ഡര്‍ബന്‍: ഐതിഹാസിക ടെസ്റ്റ് സെഞ്ച്വറിക്ക് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം. ഓസ്‌ട്രേലിയന്‍ താരം മാറ്റ് റെന്‍ഷോയാണ് സമീപ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് കണ്ട അവിസ്മരണീയ ബാറ്റിങിന്റെ അമരക്കാരന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് റെന്‍ഷോ നടത്തിയ പോരാട്ടം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്നതായി മാറി.
ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ അഞ്ചാം സ്ഥാനത്ത് ബാറ്റിങിന് ഇറങ്ങിയ റെന്‍ഷോ രണ്ടാം ദിനത്തില്‍ അവസാന ബാറ്ററായാണ് കളം വിട്ടത്. 397 പന്തുകള്‍ നേരിട്ട് 21 ഫോറും ഒരു സിക്‌സും സഹിതം 190 റണ്‍സാണ് താരം അടിച്ചെടുത്തത്. താരത്തിന്റെ ബാറ്റിങ് മികവില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 390 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഒരു ഘട്ടത്തില്‍ 124 റണ്‍സിനിടെ 6 വിക്കറ്റ് നഷ്ടത്തില്‍ പരുങ്ങിയ ഓസ്‌ട്രേലിയയെ റെന്‍ഷോയുടെ ഇന്നിങ്‌സ് 390 റണ്‍സെന്ന മികച്ച സ്‌കോറില്‍ എത്തിക്കുകയായിരുന്നു.
റെന്‍ഷോ നേടുന്ന രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. മാത്രമല്ല താരത്തിന്റെ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുമാണിത്. 2017ല്‍ ടെസ്റ്റില്‍ അരങ്ങേറിയ താരം ആ വര്‍ഷം പാകിസ്ഥാനെതിരെ 184 റണ്‍സ് അടിച്ച് തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ പിന്നീടൊരിക്കിലും താരത്തിന് വ്യക്തിഗത സ്‌കോര്‍ മൂന്നക്കത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. എന്നാല്‍ 9 വര്‍ഷങ്ങള്‍ക്കു ശേഷം അവിസ്മരണീയ ബാറ്റിങാണ് താരം ഡര്‍ബനില്‍ പുറത്തെടുത്തത്.
മത്സരത്തില്‍ ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ വന്‍ തകര്‍ച്ചയാണ് ആദ്യ ദിനത്തില്‍ ഓസീസിനു നേരിടേണ്ടി വന്നത്. 84 റണ്‍സിനിടെ 4 വിക്കറ്റും 124 റണ്‍സിനിടെ 6 വിക്കറ്റും നഷ്ടമായി 200 പോലും കടക്കില്ലെന്നു തോന്നിച്ച ഓസീസ് സ്‌കോര്‍ 390 റണ്‍സില്‍ എത്താന്‍ കാരണം റെന്‍ഷോ വാലറ്റത്തെ കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമാണ്.
മത്സരത്തില്‍ ആദ്യം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനേയും (98 പന്തില്‍ 43), പിന്നീട് നതാന്‍ ലിയോണിനേയും (92 പന്തില്‍ 27) കൂട്ടുപിടിച്ചാണ് റെന്‍ഷോ പോരാട്ടം നയിച്ചത്. കമ്മിന്‍സിനൊപ്പം 86 റണ്‍സും ലിയോണിനൊപ്പം 134 റണ്‍സും റെന്‍ഷോ ബോര്‍ഡില്‍ ചേര്‍ത്തു. 230 റണ്‍സില്‍ എത്തുമ്പോഴേക്കും ഓസീസിന് 8ാം വിക്കറ്റും നഷ്ടമായിരുന്നു. പിന്നീടാണ് ലിയോണിനൊപ്പം ചേര്‍ന്ന് റെന്‍ഷോ സ്‌കോര്‍ അതിവേഗം മുന്നോട്ടു നീക്കിയത്.
നിക്ക് മാഡിന്‍സന്‍ (0), ട്രാവിസ് ഹെഡ് (9), മര്‍നസ് ലാബുഷെയ്ന്‍ (37), സ്റ്റീവ് സ്മിത്ത് (25), അലക്‌സ് കാരി (14), ബ്യു വെബ്സ്റ്റര്‍ (4), മിച്ചല്‍ സ്റ്റാര്‍ക്ക് (6) എന്നിവരാണ് പുറത്തായ മറ്റ് ഓസീസ് ബാറ്റര്‍മാര്‍. ജോഷ് ഹെയ്‌സല്‍വുഡ് 5 റണ്‍സുമായി പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ യാന്‍സന്‍ 3 വിക്കറ്റും വിയാന്‍ മള്‍ഡര്‍ 4 വിക്കറ്റും ആന്റിച് നോര്‍ക്യ 2 വിക്കറ്റും വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് സിമോണ്‍ ഹാര്‍മറിന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates