അഹമ്മദാബാദ്: മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ പോരാട്ടത്തിൽ വെറും 100 റൺസിന് ഓൾ ഔട്ടായി ഗുജറാത്ത് ടൈറ്റൻസ് 99 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. ഈ രീതിയിൽ പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ് ഗുജറാത്ത് ടൈറ്റൻസ് ബാറ്റിങ് പരിശീലകൻ മാത്യു ഹെയ്ഡൻ. ഭയാനകമായ ദിവസം എന്നാണ് തോൽവിയെക്കുറിച്ച് ഹെയ്ഡൻ ഒറ്റ വാക്കിൽ പറഞ്ഞത്. ടീമിന്റെ ബാറ്റിങ് പ്രകടനം തനിക്ക് അംഗീകരിക്കാൻ സാധിക്കുന്ന തരത്തിലല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
'തോൽവി ഭാരം കുറയുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. ബാറ്റിങ് യൂണിറ്റിനെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത സ്കോർ കാർഡാണ്. പവർ പ്ലേയിൽ തന്നെ മത്സരം കൈവിട്ടിരുന്നു. ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ലർ തുടങ്ങിയ പ്രതിഭകൾ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും അടിത്തറയിടുന്നതിൽ അവരെല്ലാം പരാജയപ്പെട്ടു. പവർപ്ലേയിൽ നിങ്ങൾക്ക് കളി ജയിക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ ഉറപ്പായും തോൽക്കാൻ സാധിക്കും ടീം അവിടെയാണ് പരാജയപ്പെട്ടത്.'
'രാഹുൽ തേവാടിയ, ഷാരൂഖ് ഖാൻ, ഗ്ലെൻ ഫിലിപ്സ് എന്നിവർക്ക് അവരുടെ ശൈലിക്ക് ചേരാത്ത വേഷങ്ങൾ കെട്ടേണ്ടി വന്നു. ഇത്രയധികം പന്തുകൾ നേരിടുക എന്നത് അവരുടെ ജോലിയല്ല. അതിനല്ല അവർ പരിശീലനം നേടുന്നത്.'
ബാറ്റിങ് നിരയ്ക്കൊപ്പം തന്നെ ബൗളിങ് നിരയുടെ പ്രകടനത്തേയും ഹെയ്ഡൻ വിമർശിച്ചു. ബൗളിങ് നിര മോശം രീതിയിലാണ് മുംബൈ ഇന്നിങ്സ് ഫിനിഷ് ചെയ്തതെന്നു ഹെയ്ഡൻ ചൂണ്ടിക്കാട്ടി.
'44/ 3 എന്ന നിലയിൽ നിന്നു മുംബൈ ഇന്ത്യൻസ് 199/ 5 ലേക്ക് എത്തിയത് അവസാന നാല് ഓവറിൽ 73 റൺസ് വഴങ്ങിയത് കൊണ്ടാണ്. അപ്പോൾ ഒരു ഹൊറർ സ്റ്റോറി പോലെയൊരു സംഭവം അരങ്ങേറിയെന്നാണ് ഹെയ്ഡൻ തകർച്ചയെ വീശേഷിപ്പിച്ചത്.'
'ലോകോത്തര താരങ്ങൾ എന്ന നിലയിൽ അവസാന നാല് ഓവറിൽ 73 റൺസ് നൽകുന്നത് അംഗീകരിക്കാനാവില്ല. ഇത് പൂർണമായും നടപ്പിലാക്കലിലെ പാകപ്പിഴയാണ്. 175 റൺസ് മാത്രം പിറക്കേണ്ട ഒരു പിച്ചിലാണ് ഇത്രയധികം റൺസ് വഴങ്ങിയതെന്നു ആലോചിക്കണം.'
'പേരിന് പ്രസക്തിയില്ല. പ്രകടനത്തിനാണ് മുൻഗണന. പേപ്പറിൽ ശക്തമായ ബാറ്റിങ് നിര ഉണ്ടെങ്കിലും അത് കളിക്കളത്തിൽ കാണിച്ചില്ലെങ്കിൽ എന്തു പ്രയോജനം. മികച്ച കളിക്കാർ അവസരങ്ങൾക്കനുസരിച്ച് ഉയർന്ന മനോഭാവത്തോടെ കളിക്കണം. 20 ഓവർ മത്സരത്തിൽ 100 റൺസിന്റെ തോൽവി നേരിട്ടാൽ അതാലോചിച്ച് ആർക്കും സന്തോഷിച്ചിരിക്കാൻ കഴിയില്ലല്ലോ. ആ ഘട്ടത്തിൽ, ഒരു ബാറ്റിങ് കോച്ച് എന്ന നിലയിൽ കപ്പൽ മുങ്ങുമ്പോൾ പായമരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന അനുഭവമാണ് എനിക്കുണ്ടായത്'- ഹെയ്ഡൻ തുറന്നടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates