Maxwell returns x
Sports

മാക്‌സ്‌വെല്‍ തിരിച്ചെത്തും; ജാക്ക് എഡ്വേര്‍ഡ്‌സ്, ബീര്‍ഡ്മാന്‍ പുതുമുഖങ്ങള്‍; അഴിച്ചു പണിത് ഓസീസ് ടീം

ഇന്ത്യക്കെതിരായ അവസാന ഏകദിനം, ടി20 പരമ്പര സ്‌ക്വാഡില്‍ മാറ്റം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഉറപ്പിച്ചതോടെ ടീമില്‍ വന്‍ അഴിച്ചുപണിയുമായി ഓസ്‌ട്രേലിയ. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തിനും ടി20 പരമ്പരയ്ക്കുമുള്ള ടീമുകളിലാണ് ഓസീസ് മാറ്റം വരുത്തിയത്. സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിനുള്ള ടീമിലേക്ക് പുതുമുഖം ജാക്ക് എഡ്വേര്‍ഡ്‌സിനെ ഉള്‍പ്പെടുത്തി. ഇതാദ്യമായാണ് താരത്തിനു ഓസീസ് സീനിയര്‍ ടീമിലേക്ക് വിളിയെത്തുന്നത്. പരിക്കേറ്റ് വിശ്രമിക്കുന്ന ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം പരിശീലനത്തിനിടെയാണ് മക്‌സ്‌വെല്ലിനു പരിക്കേറ്റത്. പരിക്കു മാറുന്ന മുറയ്ക്കു താരം ഓസീസ് ടീമിലെത്തും. അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലാണ് താരമുള്ളത്. ബെന്‍ ഡ്വാര്‍ഷുയിസും പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലാണ്. താരത്തെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലും ഉള്‍പ്പെടുത്തി.

ഇന്ത്യ എയ്‌ക്കെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ എ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തതാണ് ജാക്ക് എഡ്വേര്‍ഡ്‌സിനെ തുണച്ചത്. ഓസീസ് എ ടീമിനെ നയിച്ച താരം രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ താരം 88 റണ്‍സ് നേടിയിരുന്നു. പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ താരം 75 പന്തില്‍ 89 റണ്‍സ് നേടിയും തിളങ്ങി.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ 20കാരന്‍ മഹ്‌ലി ബീര്‍ഡ്മാനാണ് അപ്രതീക്ഷിത വിളിയെത്തിയ മറ്റൊരു താരം. താരത്തെ അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് വിളിച്ചത്. എ ടീമിനായും ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനങ്ങളുമാണ് ബീര്‍ഡ്മാനെ തുണച്ചത്.

ഏകദിന ടീമിലുണ്ടായിരുന്ന മര്‍നസ് ലാബുഷെയ്‌നെ ടീമില്‍ നിന്നു മാറ്റിയിട്ടുണ്ട്. താരം ക്വീന്‍സ്‌ലന്‍ഡിനായി ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തില്‍ ഇറങ്ങും. ആഷസ് പരമ്പര തുടങ്ങാനിരിക്കെയാണ് താരത്തെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനായി ഓസീസ് നിയോഗിച്ചത്.

പേസര്‍മാരായ ജോഷ് ഹെയ്‌സല്‍വുഡ്, സീന്‍ ആബട്ട് എന്നിവരും എല്ലാ ടി20 മത്സരങ്ങളും കളിക്കില്ല. ആദ്യ രണ്ട് മത്സരങ്ങളിലായിരിക്കും ഹെയ്‌സല്‍വുഡ് കളിക്കുക. ആദ്യ മൂന്ന് മത്സരങ്ങള്‍ക്കു ശേഷം ആബട്ടും ടീം വിടും. ഇരുവരും ഷെഫീല്‍ഡ് പോരാട്ടത്തിനായാണ് ടീമില്‍ നിന്നു ഒഴിവാകുന്നത്.

ഇന്ത്യക്കെതിരെ ആദ്യ ഏകദിന കളിച്ച സ്പിന്നര്‍ മാത്യു കുനെമന്‍ മൂന്നാം ഏകദിന ടീമിലേക്ക് തിരിച്ചെത്തും. രണ്ടാം പോരില്‍ ആദം സാംപ തിരിച്ചെത്തിയപ്പോള്‍ താരത്തിനു അവസരം കിട്ടിയിരുന്നില്ല. ആദ്യ മത്സരത്തില്‍ ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പിനെ ടി20 പരമ്പരയ്ക്കുള്ള ടീമിലും ഉള്‍പ്പെടുത്തി. രണ്ടാം ഏകദിനത്തില്‍ അലക്‌സ് കാരി തിരിച്ചെത്തിയതോടെ താരത്തെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിയിരുന്നു. മൂന്നാം ഏകദിന ടീമിലും താരമുണ്ട്.

മൂന്നാം ഏകദിനത്തിനുള്ള ഓസ്ട്രേലിയ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, അലക്‌സ് കാരി, കൂപ്പര്‍ കോണോലി, ജാക്ക് എഡ്വേര്‍ഡ്‌സ്, നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാറ്റ് റെന്‍ഷോ, മാത്യു ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.

ഓസ്ട്രേലിയ ടി20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സീന്‍ ആബട്ട് (ആദ്യ മൂന്ന് മത്സരങ്ങള്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മഹ്ലി ബീര്‍ഡ്മാന്‍ (അവസാന മൂന്ന് മത്സരങ്ങള്‍), ടിം ഡേവിഡ്, ബെന്‍ ഡ്വാര്‍ഷുയിസ് (അവസാന രണ്ട് മത്സരങ്ങള്‍), നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ് (ആദ്യ രണ്ട് മത്സരങ്ങള്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.

Maxwell returns: Cricket Australia confirmed a host of changes in the squads for the third ODI and the five-match T20I series against India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹര്‍ജി നല്‍കി

കത്രിക വെക്കലുകള്‍ക്ക് കേരളം വഴങ്ങില്ല; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനും സോണിയക്കും ആശ്വാസം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'പാട്ടില്‍ നിന്ന് അയ്യപ്പന്റെ പേര് നീക്കണം, പിന്നില്‍ ആരാണെന്ന് കണ്ടെത്തണം'; പരാതിക്കാരന്‍ പറയുന്നു

'മനസിലാക്കേണ്ടത് ലീഗുകാര്‍ തന്നെയാണ്; ആണ്‍ - പെണ്‍കൊടിമാര്‍ ഇടകലര്‍ന്ന് നൃത്തം ചവിട്ടിയാലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല'

SCROLL FOR NEXT