയുടെ കഥ മുഴുവൻ വായിച്ചെടുക്കാമായിരുന്നു.
ബാഴ്സലോണയ്ക്കൊപ്പം ക്ലബ് തലത്തിൽ പുരസ്കാരങ്ങളും നേട്ടങ്ങളും കുമിഞ്ഞു കൂടിയ ഒരു വശവും അർജന്റീന ജേഴ്സിയിൽ അന്താരാഷ്ട്ര കരിയർ മങ്ങി നിൽക്കുന്നതും ആരാധകർ ചോദ്യം ചെയ്തു തുടങ്ങി.
2015ലെ കോപ്പ അമേരിക്ക പോരാട്ടത്തിലും 2016ലെ ശതാബ്ദി പതിപ്പായ കോപ്പ അമേരിക്ക പോരാട്ടത്തിലും അർജന്റീനയെ കിരീടത്തിനരികിൽ വരെ എത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചു. രണ്ട് ടൂർണമെന്റിലും മികച്ച പ്രകടനം തന്നെ മെസി പുറത്തെടുത്തു. 2016ലെ പോരാട്ടത്തിലാണ് അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് അദ്ദേഹം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയിൽ നിന്നു സ്വന്തം പേരിലേക്ക് മാറ്റിയത്. പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിഗത മികവിനു രണ്ട് ഫൈനലുകളിലും ടീമിനെ രക്ഷിക്കാനായില്ല. രണ്ട് തവണയും ഫൈനലിൽ ചിലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെ കഥ വീണ്ടും ഹൃദയ വേദനയിൽ അവസാനിച്ചു.
2016ലെ കോപ്പ അമേരിക്ക തോൽവിക്ക് പിന്നാലെ അദ്ദേഹം അർജന്റീന ജേഴ്സിയിൽ നിന്നു വിട ചൊല്ലാൻ തീരുമാനിച്ച് ലോകത്തെ ഞെട്ടിച്ചു. തന്റെ അൽബിസെലസ്റ്റ അധ്യായം അവസാനിച്ചെന്നും ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും കിരീട നേട്ടങ്ങൾ ഇല്ലാത്തത് ഏറെ വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
പക്ഷേ പ്രണയത്തിന്റെ തീക്ഷ്ണത അവിടെയാണ് പ്രസക്തമാകുന്നത്. നിങ്ങൾക്ക് അതിൽ നിന്നു ഒരിക്കലും മാറി നിൽക്കാൻ സാധിക്കില്ല. വിരമിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ അതേ ജേഴ്സിയിലേക്ക് ലിയോ തിരിച്ചെത്തി.
അർജന്റീനയ്ക്കായി എല്ലാം നേടുന്നു
രണ്ടാം വരവ് അത്ര പെട്ടെന്നു വിജയം കണ്ട ഒന്നല്ല. എന്നാൽ 2021 മുതൽ കാര്യങ്ങൾ മാറിമറിഞ്ഞു. ലയണൽ സ്കലോനിയുടെ കീഴിൽ മെസിക്കു വേണ്ടി മാത്രം ഒരു ടീമിനെ രൂപീകരിക്കാൻ അർജന്റീന തീരുമാനിച്ചു. തങ്ങളുടെ നായകനു വേണ്ടി മൈതാനത്ത് രക്തവും വിയർപ്പും വികാരങ്ങളും പണയം വച്ച് പോരാടാൻ കെൽപ്പുള്ള ഒരുകൂട്ടം താരങ്ങളെ സ്കലോനി വാർത്തെടുത്തു. വൈകാതെ ഫലങ്ങളും വന്നു.
2021ലെ ബ്രസീൽ കോപ്പ അമേരിക്ക പോരാട്ടത്തിൽ അർജന്റീനയുടെ ലോക ഫുട്ബോളിലെ ഉയിർത്തെഴുന്നേൽപ്പിന്റെ തുടക്കമായിരുന്നു. ടൂർണമെന്റിൽ മെസി 4 ഗോളുകൾ നേടുകയും 5 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഫൈനലിൽ അദ്ദേഹം തിളങ്ങിയില്ലെങ്കിലും എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിൽ മെസി ചരിത്രത്തിലാദ്യമായി അർജന്റീന ജേഴ്സിയിൽ തന്റെ അന്താരാഷ്ട്ര കിരീടമുയർത്തി.
2022ലെ ലോകകപ്പാണ് മെസിയും അർജന്റീനയും തമ്മിലുള്ള പ്രണയത്തിന്റെ മൂർധന്യാവസ്ഥ കണ്ടത്. സൗദി അറേബ്യയോട് ആദ്യ മത്സരത്തിൽ തോറ്റാണ് അന്ന് അർജന്റീന തുടങ്ങിയത്. എന്നാൽ പിന്നീട് കഥ മാറി. മെസി മുന്നിൽ നിന്നു നയിച്ചതോടെ തുടർ ജയങ്ങൾ അവരെ തേടി വന്നു. നോക്കൗട്ട് ഘട്ടമാകുമ്പോഴേക്കും അർജന്റീനയുടെ കുതിപ്പിന്റെ നിയന്ത്രണം മുഴുവൻ മെസി ഏറ്റെടുത്തു. മെക്സിക്കോക്കെതിരേയും പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയക്കെതിരേയും അദ്ദേഹം നിർണായക ഗോളുകൾ നേടി. നെതർലൻഡ്സിനും ക്രൊയേഷ്യക്കുമെതിരായ മത്സരങ്ങളിൽ ഓരോ ഗോളും ഓരോ അസിസ്റ്റും നേടി അദ്ദേഹം അർജന്റീനയെ മറ്റൊരു ലോകകപ്പ് ഫൈനലിലേക്ക് നയിച്ചു.
ഫ്രാൻസുമായുള്ള കലാശപ്പോരാട്ടം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് ഫൈനലുകളിൽ ഒന്നായി മാറി. അധിക സമയത്തിനു ശേഷം 3-3നു സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ മെസി രണ്ട് ഗോളുകൾ നേടി. തുടർന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ അദ്ദേഹം ശാന്തനായി പന്ത് ലക്ഷ്യത്തിലെത്തിച്ചു. അങ്ങനെ തന്റെ കരിയറിലുടനീളം വിട്ടുനിന്ന താൻ ഏറെ ആഗ്രഹിച്ച ലോകകപ്പ് കിരീടം അദ്ദേഹം അർജന്റീനയ്ക്ക് സമ്മാനിച്ചു. പിന്നാലെ യൂറോ ചാംപ്യൻമാരായ ഇറ്റലിയെ വീഴ്ത്തി ഫൈനലിസിമ, അതിനു പിന്നാലെ 2024ലെ കോപ്പ അമേരിക്ക കിരീടം. തുടരെ 4 അന്താരാഷ്ട്ര കിരീടങ്ങൾ!
പ്രണയത്തിന്റെ അവസാന അധ്യായം
എല്ലാ കഥകൾക്കും ഒരു അവസാനമുണ്ട്. മെസിയെ സംബന്ധിച്ചെടുത്തോളം 2026ലെ ലോകകപ്പും അതുപോലെയാണ്. ഖത്തറിൽ വച്ച് ലോകകപ്പ് ഉയർത്തിയ ശേഷം അദ്ദേഹം വിരമിക്കുമെന്നു കണക്കുകൂട്ടിയവർ ഉണ്ടാകും. എന്നാൽ ഒരിക്കൽ കൂടി ലോക കിരീടം ഉയർത്താൻ അദ്ദേഹം ആഗ്രഹിച്ചു.
പിതാവ് ഹോർഹെ മെസി ആശുപത്രിയിൽ മരണത്തോടു മല്ലിടുന്നതിന്റെ വേദനയിലും മെസി തളർന്നില്ല. കളത്തിൽ അർജന്റീനയുടെ സർവസ്വവും അദ്ദേഹമായിരുന്നു. അൾജീരിയക്കെതിരായ ഹാട്രിക്കോടെ ലോകകപ്പിൽ സമ്മോഹന തുടക്കം. കാബോ വെർദെ, ഈജിപ്റ്റ് ടീമുകൾക്കെതിരെ പ്രതിസന്ധികളെ മറികടന്ന് ഗോളുകൾ നേടി ടീമിനു വിജയം സമ്മാനിച്ച് പ്രതിബന്ധങ്ങളെ എങ്ങനെ കളിച്ച് തരണം ചെയ്യാമെന്നു അദ്ദേഹം സഹ താരങ്ങൾക്ക് കാണിച്ചു കൊടുത്തു. സെമിയിൽ ഇംഗ്ലണ്ടിനെതിരെ രണ്ട് അസിസ്റ്റുകളിലൂടെ അദ്ദേഹം ടീമിനെ ഫൈനലിലേക്ക് നയിച്ചു. ഫൈനലിൽ പക്ഷേ അദ്ദേഹത്തിനു കാലം കാത്തുവച്ചത് മറ്റൊരു നീതിയായിരുന്നു.
2026ലെ ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് 1-0ത്തിനു അർജന്റീന പരാജയപ്പെട്ട് രണ്ട് ദിവസങ്ങൾക്കു ശേഷമാണ് താൻ വിരമിക്കാൻ തീരുമാനിച്ചതെന്നു വിരമിക്കൽ കുറിപ്പിൽ മെസി കുറിച്ചു. തന്റെ പിതാവ് ഹോർഹെ മെസിയുടെ വിയോഗവും (ഓഗസ്റ്റ് 8ന് റൊസാരിയോയിൽ വച്ച് 68ാം വയസിൽ അന്തരിച്ചു) ഈ തീരുമാനത്തെ സ്വാധീനിച്ചതായി അദ്ദേഹം പറഞ്ഞു.
'ഈ ആകാശ നീലയും വെള്ളയും കലർന്ന ജേഴ്സിക്കു വേണ്ടി പൊരുതി, പരമാവധി നൽകി. ഫുട്ബോളിലൂടെ നിങ്ങൾക്ക് സന്തോഷം തരാനും ഒരു അർജന്റീനക്കാരനായതിൽ അഭിമാനബോധം ഉണ്ടാക്കാനും എനിക്കു കഴിഞ്ഞു. അധികം സമയമില്ല എന്ന് എനിക്കറിയാമായിരുന്നു. ഒരോ അധ്യായങ്ങളും അവസാനിക്കും. എന്നെ വല്ലാതെ വേദനിപ്പിക്കുന്ന ഒന്നാണിത്. ദേശീയ ടീമിന്റെ ഭാഗമാകാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇപ്പോഴും ആഗ്രഹിക്കുന്നു. എക്കാലവും അതുതന്നെയാണ് ആഗ്രഹവും. എന്റെ കൈവശമുള്ളതെല്ലാം ഞാൻ നൽകി. ഇനി നൽകാൻ ബാക്കിയൊന്നുമില്ല- അദ്ദേഹത്തിന് അർജന്റീന ടീം എന്താണെന്നു ഈ വിരമിക്കൽ കുറിപ്പ് വായിച്ചാൽ തന്നെ മനസിലാകും. വേറെ പാത തിരഞ്ഞെടുക്കാനോ അല്ലെങ്കിൽ നേരത്തെ വിരമിച്ച് സമ്മർദ്ദങ്ങളിൽ നിന്നു ഓടിയൊളിക്കാനോ അദ്ദേഹം തുനിഞ്ഞില്ല. കാരണം അർജന്റീന അദ്ദേഹത്തിന് മറ്റെന്തിനേക്കാളും അത്രമേൽ പ്രിയപ്പെട്ട ഒന്നായിരുന്നു. നന്ദി ദൈവമേ, എന്നെ ഒരു അർജന്റീനക്കാരനാക്കിയതിന്... വാമോസ് അർജന്റീന!'- വിരമിക്കൽ പ്രഖ്യാപിച്ച് മെസി കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates