ലണ്ടന്‍: ഒടുവില്‍ മൈക്കല്‍ കാരിക്കിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ രക്ഷിക്കാനായില്ല. അനിവാര്യമായ വിധി അദ്ദേഹത്തേയും തേടിയെത്തി. കാരിക്കിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുഖ്യ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് റെലഗേഷന്‍ സോണിലാണ്. ചാംപ്യന്‍സ് ലീഗിലും വലിയ മുന്നേറ്റമില്ല. ഇതോടെയാണ് സീസണിലെ മോശം ഫോമിന്റെ പേരില്‍ കാരിക്കിന്റേയും പണി തെറിച്ചത്. മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡും കാരിക്കിന്റെ പേരിലായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒറ്റ കലണ്ടര്‍ വര്‍ഷം പുറത്താക്കുന്ന രണ്ടാമത്തെ സ്ഥിരം പരിശീലകനാണ് കാരിക്ക്. ഈ വര്‍ഷം ജനുവരിയില്‍ അവര്‍ റുബന്‍ അമോറിമിനെ പുറത്താക്കിയിരുന്നു.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മൈക്കല്‍ കാരിക്ക് മാഞ്ചസ്റ്ററിന്റെ ട്രെയിനിങ് ഗ്രൗണ്ടില്‍ എത്തി താരങ്ങളെ പരിശീലിപ്പിച്ചിരുന്നു. വ്യാഴാഴ്ച അദ്ദേഹം പരിശീനത്തിനായി എത്തിയപ്പോഴാണ് കോച്ച് സ്ഥാനത്തു നിന്നു പുറത്താക്കിയ വിവരം അറിഞ്ഞത്. ക്ലബ് ഉടമകള്‍ മൊണാക്കോയില്‍ വച്ച് യോഗം ചേര്‍ന്നാണ് കാരിക്കിനെ പുറത്താക്കാന്‍ തീരുമാനിച്ചത്.
പകരക്കാരനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സജീവമായി പരിഗണിക്കുന്നത് മുന്‍ ടോട്ടനം ഹോട്‌സ്പര്‍, പിഎസ്ജി പരിശീലകനും നിലവില്‍ യുഎസ്എ ദേശീയ ടീമിന്റെ കോച്ചുമായ മൗറീസിയോ പൊചെറ്റിനോയെയാണ്. അദ്ദേഹം വരുമോ എന്നതു സംബന്ധിച്ച് നിലവില്‍ സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളൊന്നും വന്നിട്ടില്ല. എങ്കിലും സാധ്യത കൂടുതല്‍ പൊചെറ്റിനോയ്ക്ക് തന്നെ.
കഴിഞ്ഞ സീസണില്‍ റുബന്‍ അമോറിമിനു കീഴില്‍ സമാന തകര്‍ച്ച നേരിട്ടപ്പോഴാണ് മുന്‍ മാഞ്ചസ്റ്റര്‍ ഇതിഹാസം കൂടിയായ കാരിക്കിനെ കെയര്‍ടേക്കറായി നിയമിച്ചത്. അദ്ദേഹത്തിനു കീഴില്‍ കഴിഞ്ഞ സീസണിലെ ശേഷിച്ച മത്സരങ്ങളില്‍ ടീം മികവ് പുലര്‍ത്തി. നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചാംപ്യന്‍സ് ലീഗ് ബര്‍ത്തും സ്വന്തമാക്കി. ഇതോടെ കാരിക്കിനെ സ്ഥിരം പരിശീലകനായി മെയ് മാസത്തില്‍ നിയമിച്ചു.
എന്നാല്‍ ഈ സീസണിന്റെ തുടക്കം മുതല്‍ വീണ്ടും ടീമിന്റെ പ്രകടനം പിന്നാക്കം പോയി. പ്രീമിയര്‍ ലീഗില്‍ 10 കളിയില്‍ ഒരു കളി മാത്രമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയിച്ചത്. 5 സമനിലയും 4 തോല്‍വിയുമായി പട്ടികയില്‍ അവര്‍ 18ാം സ്ഥാനത്താണ്. അതായത് തരംതാഴ്ത്തല്‍ സോണിലാണ് ടീം നില്‍ക്കുന്നത്. സമീപകാലത്തൊന്നും ഇത്രയും തകര്‍ച്ച മുന്‍ ചാംപ്യന്‍മാര്‍ പ്രീമിയര്‍ ലീഗില്‍ നേരിട്ടിട്ടില്ല. സീസണില്‍ എല്ലാ മത്സരങ്ങളിലുമായി 3 ജയം മാത്രമേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനുള്ളു.
അതേസമയം സീനിയര്‍ താരങ്ങളും ക്ലബ് അധികൃതരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് കാരിക്കിന്റെ പടിയിറക്കം. 2013ല്‍ ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ തന്റെ 27 വര്‍ഷം നീണ്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കാലത്തിനു തിരശ്ശീലയിട്ട് പടിയിറങ്ങിയ ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരീക്ഷിച്ച എട്ടാമത്തെ സ്ഥിരം മാനേജരാണ് കാരിക്ക്. മറ്റ് പല സ്ഥിരം കോച്ചുമാരേയും പുറത്താക്കിയ ഘട്ടത്തിലെല്ലാം ടീമിന്റെ കെയര്‍ ടേക്കറായ വന്നിട്ടുള്ള ആളും കാരിക്കാണ്. എന്നാല്‍ സ്ഥിരപ്പെടുത്തിയപ്പോള്‍ കാരിക്കിന്റെ തന്ത്രങ്ങളും പരാജയപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates