

അഹമ്മദാബാദ്: മുൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ പരിക്കു മാറി നെറ്റ്സിൽ പരിശീലനം നടത്തുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പരിക്കു മാറി രോഹിത് ടീമിനൊപ്പം കളിക്കാനിറങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ പോരാട്ടത്തിൽ അദ്ദേഹം ഇംപ്കാട് പ്ലെയർ ആയിപ്പോലും ടീമിലുണ്ടായിരുന്നില്ല. കളത്തിലില്ലെങ്കിലും രോഹിത് ശർമ ഡഗൗട്ടിലിരുന്നും തന്ത്രങ്ങൾ മെനയാറുണ്ട്. കഴിഞ്ഞ സീസണിൽ അതു ആരാധകർ കണ്ടിട്ടുമുണ്ട്. ഇന്നലെ അത്തരമൊരു നിമിഷത്തിനു ആരാധകർ വീണ്ടും സാക്ഷികളായി.
പരിക്കു കാരണം കളിക്കളത്തിൽ ബാറ്റിങിനു ഇറങ്ങാൻ രോഹിതിനു സാധിച്ചില്ലെങ്കിലും ടീമിലെ പരിചയസമ്പന്നനായ താരം എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം അദ്ദേഹം മറന്നില്ല. മത്സരത്തിനിടയിലെ ഇടവേളയിൽ കളിക്കളത്തിലെത്തി ടീമിന്റെ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് നിർദ്ദേശങ്ങൾ നൽകുന്ന രോഹിതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കുന്നത്.
ഗുജറാത്ത് ടൈറ്റൻസിനെതിരെ ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും തന്ത്രങ്ങൾ മെനയാൻ മൈതാനത്ത് കഠിനമായി പരിശ്രമിക്കുന്നതിനിടയിലാണ് ഇടവേള കിട്ടിയപ്പോൾ രോഹിത് മൈതാനത്തേക്ക് ഇറങ്ങി സൂര്യക്കു പ്രത്യേക നിർദ്ദേശങ്ങൾ നൽകിയത്. മത്സരത്തിനുള്ള ടീമിൽ അംഗമല്ലാതിരുന്നിട്ടും തന്റെ പ്ലാൻ പങ്കുവെക്കാതിരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. രോഹിതിന്റെ ഈ 'ക്യാപ്റ്റൻസി നിമിഷം' കണ്ട ആരാധകർ അദ്ദേഹത്തിന്റെ ടീമിനോടുള്ള ആത്മാർത്ഥതയ്ക്കു കൈയടിക്കുകയാണ്.
സീസണിൽ ആദ്യ മത്സരം തന്നെ ജയിച്ചു തുടങ്ങിയ മുംബൈ പിന്നീട് തുടരെ നാല് മത്സരങ്ങൾ തോറ്റ് നിരാശയുടെ പടുകുഴിയിലായിരുന്നു. ജയം അനിവാര്യമായ പോരിൽ അവർ ഗുജറാത്തിനെ തകർത്തു. ആദ്യം ബാറ്റ് ചെയ്തു 199 റൺസ് വാരിയ മുംബൈ ഗുജറാത്തിനെ വെറും 100 റൺസിൽ ഓൾ ഔട്ടാക്കി. 16 ഓവറിനുള്ളിൽ മുംബൈ മത്സരം തീർത്ത് തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates