​ഗ്രൗണ്ടിലേക്ക് കുപ്പികൾ വലിച്ചെറിയുന്ന ആരാധകർ സ്ക്രീൻഷോട്ട്
Sports

അടുത്തുകാണാന്‍ തിരക്കുകൂട്ടി, 20 മിനിറ്റിനുള്ളില്‍ മെസി വേദി വിട്ടതോടെ ആരാധകരുടെ നിരാശ പരാക്രമത്തിലേക്ക്; ഗ്രൗണ്ട് കൈയേറി- വിഡിയോ

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇതിഹാസ ഫുട്‌ബോള്‍ താരം അര്‍ജന്റീനയുടെ ലയണല്‍ മെസിക്ക് കൊല്‍ക്കത്തയില്‍ ഊഷ്മള വരവേല്‍പ്പ് ആണ് നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇതിഹാസ ഫുട്‌ബോള്‍ താരം അര്‍ജന്റീനയുടെ ലയണല്‍ മെസിക്ക് കൊല്‍ക്കത്തയില്‍ ഊഷ്മള വരവേല്‍പ്പ് ആണ് നല്‍കിയത്. എന്നാല്‍ മെസിയോടുള്ള ആരാധകരുടെ സ്‌നേഹം പിന്നീട് രോഷപ്രകടനത്തിലേക്ക് വഴിമാറുന്ന നടുക്കുന്ന കാഴ്ചയാണ് തുടര്‍ന്നുള്ള മണിക്കൂറുകളില്‍ കണ്ടത്. ശനിയാഴ്ച നഗരത്തിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ മെസി എത്തിയതിന് പിന്നാലെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്.

സ്‌റ്റേഡിയത്തില്‍ എത്തി 20 മിനിറ്റിനുള്ളില്‍ മെസി വേദി വിട്ടതോടെ, താരത്തെ ഒരുനോക്ക് കാണാന്‍ തിരക്കുകൂട്ടിയ ആരാധകരുടെ ക്ഷമ നശിച്ചു. താരത്തെ അടുത്തുകാണാന്‍ സാധിക്കാതെ വന്നതോടെ നിരാശരായ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞ് നാശനഷ്ടങ്ങള്‍ വരുത്തിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. മെസി രാവിലെ 11.30നാണ് സ്റ്റേഡിയത്തില്‍ എത്തിയത്. ഇതിഹാസ താരമായത് കൊണ്ട് സ്റ്റേഡിയത്തില്‍ കനത്തസുരക്ഷയാണ് ഒരുക്കിയിരുന്നത്. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മെസിയോട് ക്ഷമ ചോദിച്ചു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മോശം മാനേജ്മെന്റില്‍ താന്‍ വളരെയധികം അസ്വസ്ഥയാണെന്നും സംഭവം ഞെട്ടിച്ചതായും മമത എക്‌സില്‍ കുറിച്ചു.

ലേക്ക് ടൗണിലെ ശ്രീ ഭൂമി സ്‌പോര്‍ട്ടിംഗ് ക്ലബിലെ 70 അടി ഉയരമുള്ള തന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് മെസി സ്‌റ്റേഡിയത്തിലേക്ക് എത്തിയത്. മെസി സ്‌റ്റേഡിയത്തില്‍ എത്തിയ ഉടന്‍ ഇതിഹാസ താരത്തിന്റെ അടുത്തെത്താന്‍ ആരാധകര്‍ തിരക്കുകൂട്ടാന്‍ തുടങ്ങിയതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്. കനത്ത സുരക്ഷാവലയം ഉണ്ടായിട്ടും ഗേറ്റുകള്‍ തകര്‍ത്തും മെസിക്ക് അരികില്‍ എത്താനാണ് ആരാധകര്‍ ശ്രമിച്ചത്. മെസി ഗ്രൗണ്ടിലെ ടണലില്‍ നിന്ന് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സ്ഥിതിഗതികള്‍ വഷളായത്. മെസിക്ക് അരികിലെത്താന്‍ ആരാധകര്‍ തിരക്കുകൂട്ടിയതോടെ, സുരക്ഷയുടെ ഭാഗമായി മെസിയെ സ്ഥലത്ത് നിന്ന് മാറ്റി. തുടര്‍ന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അനുയായികള്‍ സുരക്ഷ ലംഘിച്ച് കളിക്കളത്തിലേക്ക് പ്രവേശിക്കുന്നതാണ് പിന്നീട് കണ്ടത്.

അര്‍ജന്റീനിയന്‍ താരത്തെ കാണാനുള്ള ടിക്കറ്റുകള്‍ക്കായി 4,500 മുതല്‍ 10,000 രൂപ വരെ നല്‍കിയ ആരാധകര്‍ കുപ്പികള്‍ എറിഞ്ഞും ഫൈബര്‍ഗ്ലാസ് സീറ്റുകള്‍ നശിപ്പിച്ചുമാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ഒടുവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസിന് ഇടപെടേണ്ടി വന്നു. നേരത്തെ ആരാധകരുടെ രോഷപ്രകടനത്തിനെ തുടര്‍ന്ന് മെസിക്കൊപ്പമുള്ള പ്രത്യേക പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയ്ക്കും മുഖ്യമന്ത്രി മമത ബാനര്‍ജിക്കും അതിന് സാധിച്ചില്ല.

'ഇവിടെ, ഒരു ഗ്ലാസ് ശീതളപാനീയത്തിന് 150-200 രൂപ വിലവരും, എന്നിട്ടും ഞങ്ങള്‍ക്ക് മെസ്സിയെ ഒരു നോക്ക് കാണാന്‍ പോലും കഴിഞ്ഞില്ല. ആളുകള്‍ ഒരു മാസത്തെ ശമ്പളം ചെലവഴിച്ച് അദ്ദേഹത്തെ കാണാന്‍ വന്നത്. ടിക്കറ്റിനായി ഞാന്‍ 5,000 രൂപ നല്‍കി, എന്റെ മകനോടൊപ്പം വന്നത് മെസിയെ കാണാന്‍ വേണ്ടിയാണ്. മാനേജ്മെന്റാണ് കുറ്റക്കാര്‍. കുടിവെള്ളം പോലും ലഭ്യമല്ലായിരുന്നു,'- മെസി ആരാധകരനായ അജയ് ഷാ പിടിഐയോട് പറഞ്ഞു.

Lionel Messi's Kolkata visit turns 'Messy': Fans throw bottles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുത്തുകാട്ടി യുഡിഎഫ്, എല്‍ഡിഎഫിന് ആശ്വസിക്കാവുന്നത് ജില്ലാ പഞ്ചായത്തുകളില്‍ മാത്രം

377 എടുത്തു, വെറും 61ന് ഓൾ ഔട്ടാക്കി! അണ്ടർ 19 വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

മാധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

വിജയ് മർച്ചൻ്റ് ട്രോഫി; കേരളത്തിനെതിരെ മുംബൈയ്ക്ക് ലീഡ്

SCROLL FOR NEXT