മാനുവല്‍ ഫ്രെഡറിക്  
Sports

മാനുവല്‍ ഫ്രെഡറിക് കേരളത്തിന്റെ ധ്യാന്‍ചന്ദ്, വിടപറഞ്ഞത് കണ്ണൂരിന്റെ ഒളിംപ്യന്‍

കേരളത്തെ സംബന്ധിച്ച് കായിക ചരിത്രത്തില്‍ നാളിത് വരെ ലഭിച്ചിട്ടുള്ളത് മൂന്ന് ഒളിംപിക്‌സ് മെഡലുകളാണ്. മാനുവല്‍ ഫ്രെഡറിക്കും പി ആര്‍ ശ്രീജേഷുമായിരുന്നു ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഹോക്കി താരം മാനുവല്‍ ഫ്രെഡറിക് വിടവാങ്ങുമ്പോള്‍ രാജ്യത്തിന് നഷ്ടമാകുന്നത് ഇന്ത്യന്‍ ഹോക്കിക്ക് സ്വപ്നചിറകുകള്‍ നല്‍കിയ ഒളിംപ്യനെ. കേരളത്തെ സംബന്ധിച്ച് കായിക ചരിത്രത്തില്‍ നാളിത് വരെ ലഭിച്ചിട്ടുള്ളത് മൂന്ന് ഒളിംപിക്‌സ് മെഡലുകളാണ്. മാനുവല്‍ ഫ്രെഡറിക്കും പി ആര്‍ ശ്രീജേഷുമായിരുന്നു ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍. രാജ്യത്തിനായി ഹോക്കിയില്‍ ഗോള്‍ കീപ്പര്‍ വേഷമണിഞ്ഞായിരുന്നു ഈ നേട്ടങ്ങള്‍. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഒളിംപിക്‌സുകളില്‍ രക്ഷാകവചം തീര്‍ത്തതും മലയാളി ആയിരുന്നു.

1972-ലെ മ്യൂണിക്ക് ഒളിംപിക്‌സിലാണ് കേരളത്തിന് ആദ്യമായി ഒളിംപിക് മെഡല്‍ ലഭിക്കുന്നത്. ഇന്ത്യ വെങ്കല മെഡല്‍ നേടിയിരുന്ന ആ ഒളിംപിക്‌സില്‍ കളിച്ച 6 കളികളില്‍ നിന്ന് എട്ട് ഗോളുകള്‍ മാത്രം വഴങ്ങിയാണ് മാനുവല്‍ ഫ്രെഡറിക് മികച്ചപ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ വെങ്കല മെഡല്‍ നേടിയിരുന്ന ടീമിലെ ഏഴ് പേര്‍ക്കും അര്‍ജ്ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചപ്പോള്‍ ഏറ്റവും മികച്ച പ്രകടനത്തിലൂടെ നമ്മുടെ രാജ്യത്തിന് വെങ്കല മെഡല്‍ നേടി തരുന്നതില്‍ പ്രധാന പങ്ക് വഹിച്ച മാനുവല്‍ ഫ്രെഡറിക്‌സിനെ തഴഞ്ഞു. അന്ന് താരത്തിനായി വാദിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

ഒരു ഒളിംപിക്‌സിലും, രണ്ട് ലോകകപ്പിലും, നിരവധി രാജ്യാന്തര മത്സരങ്ങളിലുമായി എട്ട് വര്‍ഷങ്ങളോളം ഇന്ത്യയ്ക്ക് വേണ്ടി ജഴ്‌സിയണിഞ്ഞ താരമാണ് മാനുവല്‍ ഫ്രെഡറിക്. 1972-ലെ മ്യൂണിക്ക് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍, 1973-ലെ ഹോളണ്ട് ലോകകപ്പ് ചാംപ്യന്‍ഷിപ്പിലെ വെളളി, 1978-ല്‍ അര്‍ജന്റീനയില്‍ നടന്ന ലോക കപ്പ് മത്സരത്തില്‍ നാലാം സ്ഥാനവും തുടങ്ങി ഇന്ത്യയുടെ മികച്ച പ്രകടനങ്ങള്‍ മാനുവല്‍ ഫ്രെഡറിക്കിന്റെ മാന്ത്രിക സേവിലൂടെയായിരുന്നു. എട്ട് തവണ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ വിജയിപ്പിച്ച് കിരീട നേട്ടത്തിലെത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച താരമാണ് മാനുവല്‍. ഈ അതുല്യ പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുവാന്‍ രാജ്യത്തിനോ, ഒരു പരിധി വരെ കേരളത്തിനും സാധിച്ചില്ല.

ഹോക്കിയും ജീവിതവും

1961 ല്‍ കണ്ണൂര്‍ സെന്റ് മൈക്കിള്‍ ആംഗ്‌ളോ ഇന്ത്യന്‍ സ്‌കൂളി ലെ പഠന ശേഷം ബാംഗ്ലൂരിലെ ആര്‍മി സ്‌കൂളില്‍ പ്രവേശനം നേടിയിരുന്ന മാനുവല്‍ സര്‍,1965-ല്‍ എ എസ് -യിലൂടെ ഇന്ത്യന്‍ പട്ടാളത്തിലെത്തി. സര്‍വ്വീസസിന് വേണ്ടി നിരവധി കളികള്‍ കളിച്ചിട്ടുള്ള അദ്ദേഹം , മോഹന്‍ ബഗാന്‍ ടീമിന് വേണ്ടിയും,ബോംബെയ്ക്ക് വേണ്ടിയും കുറച്ച് നാള്‍ പാഡ് അണിഞ്ഞിട്ടുണ്ട്. ഗോള്‍ കീപ്പര്‍ എന്ന നിലയി ലുള്ള അദ്ദേഹത്തിന്റെ ചലനങ്ങള്‍ മിന്നല്‍ വേഗത യില്‍ ആയതിനാല്‍,'ദാദ ' 'ടൈഗര്‍ ', 'ഗോസ്റ്റ് ', എന്നി ങ്ങനെ സ്‌നേഹപൂര്‍വ്വം കായിക പ്രേമികള്‍ നല്‍കിയ പേരുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷം ബാംഗ്ലൂരില്‍ സ്ഥിര താമസ മാക്കിയ അദ്ദേഹം നിരവധി കുട്ടികള്‍ക്ക് നിത്യേന ഹോക്കി പരിശീലനം നല്‍കിക്കൊണ്ടിരുന്നു. ജന്മനാടായ കണ്ണൂരില്‍ നിന്ന് മാറി ബാംഗ്ലൂരില്‍ അദ്ദേഹത്തിന് സ്ഥിര താമസമാക്കേണ്ടി വന്നു. സാമ്പത്തിക പരാധീനത അനുഭവിച്ച് കൊണ്ടിരുന്ന അദ്ദേഹത്തിന് 2019 ലാണ് ധ്യാന്‍ചന്ദ് അവാര്‍ഡ് ഇന്ത്യ രാജ്യം നല്‍കുന്നത്! അതും എട്ട് തവണ അപേക്ഷ തിരസ്‌കരിച്ചതിന് ശേഷം ഒന്‍പതാം തവണയായിരു രുന്നു അദ്ദേഹത്തിന് ധ്യാന്‍ ചന്ദ് പുരസ്‌കാരം നല്‍കിയിരുന്നത്. ഇന്നത്തെ കാലത്തെ അത്യാധുനിക സൗകര്യങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ലാത്ത കാലത്ത് ഹെല്‍മറ്റ് പോലും ഉപയോഗിക്കാതെ യായിരുന്നു അദ്ദേഹം ഗോള്‍ പോസ്റ്റില്‍ രക്ഷാ കവചം തീര്‍ത്തിരുന്നത്.

മ്യൂണിക്ക് ഒളിംപിക്‌സില്‍ ആറ് മത്സരങ്ങളില്‍,എട്ട് ഗോളുകള്‍ മാത്രമായിരുന്നു ഇന്ത്യ വഴങ്ങിയിരുന്നത് . 'ഒരു ഡിഫന്‍ഡര്‍ക്ക് പിഴച്ചാല്‍, മറ്റൊരാള്‍ ആ സ്ഥാനം ഏറ്റെടുക്കും . എന്നാല്‍,ഗോള്‍ കീപ്പര്‍ക്ക് പിഴച്ചാലോ അത് ഗോളായി മാറും'. പരാജയമെന്നത് മരണത്തേക്കാള്‍ ഭയാനകമായാണ് താന്‍ കാണുന്നത് എന്ന, ധീരമായ നിലപാടുകളാണ് മാനുവല്‍ഫ്രെഡറിക്‌സ് ജീവിതത്തില്‍ പകര്‍ത്തിയിട്ടുള്ളത്. 1979-ല്‍ ഈ ലോകത്തോട് വിട പറഞ്ഞ് 46 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ഇന്നും ലോക ഹോക്കി മാന്ത്രികനായി അറിയപ്പെട്ട് വരുന്ന ഇന്ത്യന്‍ ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദ് മ്യൂണിക്ക് ഒളിംപിക്‌സിലെ മാസ്മരിക പ്രകടനത്തിന് ശേഷം മാനുവലിന്റെ ന്റെ ധീരമായ പ്രകടനത്തെ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.

ഹോക്കിയിലെ തുല്യ ശക്തികളായ ഇന്ത്യയും, പാകിസ്ഥാനും തമ്മില്‍ 1977-ല്‍ ലാഹോറില്‍ വെച്ച് നടന്ന പരമ്പര മത്സരത്തിലെ ഒരു കളിയില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചിരുന്ന മാനുവലെന്ന അതുല്യതാരത്തിന്റെ സാഹസിക പ്രകടനത്തിന് ഒരു പ്രത്യേക ഉപഹാരം പാകിസ്ഥാന്‍ നല്‍കിയിരുന്നു. പരമ്പരയിലെ ഒരു കളിയില്‍, പാകിസ്ഥാന്റെ മധ്യനിര മുന്നേറ്റ താരമായിരുന്ന ഹനീഫ് ഖാന്‍ വെടിയുണ്ട പോലെ ഗോള്‍ പോസ്റ്റിലേക്ക് തൊടുത്തു വിട്ട പന്ത്, സ്റ്റിക്ക് ഉയര്‍ത്തുവാന്‍ പോലും സമയമെടുക്കാതെ , തന്റെ നെറ്റിത്തടം കൊണ്ട് പ്രസ്തുത ഷോട്ട് തടഞ്ഞത് ശ്വാസമടക്കി പിടിച്ചാണ് ആയിരക്കണക്കായ പാകിസ്ഥാന്‍ കാണികള്‍ വീക്ഷിച്ചിരുന്നത്. പരമ്പര ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നെങ്കിലും, മാനുവല്‍ ഫ്രെഡറിക്‌സ് എന്ന സാഹസികന്റെ ധീരോദാത്തമായ പ്രകടനത്തിനാണ് അന്ന് ലാഹോര്‍ സാക്ഷ്യം വഹിച്ചിരുന്നത് ! അദ്ദേഹത്തിന്റെനെറ്റിയില്‍ ഇപ്പോഴും ആയതിന്റെ മുഴ കാണാം.

ടൈ - ബ്രേക്കറുകളില്‍ മികച്ച സേവ് നടത്തി 16 ദേശീയ ചാംപ്യന്‍ഷിപ്പുകള്‍ നേടിയ ഖ്യാതി മാനവലിന് മാത്രം അവകാശപ്പെട്ടതാണ്. നിശ്ചയദാര്‍ഢ്യവും, ഇച്ഛാശക്തിയും , ജീവിത വ്രതമായി ഏറ്റെടുത്ത അദ്ദേഹം പരാജയപ്പെട്ടത് പണം സമ്പാദിക്കുന്ന കാര്യത്തിലായിരുന്നു . മിലിട്ടറി പെന്‍ഷനും,കേന്ദ്ര സര്‍ക്കാരിന്റെ ചെറിയ സ്‌പോര്‍ട്‌സ് പെന്‍ഷനും മാത്രമായിരുന്നു വരുമാനം. ബാംഗ്ലൂരില്‍ ആദ്യകാലത്ത് വാടക വീട്ടി ലായിരുന്നു കഴിഞ്ഞിരുന്നത് .

2007-ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ കണ്ണൂര്‍ പയ്യാമ്പലത്ത് 5 സെന്റ് സ്ഥലം അനുവദിച്ചുവെങ്കിലും, 2019 - ല്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ സ്‌പോര്‍ട്‌സ് മന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍ പ്രത്യേക താത്പര്യമെടുത്ത് 40 ലക്ഷത്തോളം രൂപ ചെലവില്‍ മനോഹരമായ വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു. എന്നാല്‍ , 2019 - ല്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് ലഭിച്ചപ്പോള്‍ കൂടെ ലഭിച്ചിരുന്ന 5 ലക്ഷം രൂപയും , പിന്നീട് 2021-ല്‍ പിആര്‍ ശ്രീജേഷ് ഒളിംപിക്‌സ് വെങ്കല മെഡല്‍നേടിയിരുന്നപ്പോള്‍ വ്യവസായ പ്രമുഖനായ എം.എ.യൂസഫലിയുടെ മകളുടെ ഭര്‍ത്താവും , വ്യവസായിയുമായ ഡോ. ഷംഷീര്‍ വയലില്‍ ഒരു കോടി രൂപ പാരിതോഷിക മായി ശ്രീജേഷിന് നല്‍കുവാനായി നിയോഗിച്ചിരുന്നത് മാനുവലിനെയായിരുന്നു. ഒരു കോടിയുടെ ചെക്ക് ശ്രീജേഷിന് അദ്ദേഹംസമ്മാനിച്ചപ്പോള്‍, ഡോ.ഷംഷീര്‍ വയലിന്റെ വകയായി 10 ലക്ഷം രൂപ യുടെ ചെക്ക് അദ്ദേഹത്തിനും ലഭിച്ചു . അങ്ങനെ ആകെ 15 ലക്ഷം രൂപ മാത്രമാണ് വലിയ പാരിതോഷികമായി ജീവിതത്തില്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.

കണ്ണൂരില്‍ നിന്നും ഇന്ത്യന്‍ കായികലോകത്തേക്ക് വളര്‍ന്നു വന്ന ഒളിംപ്യനായ മാനുവല്‍ ഫ്രെഡറിക് കഴിഞ്ഞ കുറെക്കാലമായി ബംഗ്‌ളൂരിലാണ് താമസിച്ചു വരുന്നത്. ഏറെക്കാലമായി അര്‍ബുദ ബാധിതനാണ്. രോഗം നാലാം ഘട്ടത്തിലേക്ക് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അന്ത്യം. ബാംഗ്ലൂരിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയില്‍ ഇന്ന് രാവിലെ ഒന്‍പതിനായിരുന്നു അന്ത്യം. ഭാര്യ: പരേതയായ ശീതള മക്കള്‍: ഫ്രെഷിന പ്രവീണ്‍ (ബംഗളൂര്‍ ) ടിനു തോമസ് ( മുംബൈ) സഹോദരങ്ങള്‍: മേരി ജോണ്‍, സ്റ്റീഫന്‍ വാ വോര്‍, പാട്രിക് വാവോര്‍, ലത, സൗദാമിനി

കേരളത്തിന്റെ ഒളിംപിക് മെഡല്‍

കേരളത്തിന്റെ കായിക ചരിത്രത്തില്‍ നാളിത് വരെ ലഭിച്ചിട്ടുള്ളത് മൂന്ന് ഒളിംപിക്‌സ് മെഡലുകളാണ്. നാളിത് വരെ 50ലേറെ കായിക താരങ്ങള്‍ കേരളത്തെ പ്രതിനിധീകരിച്ച് വിവിധ ഒളിംപിക്‌സുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും, ഹോക്കി ഗോള്‍ കീപ്പര്‍ മാരായി രാജ്യത്തിന് വേണ്ടി രക്ഷാകവചം തീര്‍ത്തിരുന്ന മാനുവല്‍ ഫ്രെഡറിക്കിലൂടെ ഒരു മെഡലും, പിആര്‍. ശ്രീജേഷിലൂടെ രണ്ട് മെഡലുകളും ഉള്‍പ്പെടെ മൂന്ന് വെങ്കല മെഡലുകള്‍ മാത്രമാണ് കായിക കേരളത്തിന്റെ കൈവശം നാള്‍ ഇതുവരെയുള്ളത്.

1972-ലെ മ്യൂണിക്ക് ഒളിംപിക്‌സിലാണ് കേരളത്തിന് ആദ്യമായി ഒളിംപിക് മെഡല്‍ ലഭിക്കുന്നത്. ഇന്ത്യ വെങ്കല മെഡല്‍ നേടിയിരുന്ന ആ ഒളിംപിക്‌സില്‍ കളിച്ച 6 കളികളില്‍ നിന്ന് എട്ട് ഗോളുകള്‍ മാത്രം വഴങ്ങിയാണ് മാനുവല്‍ ഫ്രെഡറിക് മികച്ചപ്രകടനം കാഴ്ചവെച്ചത്. 1972ന് ശേഷം 49 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം, 2021ല്‍ മാത്രമാണ് നമ്മുടെ കേരളത്തിന് രണ്ടാമത് ഒരു മെഡല്‍ കൂടി വന്ന് ചേരുന്നത് .അതും ഹോക്കിയിലൂടെ തന്നെ 2021 ഒളിംപിക്‌സില്‍ ഹോക്കിയില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയപ്പോള്‍ ഗോള്‍ കീപ്പറായിരുന്നത് മലയാളിയായ പി.ആര്‍. ശ്രീജേഷായിരുന്നു. വീണ്ടും 2024 ഒളിമ്പിക്‌സില്‍ ഇന്ത്യ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയിരുന്നപ്പോള്‍,പി.ആര്‍ ശ്രീജേഷ് തന്നെയായിരുന്നു ഗോള്‍ കീപ്പര്‍ .അങ്ങനെ ഒളിമ്പിക് സുകളില്‍ കേരളത്തിന് ഇത് വരെ ലഭിച്ചിട്ടുള്ളത് ആകെ 3 മെഡലുകള്‍ മാത്രമാണ്.

Manuel Frederick, Kerala's Dhyan Chand, Kannur's Olympian, bids farewell

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT